കേരളബാങ്കിന് നാഫ്‌സ്‌കോബ് പുരസ്‌കാരം
കേരളബാങ്ക് അടക്കം ഒമ്പതു സംസ്ഥാനസഹകരണബാങ്കുകള്‍ക്ക് മികച്ച പ്രകടനത്തിനുള്ള സംസ്ഥാനസഹകരണബാങ്കുകളുടെ ദേശീയഫെഡറേഷന്റെ (നാഫ്‌സ്‌കോബ്) പുരസ്‌കാരം ലഭിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ നാഫ്‌സ്‌കോബിന്റെ 60-ാംവാര്‍ഷികാഘോഷത്തിന്റെയും ഗ്രാമീണബാങ്കുകളുടെ ദേശീയസമ്മേളനത്തിന്റെയും അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ അന്താരാഷ്ട്രസമ്മേളനത്തിന്റെയും വേദിയില്‍ കേന്ദ്രസഹകരണമന്ത്രി അമിത്ഷായില്‍നിന്നു കേരളബാങ്ക് സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോ പുരസ്‌കാരം ഏറ്റുവാങ്ങി.
പുരസ്‌കാരം ലഭിച്ച മഹാരാഷ്ട്ര സംസ്ഥാനസഹകരണബാങ്കിനുവേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗം വിദ്യാധര്‍ അനസ്‌കാറും തമിഴ്‌നാട് സംസ്ഥാനസഹകരണബാങ്കിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ പി. ലോകനാഥനും ഗോവാസംസ്ഥാന സഹകരണബാങ്കിനുവേണ്ടി ചെയര്‍മാന്‍ ഉല്‍ഹാസ് പി ഫല്‍ ദേശായിയും സി.ഇ.ഒ. ആനന്ദ് എം. ചോദങ്കറും ആന്ധ്രപ്രദേശ് സംസ്ഥാന സഹകരണബാങ്കിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ ശ്രീനാഥ് റെഡ്ഡിയും ഹിമാചല്‍പ്രദേശ് സംസ്ഥാനസഹകരണബാങ്കിനുവേണ്ടി ചെയര്‍മാന്‍ ദേവേന്ദ്ര ശ്യാമും സി.ഇ.ഒ. ശര്‍വണ്‍ മാണ്ടയും ഗുജറാത്ത് സംസ്ഥാന സഹകരണബാങ്കിനുവേണ്ടി അജയ്ഭായ് പട്ടേലും അത് ഏറ്റുവാങ്ങി. മിസോറം സംസ്ഥാനഅപ്പെക്‌സ് ബാങ്ക്, സിക്കിംസംസ്ഥാനസഹകരണബാങ്ക്, കര്‍ണാടകസംസ്ഥാനഅപ്പെക്‌സ് ബാങ്ക് എന്നിവയ്ക്കും പുരസ്‌കാരം ഉണ്ടായിരുന്നു.
ജില്ലാസഹകരണബാങ്കുകളുടെ വിഭാഗത്തില്‍ കൃഷ്ണജില്ലാ കേന്ദ്രസഹകരണബാങ്കിന്റെ ചുമതലയുള്ള ഗീതാഞ്ജലി ശര്‍മയും സി.ഇ.ഒ. ശ്യാംമനോഹറും സത്താറ ജില്ലാകേന്ദ്രസഹകരണബാങ്കിനുവേണ്ടി ചെയര്‍മാന്‍ നിതില്‍ പാട്ടിലും സി.ഇ.ഒ. രാജേന്ദ്ര സര്‍ക്കലെയും പുരസ്‌കാരം ഏറ്റുവാങ്ങി. സൂറത്ത് ജില്ലാകേന്ദ്രസഹകരണബാങ്ക്, കരിംനഗര്‍ ജില്ലാ കേന്ദ്രസഹകരണബാങ്ക്, അകോല ജില്ലാകേന്ദ്രസഹകരണബാങ്ക് എന്നിവയ്ക്കും പുരസ്‌കാരമുണ്ട്.വിവിധ പ്രാഥമിക സഹകരണബാങ്കുകള്‍ക്കും പുരസ്‌കാരം ലഭിച്ചു. കേന്ദ്രസഹകരണവകുപ്പുസഹമന്ത്രിമാരായ കൃഷന്‍പാല്‍ ഗുര്‍ജര്‍, മുരളീധര്‍ മോഹോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.