മൂന്നു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ ലി്‌ക്വിഡേഷനിലേക്ക്‌

Moonamvazhi

മഹാരാഷ്ട്രയിലെ രണ്ടും ഡല്‍ഹിയിലെ ഒന്നും മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ലിക്വിഡേഷന്‍ നടപടികള്‍ക്ക്‌ ഉത്തരവായി.മഹാരാഷ്ട്ര ബീഡ്‌ ജില്ലയിലെ പാര്‍ളിയില്‍ ഡോ. വാങ്‌ഗികര്‍ ആശുപത്രിക്കുസമീപം ലക്ഷ്‌മി മാര്‍ക്കറ്റിലുള്ള രാജസ്ഥാനി മള്‍ട്ടി സ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ വായ്‌പാസഹകരണസംഘം അടച്ചുപൂട്ടാന്‍ നടപടികളാരംഭിച്ചു.നിക്ഷേപം സംഘം തിരിച്ചുതരുന്നില്ലെന്നു റാംറാവു കോഡിബ ഗോഡെ റിസര്‍വ്‌ ബാങ്കിന്‌ അയച്ച കത്ത്‌ ബാങ്ക്‌ കേന്ദ്രസഹകരണസംഘം രജിസ്‌ട്രാര്‍ക്ക്‌ ഇ-മെയില്‍ ചെയ്‌തതോടെയാണു നടപടികളുടെ തുടക്കം. രജിസ്‌ട്രാര്‍ സംഘത്തിനു നോട്ടീസ്‌ അയച്ചു.അതു കൈപ്പറ്റാതെ തരിച്ചുവരികയാണുണ്ടായത്‌. പൂട്ടി എന്ന കുറിപ്പോടെയാണു വന്നത്‌. 2022-23 സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ സംഘം സമര്‍പ്പിച്ചിരുന്നുമില്ല. ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കുന്നതില്‍ അനാസ്ഥ കാട്ടുകയാണെന്നും പോലീസ്‌ സംഘത്തിന്റെ ആസ്ഥാനം പൂട്ടി മുദ്രവച്ചതായും മഹാരാഷ്ട്ര സഹകരണസംഘം രജിസ്‌ട്രാര്‍ റിപ്പോര്‍ട്ടു നല്‍കി. അഡ്‌മിനിസ്‌ട്രേറ്ററെയോ ലിക്വിഡേറ്ററെയോ വയ്‌ക്കണമെന്നു ശുപാര്‍ശയും ചെയ്‌തു. തുടര്‍ന്നാണ്‌ അടച്ചുപൂട്ടല്‍ നടപടികളാരംഭിച്ചത്‌. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ നോട്ടീസ്‌ രജിസ്‌ട്രാറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

മഹാരാഷ്ട്ര ബീഡ്‌ സെന്‍ട്രല്‍ റോഡില്‍ രാഷ്ട്രമാതാ ജിജവ്‌ പ്രതിമയ്‌ക്കുമുന്നിലുള്ള ജിജവ്‌ മാ സാഹേബ്‌ മള്‍ട്ടി സ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘവും ലിക്വിഡേഷന്‍ നടപടികളിലാണ്‌. സംഘത്തില്‍ 160കോടിയുടെ ക്രമക്കേടു നടന്നുവെന്നു 2023ല്‍ ലഭിച്ച പരാതിയോടെയാണു തുടക്കം. 2021-22വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലും ക്രമക്കേടുകള്‍ കണ്ടെത്തി. കാരണംകാണിക്കല്‍ നോട്ടീസ്‌ കൈപ്പറ്റിയില്ല. രേഖകള്‍ പൊലീസ്‌ പിടിച്ചെടുത്തിരിക്കുകയാണെന്നും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ഡയറക്ടര്‍മാരും ക്രമക്കേടു നടത്തിയെന്നും മഹാരാഷ്ട്രാസഹകരണസംഘം രജിസ്‌ട്രാര്‍ പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കി. അഡ്‌മിനിസ്‌ട്രേറ്ററെ വയ്‌ക്കാന്‍ ശുപാര്‍ശയും ചെയ്‌തു. പക്ഷേ, അഡ്‌മിനിസ്‌ട്രേറ്ററെ വയ്‌ക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ല. പരിശോധനാറിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കു മറുപടി നല്‍കാന്‍ അയച്ച നോട്ടീസും മടങ്ങിവന്നു. തുടര്‍ന്ന്‌്‌ അടച്ചുപൂട്ടല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ആക്ഷേപമുണ്ടെങ്കില്‍ 15ദിവസത്തിനകം അറിയിക്കാനുള്ള നോട്ടീസ്‌ വെബ്‌സൈറ്റില്‍ ഇട്ടു.ഡല്‍ഹി ജനക്‌പുരി ജില്ലാകേന്ദ്രത്തിലെ ജൈന ടവര്‍ രണ്ടിലെ സിമാക്‌സ്‌ ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി അടച്ചുപൂട്ടാന്‍ ലിക്വിഡേറ്ററായി പശ്ചിമഡല്‍ഹി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറെ നിയമിച്ചു. രാജസ്ഥാനിലെയും ഉത്തര്‍പ്രേദശിലെയും ജനങ്ങളില്‍നിന്നു രണ്ടുസ്ഥാപനങ്ങളുടെ പേരില്‍ സിമാക്‌സ്‌ ക്രെഡിറ്റ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റികള്‍ പണം പിരിച്ചതായി രാജസ്ഥാന്‍ ബാമറിലെ ജഗ്‌ദീശ്‌ ബിഷ്‌ണോയ്‌ അയച്ച രണ്ടു പരാതികളെത്തുടര്‍ന്നാണു നടപടി. സംഘത്തിനു നോട്ടീസ്‌ അയച്ചെങ്കിലും മറുപടി ഉണ്ടായില്ല. രജിസ്റ്റര്‍ ചെയ്‌ത മേല്‍വിലാസത്തില്‍ സംഘമില്ലെന്നു ഡല്‍ഹി സഹകരണസംഘം രജിസ്‌ട്രാര്‍ റിപ്പോര്‍ട്ടു നല്‍കി. വാര്‍ഷികക്കണക്കുകള്‍ സമര്‍്‌പ്പിച്ചിട്ടുമില്ല. പരിശോധനാറിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കു മറുപടി നല്‍കണമെന്ന നോട്ടീസും കൈപ്പറ്റാതെ മടങ്ങി. ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന നോട്ടീസ്‌ വെബ്‌സൈറ്റിലിട്ടിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണു ലിക്വിഡേറ്ററെ വച്ചത്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 191 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News