പ്രവാസിഭൂമിയില്‍ കൃഷിക്കു പിഒടി പദ്ധതിയുമായി സഹകരണവകുപ്പ്‌; 12നു പത്തനംതിട്ടയില്‍ തുടക്കം

Moonamvazhi

കേരളത്തിലെ പ്രവാസികളുടെ ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമിയില്‍ ഉയര്‍ന്നമൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചര്‍വിളകളുടെ വാണിജ്യക്കൃഷി ആരംഭിക്കാന്‍ സഹകരണവകുപ്പു പദ്ധതി. വളര്‍ത്തി നടത്തി കൈമാറുക (പ്ലാന്റ്‌ ഓപ്പറേറ്റ്‌ ആന്റ്‌ ട്രാന്‍സ്‌ഫര്‍ – പിഒടി) മാതൃകയില്‍ പ്രവാസികളുടെ അനുമതിയോടെ അവരുടെ ഭൂമിയില്‍ കൃഷി നടത്തി നിശ്ചിതകാലത്തിനുശേഷം അവര്‍ തിരിച്ചെത്തുമ്പോള്‍ ഭൂമി വിട്ടുകൊടുക്കുന്ന രീതിയിലുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനു ഓഗസ്റ്റ്‌ 12നു പത്തനംതിട്ട ജില്ലാ കാര്‍ഷികവിപണനസഹകരണസംഘം തുടക്കം കുറിക്കും. 50ഏക്കറിലാണു തുടങ്ങുക. തുടര്‍ന്നു മറ്റുജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പ്രവാസികളുടെ ഭൂമിയില്‍ ഉയര്‍ന്ന നിലവാരമുള്ള പഴവര്‍ഗത്തോട്ടങ്ങള്‍ വളര്‍ത്തി വിളവെടുപ്പും വിപണനവും നടത്തി നിശ്ചിതകാലയളവിനുശേഷം ഭൂമിയും തോട്ടവും ഉടമയ്‌ക്കു തിരിച്ചുകൊടുക്കുകയാണു ചെയ്യുക. കൃഷിക്കു ഭൂമി ലഭ്യമാക്കാനും പ്രവാസികളുടെ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കാനും ഒരുപോലെ സാധിക്കുന്ന പദ്ധതിയാണിതെന്നാണു വിലയിരുത്തല്‍.

ഹരിതകേരളമിഷനുമായി ചേര്‍ന്നു 2800 സ്‌കൂളുകളില്‍ ഔഷധസസ്യക്കൃഷി നടത്താനുള്ള സഹകരണവകുപ്പിന്റെ പദ്ധതിക്കു പിന്നാലെയാണ്‌ പ്രവാസിഭൂമിയിലെ കൃഷിപദ്ധതി കൂടി വരുന്നത്‌. ഭൂമി നല്‍കുന്ന പ്രവാസികളുടെ വീടുകളില്‍ താമസിക്കുന്ന വയോജനങ്ങളായ ബന്ധുക്കള്‍ക്കു വയോജനപരിചരണവും സാന്ത്വപരിചരണവും പോലുള്ള സാമൂഹികസുരക്ഷാസേവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കാനും ആലോചനയുണ്ട്‌. ലക്ഷക്കണക്കിന് പ്രവാസികള്‍ കേരളീയരായുണ്ട്‌. ഇവരില്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുള്ളവര്‍ സഹകരിച്ചാല്‍ കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത പ്രശ്‌നം വലിയൊരുപരിധിവരെ പരിഹരിക്കാനാവും. പ്രവാസികളെ സഹകരണപ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കാനും പ്രവാസികളും സഹകരണപ്രസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇതൊക്കെ ഉപകരിക്കുമെന്നാണു പ്രതീക്ഷ. കേരളത്തിലെ പ്രവാസിസഹകരണസംഘങ്ങളെ സംരംഭകരംഗത്തേക്കു കൂടുതല്‍ ഊര്‍ജിതമായി കൊണ്ടുവരാന്‍ സഹകരണവകുപ്പിന്റെ സഹായത്തോടെ നോര്‍ക്കറൂട്‌സിനും പദ്ധതിയുണ്ട്‌. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം എറണാകുളത്തു പ്രവാസിസഹകരണസംഘങ്ങളുടെ സംസ്ഥാനതലത്തിലുള്ള കോണ്‍ക്ലേവ്‌ സംഘടിപ്പിച്ചിരുന്നു.

സഹകരണവകുപ്പു നടപ്പാക്കുന്ന പ്രവാസിഭൂമിയിലെ കൃഷിദ്ധതിയുടെ നടത്തിപ്പുചുമതല പൂര്‍ണമായി കേരളത്തിലെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ക്കായിരിക്കും. സന്നദ്ധമാവുന്ന ഓരോ സംഘവും ഒരേക്കര്‍ വിസ്‌തൃതിയുള്ള പ്ലോട്ടുകള്‍ കണ്ടെത്തി അഞ്ചേക്കറിലെങ്കിലും കൃഷി ചെയ്യും. പ്രവര്‍ത്തനത്തിനു സംഘം നിശ്ചിതഓഹരി വഹിക്കും. ബാക്കി സഹകരണവകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍നിന്നു പദ്ധതി വിഹിതമായി നല്‍കും. ധനം സമാഹരിക്കാനും തൊഴിലാളികളെ വയ്‌ക്കാനും ഉല്‍പന്നങ്ങള്‍ വില്‍ക്കാനും സംഘങ്ങള്‍ മേല്‍നോട്ടം വഹിക്കും. കൃഷിതുടങ്ങി നാലാംവര്‍ഷംമുതല്‍ സംഘത്തിനു വരുമാനം കിട്ടും. അവോക്കാഡോ, കിവി, ഡ്രാഗണ്‍ഫ്രൂട്ട്‌, മാംഗോസ്‌റ്റീന്‍, റംബുട്ടാന്‍ എന്നിവയാണു പ്രധാനമായി കൃഷി ചെയ്യുക. ഇവ രണ്ടാംവര്‍ഷം വിളവെടുത്തു തുടങ്ങാം. പത്തുപതിനഞ്ചുവര്‍ഷംവരെ സ്ഥിരമായി വരുമാനം കിട്ടും. വിളവെടുത്ത ഫലങ്ങള്‍ ഇന്ത്യയിലെയും വിദേശത്തെയും വിപണികളില്‍ എത്തിക്കാന്‍ സഹകരണോല്‍പന്നങ്ങളുടെതായ ബ്രാന്റിങ്‌ പ്രയോജനപ്പെടുത്തും. കോഓപ്‌ കേരള സര്‍ട്ടിഫിക്കറ്റോടെയാവും വില്‍പന. ജാം, സ്‌ക്വാഷ്‌, ഫ്രോസണ്‍ഫ്രൂട്ട്‌, ഡ്രൈഫ്രൂട്ട്‌ തുടങ്ങിയവ തയ്യാറാക്കുന്ന മൂല്യവര്‍ധിതയൂണിറ്റുകളും സ്ഥാപിക്കും. കേരളത്തെ ഹൈവാല്യൂ ഹോര്‍ട്ടികള്‍ച്ചര്‍ ഹബ്ബാക്കുകയാണു മുഖ്യലക്ഷ്യം. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കലും, കയറ്റുമതി വര്‍ധിപ്പിക്കലും, കാര്‍ഷികസ്വയംപര്യാപ്‌തതയുമാണു മറ്റുലക്ഷ്യങ്ങള്‍.

നോര്‍ക്ക റൂട്‌സും സഹകരണസംഘങ്ങളെ ഊര്‍ജിതമാക്കാന്‍ ശ്രമിച്ചുവരികയാണ്‌. പ്രവാസിസഹകരണസംഘങ്ങളിലൂടെ സംരഭകത്വം വര്‍ധിപ്പിക്കലാണു ലക്ഷ്യം. നോര്‍ക്കറൂട്‌സ്‌ എറണാകുളത്തു രണ്ടുദിവസമായി നടത്തിയ പ്രവാസിസഹകരണസംഘങ്ങളുടെ കോണ്‍ക്ലേവിലും പരിശീലനത്തിലും 50 പ്രവാസിസഹകരണസംഘങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നോര്‍ക്ക ബിസിനസ്‌ ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു കോണ്‍ക്ലേവ്‌. നെയിം (നോര്‍ക്ക അസിസ്‌റ്റഡ്‌ ആന്റ്‌ മൊബിലൈസ്‌ഡ്‌ എംപ്ലോയ്‌മെന്റ്‌) പദ്ധതിയുടെ എംപ്ലോയര്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിന്റെ ഉദ്‌ഘാടനവും കോണ്‍ക്ലേവില്‍ നടന്നു. പ്രവാസികള്‍ നാട്ടില്‍ നിക്ഷേപമെന്ന നിലയില്‍ നിര്‍മിച്ചതും വാങ്ങിയതും പിന്നീട്‌ ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ അവര്‍ താമസമില്ലാത്ത കാലയളവില്‍ പ്രവാസിസംഘങ്ങള്‍ മുന്‍കൈയെടുത്തു വാടകയ്‌ക്കു ലഭ്യമാക്കുന്നതും പ്രവാസിസഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവല്‍കരിച്ചു സംരംഭങ്ങള്‍ തുടങ്ങുന്നതും സംബന്ധിച്ചുണ്ടായ അനുഭവങ്ങള്‍ പ്രവാസികള്‍ പങ്കുവച്ചു.

സ്‌കൂളുകളില്‍ ഔഷധസസ്യഷിക്ക്‌ അക്കൗണ്ട്‌ ബന്ധിത പരിപാടി സഹകരണവകുപ്പു ലോകപരിസ്ഥിതിദിനമായി ജൂണ്‍ അഞ്ചിനു തുടക്കം കുറിച്ചിരുന്നു. സ്‌കൂള്‍ പിടിഎ സ്‌കൂളിന്റെ ഏറ്റവും അടത്തുള്ള സഹകരണസംഘത്തില്‍ അക്കൗണ്ട്‌ തുടങ്ങുമ്പോള്‍ ചെടികളുടെ പരിപാലനത്തിനുള്ള തുക ആയുഷ്‌ വകുപ്പ്‌ ആ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പദ്ധതിയാണിത്‌. കുഴിയെടുക്കല്‍, വളമിടല്‍, നടല്‍, നനയ്‌ക്കല്‍ തുടങ്ങിയവ സഹകരണവകുപ്പിന്റെ ചുമതലകളാണ്‌. സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും ആയുഷ്‌ വകുപ്പും സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ ഓരോജില്ലയിലും 200 സ്‌കൂള്‍വച്ച്‌ 2800 സ്‌കൂളുകളില്‍ ഒഷധച്ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിക്കാനാണു നിശ്ചയിച്ചിട്ടുള്ളത്‌. സംസ്ഥാനമെഡിസിനല്‍ പ്ലാന്റ്‌ ബോര്‍ഡാണു ഔഷധത്തൈകള്‍ നല്‍കുന്നത്‌. നെല്ലി, അശോകം, കൂവളം, കുമിഴ്‌, ഉഒങ്‌, വേപ്പ്‌, കണിക്കൊന്ന, ചന്ദനം, രക്തചന്ദനം, ആടലോടകം, കുറുന്തോട്ടി, ചിറ്റാരത്ത, ചെമ്പരത്തി, മുരിങ്ങ, ശതാവരി, ചെത്തിക്കൊടുവേലി, കറ്റാര്‍വാഴ, കൊലിഞ്ഞി എന്നിവയാണ്‌ ഇങ്ങനെ സ്‌കൂളുകളില്‍ നട്ടുവളര്‍ത്തുന്നത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 541 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!