രണ്ടു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്
രണ്ടു മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ക്കൂടി ലിക്വിഡേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ തീരുമാനിച്ചു. മഹാരാഷ്ട്ര നാഗ്‌പൂരിലെ മോഹന്‍നഗറില്‍ 380-ാംപ്ലോട്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് (ചാള്‍സ് കൗട്ടോ) സഹകരണസംഘവും ഒഡീഷയിലെ ഇവിഒഎസ് മള്‍ട്ടിസ്റ്റേറ്റ് വായ്‌പാസഹകരണസംഘവുമാണിവ.
17അംഗ ഡയറക്ടര്‍ ബോര്‍ഡിലെ നാലുപേര്‍ വിരമിക്കുകയും നാലുപേരെ നീക്കുകയും എട്ടുപേര്‍ രാജിവയ്‌ക്കുകയും ചെയ്‌തതിനാല്‍ ഒരാളേയുള്ളൂവെന്നു 2023 ഒക്ടോബര്‍ 10നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് (ചാള്‍സ് കൗട്ടോ) സഹകരണസംഘം മാനേജര്‍ കേന്ദ്രസഹകരണരജിസ്‌ട്രാറെ അറിയിച്ചു. ചെലവും വാടകയും ശമ്പളവും നല്‍കാനാവുന്നില്ല. അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അധികാരം വിരമിച്ച പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ്. തുടര്‍ന്നു കേന്ദ്രരജിസ്‌ട്രാര്‍ മഹരാരാഷ്ട്ര സഹകരണസംഘം രജിസ്‌ട്രാറോടു സംഘം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. വിരമിക്കലുകളും രാജികളുംമൂലം ഒപ്പിടാന്‍ അധികാരമുള്ളയാള്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം സ്‌തംഭിച്ചെന്നും അഡ്‌മിനിസ്‌ട്രേറ്ററെ വയ്‌ക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. 2002ലെ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ 123-ാം അനുച്ഛേദം പ്രകാരം സ്‌പെസിഫൈഡ് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘത്തിന്റെ ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചാല്‍ നടത്തിപ്പിനു കേന്ദ്രസര്‍ക്കാര്‍ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കണം. സര്‍ക്കാരിന് ഓഹരിയുള്ളതോ സര്‍ക്കാര്‍ വായ്‌പയോ ധനസഹായമോ ഗ്യാരന്റിയോ നല്‍കിയിട്ടുള്ളതോ ആയ സംഘമാണു സ്‌പെസിഫൈഡ് സംഘം. ഇതൊന്നും ഈ സംഘത്തിന്റെ കാര്യത്തിലില്ല. അതുകൊണ്ട് അഡ്‌മിനിസ്‌ട്രേറ്ററെ വയ്‌ക്കാനായില്ല. അതിനാല്‍ വിശേഷാല്‍പൊതുയോഗം വിളിക്കാന്‍ ചുമതലപ്പെടുത്താവുന്ന ഉദ്യോഗസ്ഥനെ നിര്‍ദേശിക്കാന്‍ മഹാരാഷ്ട്രസഹകരണസംഘം രജിസ്‌ട്രാറോടു കേന്ദ്രസഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. അദ്ദേഹം നാഗ്‌പൂര്‍ ഡിവിഷണല്‍ സഹകരണഡെപ്യൂട്ടിരജിസ്‌ട്രാര്‍ ദിനേശ് ചണ്ഡേലിനെ നിര്‍ദേശിച്ചു. ചണ്ഡേല്‍ പൊതുയോഗം വിളിച്ചു. അഡ്‌മിനിസ്‌ട്രേറ്ററെ വയ്‌ക്കാനാവാത്തതിനാല്‍ ലി്‌ക്വിഡേറ്ററെ വയ്‌ക്കാമെന്നു ചണ്ഡേല്‍ നിര്‍ദേശിച്ചു. പക്ഷേ, അഡ്‌മിനിസ്‌ട്രേറ്ററെ വച്ച് തിരഞ്ഞെടുപ്പു നടത്തണമെന്ന് അംഗങ്ങള്‍ ഏകകണ്‌ഠമായി പ്രമേയം പാസ്സാക്കി. അപ്പോള്‍, അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കാന്‍ 2024 നവംബര്‍ ഏഴിനു നോട്ടീസ് നല്‍കി. മറുപടിയുണ്ടായില്ല. തുടര്‍ന്നു നാഗ്‌പൂര്‍ ഡിവിഷണല്‍ സഹകരണസംഘം ഡെപ്യൂട്ടി രജിസ്‌ട്രാറെ ലിക്വിഡേറ്ററായി നിയമിച്ചു.
ഭുവനേശ്വറില്‍ സാഹിദ് നഗറില്‍ 780-ാംനമ്പര്‍ പ്ലോട്ടില്‍ 2002ല്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ് ഇ്രവിഒഎസ് മള്‍ട്ടിസ്റ്റേറ്റ് വായ്‌പാസഹകരണസംഘം. പവര്‍ത്തനം ആരംഭിച്ചില്ലെന്നും ജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിച്ചില്ലെന്നും ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കുകയാണെന്നും 2022 നവംബര്‍ 11നു വിശേഷാല്‍ പൊതുയോഗം ചേര്‍ന്നു പ്രവര്‍ത്തനം അവസാനിപ്പി്‌ക്കാന്‍ തീരുമാനിച്ചെന്നും ചെയര്‍മാന്‍ കത്തു നല്‍കി. തുടര്‍ന്ന് ഒഡിഷ സഹകരണസംഘം രജിസ്‌ട്രാറോടു പരിശോധിക്കാന്‍ നിര്‍ദേശിച്ചു. രജിസ്‌റ്റര്‍ ചെയ്‌ത വിലാസത്തില്‍ സംഘം പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. അതിനാല്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കണമെന്നു നിര്‍ദേശിച്ചു. മറുപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഖോര്‍ദ ഡിവിഷന്‍ സഹകരണസംഘം ഡെപ്യൂട്ടി രജിസ്‌ട്രാറെ ലിക്വിഡേറ്ററായി നിയമിച്ചു.