സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് മള്‍ട്ടിസ്റ്റേറ്റ് സംഘം രണ്ടേകാല്‍ കോടിയോളം നിക്ഷേപം തിരിച്ചു നല്‍കാന്‍ ഉത്തരവ്
കോഴിക്കോട് ആസ്ഥാനമായ സതേണ്‍ ഗ്രീന്‍ ഫാമിങ് അന്റ് മാര്‍ക്കറ്റിങ് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം 15ദിവസത്തിനകം 13 നിക്ഷേപകര്‍ക്കായി രണ്ടേകാല്‍കോടിയോളം രൂപയുടെ നിക്ഷേപം പലിശസഹിതം തിരിച്ചുകൊടുക്കാന്‍ കേന്ദ്രസഹകരണ ഓംബുഡ്‌സ്‌മാന്‍ ഉത്തരവായി. ഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ കിട്ടിയതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ പരാതികളിലും ക്ലെയിമിനായി സംഘത്തില്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളിലും ഇതുവരെയുള്ള പലിശ സഹിതം അവ കിട്ടിയ തിയതിമുതല്‍ 15ദിവസത്തിനകം പണം നല്‍കണമെന്നും ജൂലൈ 16നു ഓംബുഡ്‌സ്‌മാന്‍ അലോക് അഗര്‍വാള്‍ നല്‍കിയ ഉത്തരവിലുണ്ട്.
ഏലി സി കാക്കനാട്ട,്‌ഡാന ിവിന്‍സന്റ് ജോസഫ്, വിജയന്‍ കെ, മീരാരാധാകൃഷ്‌ണന്‍, പി.ബി. സെല്‍വരാജന്‍, ചിറയില്‍ ചെറിയാന്‍ ആന്റണി, ഐശ്വര്യ ആന്റണി, ആനീ മേരി ആന്റണി, പുഷ്‌പ, ഗുരുവായൂരപ്പന്‍ ജെ, ജോണി സി.സി, സെബാസ്‌റ്റിയന്‍ ടോണി, കേണല്‍ ശിവകുമാരന്‍ മണ്ണില്‍ (റിട്ട.) എന്നിവരുടെ ഹര്‍ജികളിലാണിത്. ഏലി സി കാക്കനാട്ട് ഒമ്പതുലക്ഷവും, ഡാനി വിന്‍സന്റ് നാലുലക്ഷവും, വിജയന്‍ കെ അരലക്ഷവും, മീരാരാധാകൃഷ്‌ണന്‍ 11ലക്ഷവും, പി.ബി. സെല്‍വരാജന്‍ 45 ലക്ഷവും, ചിറയില്‍ ചെറിയാന്‍ ആന്റണി 17 ലക്ഷവും, ഐശ്വര്യാആന്റണി 22 ലക്ഷവും, ആനി മേരി ആന്റണി 14 ലക്ഷവും, പുഷ്‌പ 24 ലക്ഷവും, ഗുരുവായൂരപ്പന്‍ ജെ 10 ലക്ഷവും, ജോണി സി.സി. 35 ലക്ഷവും, സെബാസ്‌റ്റിയന്‍ ടോണി 1.30 ലക്ഷവും, റിട്ട. കേണല്‍ ശിവകുമാരന്‍ മണ്ണിലും ഭാര്യ എ.കെ. ബേബിസുനിതയും ചേര്‍ന്നു 50ലക്ഷവും സംഘത്തില്‍ നിക്ഷേപിച്ചിരു്‌നു. ചില ഹര്‍ജികളില്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്‌സ് ഉണ്ട്. അതില്‍ സമയബന്ധിതമായി പണം തിരിച്ചുതരാമെന്നു ചെയര്‍മാന്‍ ഉറപ്പു നല്‍കുന്നുണ്ട്. മൂന്നുതവണ ഓംബുഡ്‌സ്‌മാന്‍ സംഘത്തിനു നോട്ടീസ് അയച്ചു. രണ്ടുതവണ ഓര്‍മപ്പെടുത്തല്‍കത്തുകളും. പല നോട്ടീസും ഓര്‍മപ്പെടുത്തലും സ്ഥാപനം അടച്ചിരിക്കയാണെന്ന മറുപടിയോടെ തിരിച്ചുവന്നു.
സംഘം അംഗങ്ങളുടെ അപേക്ഷയോടു പ്രതികരിക്കുന്നില്ലെന്നും,. നിക്ഷേപം പലിശസഹിതം സമയബന്ധിതമായി തിരിച്ചുതരാമെന്നു രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും, ഓംബുഡ്‌സ്‌മാന്‍ അയച്ച നോട്ടീസുകളോടു പ്രതികരിച്ചില്ലെന്നും, പണം തിരികെ കിട്ടിയില്ലെന്ന പരാതികള്‍ തുടര്‍ന്നും വന്നുകൊണ്ടിരിക്കുകയാണെന്നും, അവയോടൊന്നും സംഘം പ്രതികരിക്കുന്നില്ലെന്നും, ഭരണസമിതിയംഗങ്ങളെ സമീപിക്കാനോ അവരുമായി ആശയവിനിമയം നടത്താനോ കഴിയുന്നില്ലെന്നും ഉത്തരവിലുണ്ട്. അതിനാല്‍ മള്‍ട്ടിസറ്റേറ്റ് സഹകരണസംഘം നിയമപ്രകാരമുള്ള എല്ലാ മാര്‍ഗവും അവലംബിക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു 15 ദിവസത്തിനകം നിക്ഷപങ്ങള്‍ തിരിച്ചുനല്‍കണമെന്ന ഉത്തരവ്. ഇതു പാലിച്ചതായുള്ള റിപ്പോര്‍ട്ട് സംഘം സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
അതിനിടെ കര്‍ണാടകത്തിലെ ബാംഗ്ലൂര്‍ രാജാജി നഗറിലെ പഞ്ചവടി മള്‍ട്ടിസ്റ്റേറ്റ് സഹകരണവായ്‌പാസംഘം അടച്ചുപൂട്ടാന്‍ നടപടികളാരംഭിച്ചു. പൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കണമെന്നു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ രബിന്ദ്രകുമാര്‍ അഗര്‍വാള്‍ ഉത്തരവായി. 12ലക്ഷം നിക്ഷേപിച്ചിട്ടു തിരിച്ചുകിട്ടിയില്ലെന്നു തുംകൂരിലെ അരശരാജുവിന്റെ പരാതിയിലെ അന്വേഷണത്തില്‍ സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നു മനസ്സിലായി.
ഗുജറാത്തിലെ ഒരു മള്‍ട്ടിസ്റ്റേറ്റ് സംഘത്തോടും നിക്ഷേപം തിരിച്ചുകൊടുക്കാന്‍ സഹകരണഓബുഡ്‌സ്‌മാന്‍ ഉത്തരവിട്ടിട്ടുണ്ട്. അഹമ്മദാബാദിലെ സ്വയം മള്‍ട്ടിസ്റ്റേറ്റ് വിവിധോദ്ദേശ്യസഹകരണസംഘത്തോടാണിത്. നിക്ഷേപവും പലിശയുമായി രണ്ടുലക്ഷത്തോളം രൂപ കിട്ടാനുള്ള ചേത്‌ന ജഗ്‌ദീഷ്‌ബായ് ജാനിക്കു പണം നല്‍കാനാണ് ഉത്തരവ്. ഹര്‍ജി നല്‍കിയ 21 നിക്ഷേപകര്‍ക്കു പണം കൊടുക്കാന്‍ ഗുജറാത്ത് വല്‍സദ് ജില്ലയിലെ സാമേശ്വര്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘത്തോടും ഈയിടെ ഓംബുഡ്‌സ്‌മാന്‍ ഉത്തരവിട്ടിരുന്നു.