മള്‍ട്ടിസ്‌റ്റേറ്റ് സംഘംബോര്‍ഡിനെ അയോഗ്യരാക്കാന്‍ നോട്ടീസ്
മഹാരാഷ്ട്രയിലെ ഒരു മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘത്തിലെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ കേന്ദ്രസഹകരണഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദര്‍ നാഗര്‍ ഉത്തരവിട്ടു.
സാംഗ്ലി കവത്തേമഹന്‍കാളി താലൂക്കിലെ രാജാറാംബാപ്പുനഗറിലുള്ള ശ്രീ മഹാന്‍കാളി സഹകാരി സഹകാര്‍ കര്‍ഖാന ലിമിറ്റഡിനാണു നോട്ടീസ്. ഇക്കൊല്ലം ഫെബ്രുവരി 24നു മിലിന്ദ് ശിവപുത്ര കോറെ നല്‍കിയ പരാതിയിലാണിത്. ബോര്‍ഡംഗംങ്ങളെ കുടിശ്ശികക്കാരായി ജില്ലാകേന്ദ്രസഹകരണബാങ്കും കാവത്തേമഹന്‍കാളി നാനാസാഹേബ് സഗാരെ തൊഴിലാളി സഹകരണസംഘവും പ്രഖ്യാപിച്ചിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ (2022) 43-ാംവകുപ്പുപ്രകാരമുള്ള കാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.
കേന്ദ്രസഹകരണരജിസ്‌ട്രാറുടെ പോര്‍ട്ടലില്‍ സംഘം വാര്‍ഷികവരവുചെലവുകണക്കുകള്‍ ചേര്‍ത്തിട്ടില്ല. ആറുകാര്യങ്ങളിലേതെങ്കിലും പാലിക്കുന്നതില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി വീഴ്‌ച വരുത്തുന്നവര്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരാകുമെന്നു മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 43 (2)-ാം വകുപ്പിലുണ്ട്. തിരഞ്ഞെടുപ്പു നടത്തുന്നതിനായി കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി ആവശ്യപ്പെടുന്ന വിവരമോ രേഖകളോ ഉദ്യോഗസ്ഥരെയോ ഫണ്ടോ ചെലവുകളോ മറ്റു സഹായങ്ങളോ നല്‍കാതിരിക്കലാണ് ഇതില്‍ ഒന്ന്. 39-ാം വകുപ്പുപ്രകാരം വാര്‍ഷികപൊതുയോഗം വിളിക്കാതിരിക്കലാണു രണ്ടാമത്തേത്. സാമ്പത്തികസ്ഥിതിവിവരപ്രസ്‌താവന തയ്യാറാക്കി വാര്‍ഷികപൊതുയോഗത്തില്‍ അവതരിപ്പിക്കാതിരിക്കലാണു മൂന്നാമത്തേത്. സഹകരണപുനരധിവാസ-പുനര്‍നിര്‍മാണ-വികസനനിധിയിലേക്കോ സഹകരണവിദ്യാഭ്യാസനിധിയിലേക്കോ സംഭാവന നല്‍കാതിരിക്കലാണു നാലാമത്തേത്. യഥാസമയം വാര്‍ഷികറിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കലാണ് അഞ്ചാമത്തേത്. സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം കണക്ക് ഓഡിറ്റ് ചെയ്യാതിരിക്കലാണ് ആറാമത്തേത്.
ഇവ സംബന്ധിച്ചു മെയ് 21നു രജിസ്‌ട്രാര്‍ സംഘത്തിനു നോട്ടീസ് അയച്ചിരുന്നു. ജൂലൈ ഒമ്പതിനും ഓഗസ്റ്റ് ഒന്നിനും ഓര്‍മപ്പെടുത്തുകയും ചെയ്‌തു. മിലിന്ദ് ശിവപുത്ര കോറെയുടെ പരാതിയിലെ ആരോപണങ്ങള്‍ക്ക് ഓരോന്നായി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ആരോപണങ്ങള്‍ക്ക് ബോര്‍ഡിലെ ഓരോ അംഗവും മറുപടി നല്‍കണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും കേന്ദ്രസഹകരണഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടത്. 15 ദിവസത്തിനകം ഉത്തരവ് പാലിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സെപ്‌റ്റംബര്‍ മൂന്നിലേതാണ്‌് ഉത്തരവ്. മറുപടി കിട്ടിയില്ലെങ്കില്‍ മറുപടി ഇല്ലെന്നു കണക്കാക്കി നടപടികളിലേക്കു നീങ്ങുമെന്നും ഉത്തരവിലുണ്ട്.