എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍; ദേശീയ സഹകരണ ഡാറ്റാ ബേസ് തയ്യാര്‍

moonamvazhi
  •  ദേശീയ സഹകരണ ഡാറ്റ സെന്റര്‍ വെള്ളിയാഴ്ച അമിത് ഷാ ഉദ്ഘാടനം ചെയ്യും
  •  എട്ടുലക്ഷം സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ഡാറ്റ സെന്ററില്‍

രാജ്യത്തെ സഹകരണസ്ഥാപനങ്ങളുടെ വ്യക്തവും കൃത്യവുമായ വിവരങ്ങളടങ്ങിയ കേന്ദ്രീകൃത പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന ദേശീയ സഹകരണ ഡാറ്റാ ബേസ് നാളെ ( മാര്‍ച്ച് എട്ടിന് ) കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെങ്ങുമുള്ള, വിവിധ വിഭാഗങ്ങളില്‍പ്പെട്ട എട്ടു ലക്ഷത്തോളം സഹകരണസംഘങ്ങളുടെ സമഗ്രവിവരങ്ങളടങ്ങിയതായിരിക്കും ഈ ഡാറ്റാ ബേസ്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സര്‍ക്കാരുകളുമായും ദേശീയ സഹകരണ ഫെഡറേഷനുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിച്ചുകൊണ്ടാണ് ഇതിലേക്കാവശ്യമായ വിവരശേഖരണം നടത്തിയിരിക്കുന്നത്. സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം, അംഗങ്ങളുടെ എണ്ണം, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍, എത്രപേര്‍ക്കു തൊഴില്‍ നല്‍കുന്നു, സാമ്പത്തിക ഇടപാടുകള്‍, സംഘത്തിന്റെ ആസ്തി, ബാധ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ ഡാറ്റാ ബേസിലുണ്ടാകും.

കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് കൈമാറിയത്. മറ്റു ഡാറ്റകളൊന്നും കൈമാറില്ലെന്ന നിലപാടിലാണ് കേരളം.

സഹകരണത്തിലൂടെ സമൃദ്ധി എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സഹകരണമന്ത്രാലയം 2021 ജൂലായ് ആറിനാണു രൂപവത്കരിക്കപ്പെട്ടത്. വായ്പ, വായ്‌പേതരവിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന എട്ടര ലക്ഷത്തോളം സഹകരണസംഘങ്ങളെ സാമൂഹികസാമ്പത്തികകേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കാനാണു സഹകരണമന്ത്രാലയം ശ്രമിക്കുന്നത്. രാജ്യത്തിന്റെ സാമൂഹികസാമ്പത്തികവികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കു സഹകരണസംഘങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങളിലെ ഒരു പ്രധാന കാല്‍വെപ്പായിരിക്കും ദേശീയ സഹകരണ ഡാറ്റാ ബേസ് എന്നു മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published.