ഒറ്റത്തവണതീര്‍പ്പാക്കലോടെ പുതുവല്‍സരത്തുടക്കം

Moonamvazhi
നവകേരളീയം കുടിശ്ശികനിവാരണയത്‌നത്തോടെ സഹകരണവകുപ്പിന്റെ നവല്‍സരത്തുടക്കം. 2026 ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28വരെ ഇതിന്റെ ഭാഗമായി ഒറ്റത്തവണതീര്‍പ്പാക്കല്‍ നടപ്പാക്കും. 1/2026 സര്‍ക്കുലര്‍ പ്രകാരമാണിത്‌. പ്രാഥമികസഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലുംനിന്നു വായ്‌പയെടുത്തിട്ടു തിരിച്ചടക്കാനാവാത്തവരെ സഹായിക്കാനാണിത്‌. സഹകരണസംഘംരജിസ്‌ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്കാണു ബാധകം. കേരളബാങ്കിനും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിനും പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകള്‍ക്കും ഹൗസ്‌ഫെഡിനും ഭവനസഹകരണസംഘങ്ങള്‍ക്കും ഇതു ബാധകമല്ല. അവ പ്രത്യേകം കുടിശ്ശികനിവാരണപദ്ധതി തയ്യാറാക്കി രജിസ്‌ട്രാറുടെ അംഗീകാരം വാങ്ങണം.
ഒറ്റത്തവണതീര്‍പ്പാക്കല്‍ ബാധകമായ സംഘങ്ങള്‍ വായ്‌പയെടുത്തയാളുടെ സാമ്പത്തികസ്ഥിതിയും തിരിച്ചടവുശേഷിയും ഭരണസമിതി വിലയിരുത്തി വായ്‌പയെടുത്തയാളുമായി ധാരണയിലെത്തി തിരിച്ചടവിന്‌ അവസരം നല്‍കണം. 100%കരുതല്‍ വെക്കേണ്ടിവന്ന വായ്‌പകള്‍ തീര്‍ക്കാന്‍ മുന്‍ഗണന കൊടുക്കണം. സംഘത്തിന്റെ ധനസ്ഥിതിയും നോക്കണം. സാധാരണപലിശയാണു വാങ്ങേണ്ടത്‌. അവസാനിപ്പിക്കുന്ന എല്ലാവായ്‌പയിലും പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കണം. രണ്ടുലക്ഷംരൂപവരെയുള്ള വായ്‌പയുടെ കാര്യത്തില്‍ സംഘത്തിന്റെ ധനസ്ഥിതിവച്ച്‌ ആര്‍ബിട്രേഷന്‍/എക്‌സിക്യൂഷന്‍ഫീസിലും കോടതിച്ചെലവിലും പരസ്യച്ചെലവിലും ഇളവനുവദിക്കാം. സ്വര്‍ണപ്പണയവായ്‌പയും നിക്ഷേപത്തിലുള്ള വായ്‌പയും ഒഴിച്ചുള്ള വായ്‌പകളാണു പദ്ധതിയില്‍ വരിക. എംഎസ്‌എസ്‌ അവസാനിച്ചശേഷം കുടിശ്ശികയാകുന്ന തുക സാധാരണവായ്‌പയായി കണക്കാക്കി പലിശയിളവു കൊടുക്കാം. ഒരംഗത്തിനും ഒന്നില്‍കൂടുതല്‍ നമ്പരില്‍ ഇളവു കൊടുക്കരുത്‌.
അഞ്ചുകൊല്ലത്തില്‍കൂടുതല്‍ കുടിശ്ശികയായ അരലക്ഷംവരെയുള്ള വായ്‌പ സംഘംതലകമ്മറ്റി കൂടി ബാക്കിനില്‍പുതുകയും പലിശയുടെ പകുതിയും വാങ്ങി തീര്‍ക്കാം. അഞ്ചുകൊല്ലത്തില്‍ കുറവാണെങ്കില്‍ ഒരുകൊല്ലം 10%, രണ്ടുകൊല്ലം 20%, മൂന്നുകൊല്ലം 30%, നാലുകൊല്ലം 40% എന്നിങ്ങനെ പരമാവധി പലിശയിളവു കൊടുക്കാം.
അരലക്ഷത്തിനുമുകളില്‍ രണ്ടുലക്ഷംവരെയാണെങ്കില്‍വായ്‌പത്തുകയും വായ്‌പയെടുത്തപ്പോഴത്തെ പലിശയും ഇപ്പോഴത്തെ പലിശയും നോക്കി ഏതാണോ കുറവ്‌ അതും വാങ്ങി കണക്കു തീര്‍ക്കാം.പലിശ മുതലിനെക്കാല്‍ കൂടിയാല്‍ മുതലിനൊപ്പം ക്രമീകരിക്കണം. മുതലിനെക്കാള്‍ കുറവാണെങ്കില്‍ പലിശയുടെ 25% വരെ ഇളുകൊടുക്കാം.
സംഘംതലത്തില്‍ തീര്‍പ്പാക്കാനാവാത്തവയുടെ കാര്യത്തില്‍ ശുപാര്‍ശയോടെ ജില്ലാതലക്കമ്മറ്റിക്ക്‌ അപേക്ഷ കൊടുക്കണം. ഇവയില്‍ 50%വരെ ഇളവു കൊടുക്കാം.
സംഘംതലകമ്മറ്റി തീരുമാനിക്കുന്ന തിയതിക്കകം വായ്‌പ തീര്‍ക്കണം. ജില്ലാകമ്മറ്റിക്കുപോയാല്‍ ആ സമിതി തീരുമാനിക്കുന്ന തിയതിക്കകവും.
അതിദാരിദ്ര്യസര്‍വേപ്രകാരമുള്ള പട്ടികയിലുള്ളവരുടെ ഒരുലക്ഷംവരെയുള്ള വായ്‌പകള്‍ ബാക്കി നില്‍പുതുക മാത്രം വാങ്ങി തീര്‍ക്കാം.ഒരുലക്ഷത്തിനുമുകളില്‍ രണ്ടുലക്ഷംവരെ ബാക്കിനില്‍പുതുകയും പലിശയുടെ പകുതിയും വാങ്ങണം.
രണ്ടുലക്ഷം മുതല്‍ 25ലക്ഷംവരെയുള്ളതിന്റെ കാര്യത്തില്‍ മുതലും, വായ്‌പയെടുക്കുമ്പോഴത്തെ പലിശയും ഇപ്പോഴത്തെ പലിശയും നോക്കി ഏതാണോ കുറവ്‌ അതും വാങ്ങി തീര്‍ക്കണം. പിഴപ്പലിശ വാങ്ങരുത്‌. സംഘംതലത്തില്‍ തീര്‍ക്കാനായില്ലെങ്കില്‍ ജില്ലാസമിതിക്കു വിടാം. ജില്ലാസമിതിക്കു 40%വരെ പലിശയിളവ്‌ അനുവദിക്കാം.
കാല്‍കോടിമുതല്‍ അരക്കോടിവരെയുള്ള വായ്‌പയിിലും ചെയ്യേണ്ടതു ഇതുതന്നെ. എന്നാല്‍ ആര്‍ബിട്രേഷന്‍ ഫീസ്‌, എക്‌സിക്യൂഷന്‍ ഫീസ്‌, കോടതിച്ചെലവ്‌, പരസ്യച്ചെലവ്‌ എന്നിവ വാങ്ങാം. ജില്ലാസമിതിക്കുപോയാല്‍ ആ സമിതിക്ക്‌ 20%വരെ പിലശയിളവ്‌ അനുവദിക്കാം.
ഗുരുതരരോഗമുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, അവരുടെ ചികില്‍സ വായ്‌പക്കാരുടെ സംരക്ഷണത്തിലായിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരിച്ചതോടെ അവരുടെ വായ്‌പാബാധ്യത പേറേണ്ടിവരുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ ഓരോരുത്തരുടെയും ധനസ്ഥിതി നോക്കി പരമാവധി ഇളവു കൊടുക്കണം. അരലക്ഷംവരെ 15, അതിനുമുകളില്‍ ഒരുലക്ഷംവരെ 12, അതിനുമുകളില്‍ അഞ്ചുലക്ഷം വരെ 10, അതിനുമുകളില്‍ പത്തുലക്ഷംവരെ 5, അതിനുമുകളില്‍ 25ലക്ഷംവരെ 3, അതിനുമുകളില്‍ 2 എന്നിങ്ങനെയാണു പരമാവധി നല്‍കാവുന്ന ഇളവുശതമാനം. (കാന്‍സറുള്ളവര്‍, കിഡ്‌നിരോഗംമൂലം ഡയാലിസിസ്‌ നടത്തുന്നര്‍, ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞവര്‍, പക്ഷാഘാതംവന്നു കിടപ്പിലായവര്‍, എച്ച്‌ഐവി ബാധിതര്‍, ലിവര്‍ സിറോസിസ്‌ ബാധിച്ചവര്‍, ചികില്‍സിച്ചുമാറ്റാനാവാത്ത മാനസികരോഗമുള്ളവര്‍ ക്ഷയരോഗമുള്ളവര്‍ എന്നിവരാണ്‌ ഇതു പ്രകാരം അര്‍ഹര്‍. ഭാര്യ, ഭര്‍ത്താവ്‌, മക്കള്‍, അച്ഛന്‍, അമ്മ എന്നിവരാണു കുടുംബാഗങ്ങളായി ഉള്‍പ്പെടുക)
കാലാവധികഴിഞ്ഞ ക്യാഷ്‌ക്രെഡിറ്റ്‌ ഓവര്‍ഡ്രാഫ്‌റ്റ്‌ വായ്‌പകളുടെ കാര്യത്തില്‍ 2025 ഡിസംബര്‍ 31ലെ ബാക്കിനില്‍പുക തുക നോക്കി അതിനുശേഷം വല്ലതും അടച്ചെങ്കില്‍ അതു ഒഴിവാക്കിയുള്ള തുകയുടെ 10% വരെ ഇളവുകൊടുത്തു കണക്കു തീര്‍ക്കാം. മുമ്പ്‌ ഒറ്റത്തവണതീര്‍പ്പാനുകൂല്യം കിട്ടിയവര്‍ക്ക്‌ ഇളവു കൊടുക്കരുത്‌.
വായ്‌പ കൃത്യമായി അടക്കുന്നവര്‍ക്കു 10ശതമാനംവരെ പലിശയിളവു കൊടുക്കാം. ഇതു ബാക്കിനില്‍പില്‍ വരവുവെക്കാം. വായ്‌പക്കണക്കു തീര്‍ത്തവര്‍ക്കു രൊക്കം തുകയായി തിരിച്ചുകൊടുക്കാം. നിലവില്‍ സംഘംതലത്തില്‍ ഇളവുകൊടുത്തിട്ടുണ്ടെങ്കില്‍ അതു കണക്കിലെടുത്തേ ഇളവ്‌ അനുവദിക്കാവൂ.
സഹകരണറിസ്‌ക്‌ഫണ്ട്‌ ആനുകൂല്യമില്ലാത്ത മരിച്ചതോ മാരകരോഗമുള്ളതോ ആയവരുടെ കാര്യത്തില്‍ പലിശയോ മുതലും പലിശയും ചേര്‍ത്തോ ഭാഗികമായോ പൂര്‍ണമായോ ഒഴിവാക്കേണ്ടതാണെന്നു ഭരണസമിതി വിലയിരുത്തിയാല്‍ സംഘംതലകമ്മറ്റിക്ക്‌ ഇളവനുവദിക്കാവുന്നത്‌ അരലക്ഷംവരെയാണ്‌. ജില്ലാസമിതിക്ക്‌ അതിനുമുകളില്‍ അഞ്ചുലക്ഷംവരെ അനുവദിക്കാം. അതിനുമുകളില്‍ രജിസ്‌ട്രാര്‍തലകമ്മറ്റിക്ക്‌ അനുവദിക്കാവുന്നതു പത്തുലക്ഷംവരെയാണ്‌. അതിനുമുകളില്‍ ഇളവുവേണ്ടതാണെങ്കില്‍ സഹകരണമന്ത്രി അധ്യക്ഷനായ സംസ്ഥാനസ്റ്റിയറിങ്‌ കമ്മറ്റി തീരുമാനിക്കണം. ഇളവുകിട്ടിയവരുടെ പട്ടികക്ക്‌ അടുത്ത പൊതുയോഗത്തിന്റെ അംഗീകാരം മേടിക്കണം.
എല്ലാ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസും വായ്‌പത്തുക പരിധി നോക്കാതെ ഒറ്റത്തവണതീര്‍പ്പാക്കലില്‍ ഉള്‍പ്പെടുത്തണം. അദാലത്തുദിവസം വരാന്‍ കക്ഷികള്‍ക്ക്‌ ആര്‍ബിട്രേറ്റര്‍/സെയില്‍ഓഫീസര്‍മാര്‍ നോട്ടീസു കൊടുക്കണം. അദാലത്തില്‍ തീരുമാനിക്കുന്ന തുക അടക്കാന്‍ 15ദിവസം കൊടുക്കണം. തുക അടച്ചാല്‍ ഫയലില്‍ നടപടികള്‍ തീര്‍ത്തു രജിസ്റ്ററുകളില്‍ ചേര്‍ക്കണം. കാലപ്പഴക്കമുള്ള കേസുകള്‍ക്കു പ്രത്യേകപരിഗണന കൊടുക്കണം. പരമാവധി തീര്‍ക്കുകയും വേണം. ഫയല്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നടപടിയെടുക്കും. തീര്‍ത്ത കേസുകളുടെ വിവരം ആസ്ഥാനത്തെയും ശാഖകളിലെയും നോട്ടീസ്‌ ബോര്‍ഡിലിടണം. വെബ്‌സൈറ്റ്‌ ഉണ്ടെങ്കില്‍ അതിലുമിടണം. രണ്ടാഴ്‌ചയിലൊരിക്കല്‍ അദാലത്തു നടത്തണം.
മുമ്പടച്ച മുതലും പലിശയും കണക്കിലെടുക്കയോ പുനപ്പരിശോധിക്കയോ ചെയ്യില്ല എന്നതു പൊതുനിബന്ധനയാണ്‌. ബാക്കിമുതലിലാണു പലിശ കണക്കാക്കേണ്ടത്‌. ഇളവിനുള്ള കാരണം രേഖപ്പെടുത്തണം. മുമ്പു പദ്ധതികളില്‍പെട്ടു കുടിശ്ശികയും പലിശയും ഇളവോടെ തീര്‍ത്തശേഷം വീണ്ടും അടക്കാതിരുന്നവര്‍ക്കും അദാലത്തുതീരുമാനം അനിസരിക്കാത്തവര്‍ക്കും ആനുകൂല്യം കിട്ടില്ല. അദാലത്തിന്റെ വിശദവിവരം എല്ലാ കുടിശ്ശികക്കാരെയും നേരിട്ടോ തപാലിലോ അറിയിക്കണം. പദ്ധതിയെപ്പറ്റി ചെലവുകുറഞ്ഞ പരസ്യമടക്കം വ്യാപകപ്രചരണം നടത്തണം. സംഘംതലംമുതല്‍ ജില്ലാതലംവരെ കമ്മറ്റികള്‍ വേണം. അപ്പെക്‌സ്‌ ബാങ്കുകള്‍ കണക്കു നേരിട്ടു രജിസ്‌ട്രാര്‍ക്കു യഥാസമയം കൊടുക്കണം. ഓരോസംഘവും നോഡല്‍ ഓഫീസറെ വയ്‌ക്കണം. അദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ കുടിശ്ശികക്കാര്‍ക്കുള്ള നോട്ടീസില്‍ ഉണ്ടായിരിക്കണം. മാര്‍ഗനിര്‍ദേശപ്രകാരമുള്ള എല്ലാ ജോലിയും നോഡല്‍ഓഫീസര്‍ ഉറപ്പാക്കണം. നോഡല്‍ഓഫീസറെ ഭരണസമിതി വിലയിരുത്തണം. അര്‍ഹരായ ആര്‍ക്കും അവസരം നഷ്ടപ്പെടരുത്‌. യൂണിറ്റ്‌ ഇന്‍സ്‌പെകടര്‍മാരാണു സംഘംതലമോണിറ്ററിങ്‌ നടത്തേണ്ടത്‌. പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്കുകളുടെ കാര്യത്തില്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍/ വാല്യുവേഷന്‍ ഓഫീസര്‍മാരാണ്‌ ഇക്കാര്യം പരിശോധിക്കേണ്ടത്‌. അവരില്ലെങ്കില്‍ ആ ചുമതലയുള്ളവര്‍ക്കും യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുംകൂടി ചുമതല നല്‍കണം. പദ്ധതി കാലാവധി കഴിഞ്ഞാല്‍ രജിസ്‌ട്രാര്‍ ഓഫീസില്‍നിന്നു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ സംഘം സന്ദര്‍ശിച്ചു റിപ്പോര്‍ട്ടില്‍ തെറ്റായ വിവരമുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ക്കും യൂണിറ്റ്‌ ഇന്‍സ്‌പെക്ടര്‍ക്കും അസിസ്റ്റന്റ്‌ രജിസട്രാര്‍ക്കുമെതിരെ നടപടിയെടുക്കൂം. ഇളവുകള്‍ നിര്‍ദിഷ്ടമാതൃകയിലാണ്‌ എഴുതേണ്ടത്‌. പട്ടികയുടെ സോഫ്‌റ്റ്‌ കോപ്പിയും സൂക്ഷിക്കണം.
ജില്ലാനോഡല്‍ ഓഫീസര്‍ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഡെപ്യൂട്ടിരജിസ്‌ട്രാര്‍ (ഭരണം) ആയിരിക്കും. സംസ്ഥാനനോഡല്‍ ഓഫീസര്‍ സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ അഡീഷണല്‍ രജിസ്‌ട്രാര്‍ (ക്രെഡിറ്റ്‌ ) ആയിരിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 845 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!