മള്‍ട്ടിസ്റ്റേറ്റ്‌സംഘം: മല്‍സരിക്കുന്ന കേന്ദ്രജീവനക്കാര്‍ അനുമതി വാങ്ങിയോ എന്നു നോക്കണം
മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ ഭരണസമിതികളിലേക്കു മല്‍സരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ജീവനക്കാരുടെ പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതിന് ആധാരമായി മല്‍സരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍അനമതി വാങ്ങിയിട്ടുണ്ടോ എന്നും മറ്റുമുള്ള വിശദാംശങ്ങള്‍ വരണാധികാരി ശേഖരിക്കണമെന്നു കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി (സിഇഎ) നിര്‍ദേശിച്ചു. കഴിഞ്ഞ ഓഗസ്‌റ്റമുതലുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ഇതു ബാധകമായിരിക്കും.

ഡയറക്ടര്‍ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷംപേരും രക്തബന്ധത്തില്‍ പെട്ടവരാകുന്നതും പ്രവര്‍ത്തനമേഖലയില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് അമിതപ്രാതിനിധ്യം കിട്ടുന്നതുമായ സാഹചര്യങ്ങളില്‍ നാമനിര്‍ദേശപ്രക്രിയ റദ്ദാക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പുകണക്കുകള്‍ സൂക്ഷിക്കാതിരിക്കുന്നതും തിരഞ്ഞെടുപ്പു നടന്നു 30 ദിവസത്തിനകം തിരഞ്ഞെടുപ്പുകണക്കുകള്‍ സമര്‍പ്പിക്കാതിരിക്കുന്നതും അയോഗ്യത കല്‍പിക്കാനിടയാക്കുമെന്ന കാര്യം വരണാധികാരികളുടെയും സ്ഥാനാര്‍ഥികളുടെയും ശ്രദ്ധയില്‍പെടുത്തും. ചെയര്‍പേഴ്‌സണും പൂര്‍ണസമയഡയറക്ടര്‍മാരും ഒഴികെയുള്ള ബാങ്ക്‌ഡയറക്ടര്‍മാര്‍ക്കു തുടര്‍ച്ചയായി ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കാവുന്ന കാലപരിധി എട്ടുവര്‍ഷത്തില്‍നിന്നു പത്തുവര്‍ഷമായി വര്‍ധിപ്പിക്കാനുള്ള ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ മാറ്റം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. വരണാധികാരികളുടെ നിയമനക്കത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പു നടത്തുന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും പ്രതിഫലം വര്‍ധിപ്പിക്കാനും തീരുമാനമായി. ഷെഡ്യൂള്‍ രണ്ടില്‍പെട്ട സംഘങ്ങളുടെയും മള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കുകളുടെയും പ്രതിനിധികളുടെ തിരഞ്ഞെടുപ്പോ ആര്‍ജിബി തിരഞ്ഞെടുപ്പോ ഉള്‍പ്പെടുന്ന സംഘങ്ങളുടെയും കാര്യത്തില്‍ മല്‍സരം വേണ്ടിവരികയാണെങ്കില്‍ അരലക്ഷവും അല്ലെങ്കില്‍ കാല്‍ലക്ഷവുമായിരിക്കും പ്രതിഫലം. മറ്റെല്ലാസംഘങ്ങളുടെയും ഡയറക്ടര്‍ബോര്‍ഡംഗങ്ങളുടെയും ഭരണസമിതിയംഗങ്ങളുടെയും കാര്യത്തില്‍ മല്‍സരമുള്ള തിരഞ്ഞെടുപ്പാണെങ്കില്‍ 40,000 രൂപയും അല്ലാത്തതാണെങ്കില്‍ 20,000 രൂപയുമായിരിക്കും ഇത്. ഡയറക്ടര്‍മാരുടെയും ഭാരവാഹികളുടെയും കാര്യത്തില്‍ കാഷ്വല്‍ ഒഴിവുകളില്‍ മല്‍സരമുണ്ടായാലും ഇല്ലെങ്കിലും പതിനായിരം രൂപയാണ്. 250ല്‍താഴെ അംഗങ്ങളുള്ളതും പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ സംഘങ്ങളുടെ കാര്യത്തിലും ഇതു പതിനായിരംതന്നെ.

