പെന്‍ഷന്‍ഫണ്ട് ട്രഷറിയിലേക്കു മാറ്റാന്‍ തീരുമാനമില്ല
സഹകരണജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന്റെ കോര്‍പസ് ഫണ്ട് ട്രഷറിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിനുവേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഇക്കാര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, ട്രഷറിയിലേക്കു ഫണ്ടു മാറ്റുന്നതു തടയണമെന്ന് അപേക്ഷിച്ചു നല്‍കിയ ഹര്‍ജികള്‍ പ്രസക്തമല്ലെന്നു വിലയിരുത്തി കോടതി തീര്‍പ്പാക്കി. ജസ്റ്റിസ് കെ. ബാബുവിന്റെതാണ് ഉത്തരവ്‌്. എന്നാല്‍ ഭാവിയില്‍ സര്‍ക്കാര്‍ കോര്‍പസ് ഫണ്ട് ട്രഷറിയിലേക്കു മാറ്റാന്‍ തീരുമാനിച്ചാല്‍ കക്ഷികള്‍ക്ക് അത് ഉചിതമായ ഫോറത്തില്‍ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. കോര്‍പസ് ഫണ്ട് ട്രഷറിയിലേക്കു മാറ്റിയാല്‍, ഫണ്ട് കൊണ്ട് ഉദ്ദേശിച്ച കാര്യം വിഫലമാകുമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. കേരള കോഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെതും മറ്റുരണ്ടു വ്യക്തികളുടെതുമായി രണ്ടു ഹര്‍ജികളാണു കോടതി മുമ്പാകെ വന്നത്. കേരളബാങ്കിലുളള കോര്‍പസ് ഫണ്ടു ഭാഗികമായിപ്പോലും പിന്‍വലിക്കുന്നതില്‍നിന്നു ധനവകുപ്പിനെയും പെന്‍ഷന്‍ബോര്‍ഡിനെയും തടയുക, ഫണ്ട് കേരളബാങ്കിന്റെ ജില്ലാശാഖകളില്‍തന്നെ തുടരണമെന്നു നിര്‍ദേശം നല്‍കുക, സംസ്ഥാനസഹകരണബാങ്കിലെയും ജില്ലാസഹകരണബാങ്കുകളിലെയും ജീവനക്കാര്‍ക്കായുള്ള 2005ലെ പെന്‍ഷന്‍ സ്‌കീമിലേക്കു സമാഹരിച്ച തുകയും 1994ലെ കേരളസഹകരണസംഘജീവനക്കാരുടെ സെല്‍ഫ് ഫൈനാന്‍സിങ് പെന്‍ഷന്‍ സ്‌കീമിലേക്കു സമാഹരിച്ച തുകയും കേരളബാങ്കില്‍നിന്നു ട്രഷറിയിലേക്കു മാറ്റാന്‍ പെന്‍ഷന്‍ബോര്‍ഡിനോട് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനും ധനവകുപ്പിനും അധികാരമില്ലെന്നു പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണു റിട്ടുഹര്‍ജികള്‍ നല്‍കിയത്.