ഈടില്ലാതെ 2ലക്ഷം രൂപവരെ കാര്‍ഷികവായ്പ നല്‍കാന്‍ അനുമതി
വിലക്കയറ്റവും കൃഷിച്ചെലവു വര്‍ധനയും കണക്കിലെടുത്ത് ഈടില്ലാതെ നല്‍കാവുന്ന കാര്‍ഷിക, കാര്‍ഷികാനുബന്ധ വായ്പകളുടെ പരിധി 1.6ലക്ഷംരൂപയില്‍നിന്നു രണ്ടുലക്ഷമാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇതു 2025 ജനുവരി ഒന്നിനകം നടപ്പാക്കണം. സംസ്ഥാനസഹകരണബാങ്കുകള്‍ക്കും ജില്ലാസഹകരണബാങ്കുകള്‍ക്കും, മേഖലാഗ്രാമീണബാങ്കുകളും ചെറുകിടധനകാര്യബാങ്കുകളും അടക്കമുള്ള ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ക്കുള്ളതാണ് ഈ നിര്‍ദേശം. ബാങ്കുകളുടെ കരുതല്‍ധനാനുപാതം (സി.ആര്‍ആര്‍) 25 അടിസ്ഥാനപോയിന്റിന്റെ രണ്ടുതുല്യഭാഗങ്ങളിലായി 50 അടിസ്ഥാനപോയിന്റുകള്‍ കുറക്കാനും തീരുമാനിച്ചു. അറ്റഡിമാന്റിന്റെയും കാലാവധിബാധ്യതകളുടെയും (എന്‍.ഡി.ടി.എല്‍) നാലു ശതമാനം വീതമാണിത്. ഡിസംബര്‍ 14നുതുടങ്ങുന്ന ദ്വൈവാരം 4.25 ശതമാനവും ഡിസംബര്‍ 28നുതടുങ്ങുന്ന ദ്വൈവാരംമുതല്‍ നാലുശതമാനവും സി.ആര്‍.ആര്‍ ആണു നിലനിര്‍ത്തേണ്ടത്. സി.ആര്‍.ആര്‍. കുറച്ചതോടെ വായ്പ നല്‍കാന്‍ ബാങ്കുകളുടെ പക്കല്‍ 1.16ലക്ഷംകോടി രൂപ കൂടി ലഭ്യമാകും.
പുതിയ, വിദേശകറന്‍സി (നോണ്‍ റെസിഡന്റ് അക്കാണ്ടുകളുടെ (ബാങ്ക്‌സ്) (എഫ്.സി.എന്‍.ആര്‍-ബി) പലിശനിരക്കുകളില്‍ പലിശ ഉയര്‍ത്തിയിട്ടുണ്ട്. ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപത്തിന് ബന്ധപ്പെട്ട കറന്‍സിയുടെ ആള്‍ടര്‍നേറ്റീവ് റഫറന്‍സ് നിരക്കിന്റെ കൂടെ 400 അടിസ്ഥാനപോയിന്റ് ചേര്‍ന്ന നിരക്കാണ് പുതിയ പലിശനിരക്കു പരിധി. മൂന്നുവര്‍ഷത്തിനുമുകളില്‍ അഞ്ചുവര്‍ഷംവരെ ഇത് എ.ആര്‍.ആര്‍.നിരക്കിന്റെ കൂടെ 500 അടിസ്ഥാനപോയിന്റ് ചേര്‍ത്താലുള്ള നിരക്കായിരിക്കും. പ്രവാസികള്‍ക്കു വിദേശകറന്‍സിയില്‍ ഇന്ത്യന്‍ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്താവുന്ന ഈ സംവിധാനത്തിന്റെ പലിശ കൂട്ടിയത് പ്രവാസി നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണു വിലയിരുത്തല്‍.
വിദേശനാണ്യത്തിന്റെ മൂല്യനിര്‍ണയം സുതാര്യവും നീതിപൂര്‍വകവുമാക്കാന്‍ എഫ്.എക്‌സ്-റീട്ടെയില്‍ പ്ലാറ്റ്‌ഫോമിനെ ഭാരത് കണക്ടുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളുടെയും ബാങ്കിതര പേമെന്റ് സംവിധാനദാതാക്കളുടെയും ആപ്പുകളിലൂടെ എഫ്എക്‌സ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ഇടപാടുകള്‍ നടത്താന്‍ കഴിയും. ആദ്യഘട്ടത്തില്‍ യു.എസ് ഡോളര്‍-രൂപ വാങ്ങല്‍ സൗകര്യമായിരിക്കും ഏര്‍പ്പെടുത്തുക.
മുന്‍കൂര്‍അംഗീകൃതവായ്പാലൈനുകള്‍ യു.പി.ഐ.വഴി നല്‍കാന്‍ ചെറുകിടധനകാര്യബാങ്കുകളെക്കൂടി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും.ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പകരം യു.പി.ഐ.വഴിതന്നെ വായ്പാസേവനം ലഭ്യമാക്കുന്ന സംവിധാനമാണിത്.റിപ്പോ നിരക്കു കുറച്ചില്ലെങ്കിലും, അതുമൂലമുള്ള പ്രയാസങ്ങള്‍ കുറച്ചു കുറക്കാന്‍ മേല്‍പറഞ്ഞ നടപടികള്‍വഴി സാധിക്കുമെന്നു കരുതപ്പെടുന്നു.