ഗ്രാമീണ ഇന്ത്യയുടെ 90ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നത് സഹകരണമേഖല: രാഷ്ട്രപതി
ഗ്രാമീണഇന്ത്യയുടെ 90ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്നതു സഹകരണപ്രസ്ഥാനമാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ജനുവരി 31നാരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ സഭയെ അഭിസംബോധന ചെയ്യവെയാണ് സഹകരണപ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലേക്കു രാഷ്ട്രപതി വെളിച്ചം വീശിയത്. രാജ്യത്തെ എട്ടുലക്ഷം സഹകരണസ്ഥാപനങ്ങളും അവയില്‍ ഓഹരിയുള്ള 29ദശലക്ഷം അംഗങ്ങളും ചേര്‍ന്ന് ഗ്രാമീണിന്ത്യയുടെ 90 ശതമാനത്തെയുമാണു പ്രതിനിധാനം ചെയ്യുന്നതെന്നു രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ നഗരങ്ങളിലും സഹകരണസ്ഥാപനങ്ങള്‍ക്കു വളര്‍ച്ചയും വികാസവുമുണ്ടായി. സഹകരണമേഖലയെ സാമ്പത്തികമായി ശക്തിപ്പെടുത്താനെടുത്ത വിവിധ നടപടികള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 2025 അന്താരാഷ്ട്രസഹകരണവര്‍ഷമായി ആഘോഷിക്കുകയാണ്. അതില്‍ ഇന്ത്യയുടെ സംഭവനകളുമുണ്ടാകുമെന്നു രാഷ്ട്രപതി പറഞ്ഞു.
കേന്ദ്രസഹകരണമന്ത്രാലയസെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനിയുടെ അധ്യക്ഷതയില്‍ സഹകരണമേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും അഭിവൃദ്ധിയുടെ ഉറപ്പാക്കുന്നതിനായി എടുത്ത നടപടികളുടെ വിലയിരുത്തലും വെള്ളിയാഴ്‌ച നടക്കുകയുണ്ടായി. വിവിധസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുതിര്‍ന്ന സഹകരണവകുപ്പുദ്യോഗസ്ഥര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര സഹകരണമന്ത്രാലയ അഡീഷണല്‍ സെക്രട്ടരി പങ്കജ് കുമാര്‍ ബന്‍സാല്‍, ജോയിന്റ് സെക്രട്ടറി സിദ്ധാര്‍ഥ് ജെയിന്‍, ഡയറക്ടര്‍മാരായ മുകേഷ്‌കുമാര്‍, കപില്‍മീണ, കുമാര്‍രാംകൃഷ്‌ണ തുടങ്ങിയവര്‍ സംസാരിച്ചു.