വിവിധോദ്ദേശ്യസംഘങ്ങള്‍: ജില്ലാരജിസ്ട്രാര്‍മാര്‍ പരിശീലനച്ചുമതല ഏറ്റെടുക്കണം:അമിത്ഷാ

Moonamvazhi
  • 11695 പുതിയ സംഘങ്ങള്‍ക്ക് ഔപചാരികതുടക്കം
  • ഓരോ ക്ഷീരസംഘത്തിനും മൈക്രോ എ.ടി.എം

വിവിധോദ്ദേശ്യപ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളുടെ (എംപാക്‌സ്) പ്രവര്‍ത്തനത്തിനു വൈദഗ്ധ്യം സിദ്ധിച്ചയാളുകളെ വേണ്ടിവരുമെന്നതിനാല്‍ അതിനാവശ്യമായ പരിശീലനപരിപാടികള്‍ ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാസഹകരണരജിസ്ട്രാര്‍മാര്‍ ഏറ്റെടുക്കണമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്ഷാ പറഞ്ഞു. സെക്രട്ടറിമാര്‍ക്കും പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളിലെ (പാക്‌സ്) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഗുണനിലവാരമുള്ള പരിശീലനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

എപാക്‌സുകളും ക്ഷീര, മത്സ്യസംഘങ്ങളുമടക്കം പുതുതായി തുടങ്ങിയ പതിനായിരത്തോളം സഹകരണസ്ഥാപനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2024 സെപ്റ്റംബര്‍ 19നു മാതൃകാപ്രവര്‍ത്തനക്രമം തയ്യാറാക്കി 86 ദിവസത്തിനകംതന്നെ 11695 സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനായെന്ന് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സഹകരണത്തിലൂടെ സമൃദ്ധി എന്ന ദൗത്യം നിറവേറ്റാന്‍ എല്ലാ പഞ്ചായത്തിലും സക്രിയമായ സഹകരണസ്ഥാപനങ്ങള്‍ ഉണ്ടാകണം. അഞ്ചു കൊല്ലത്തിനകം രണ്ടു ലക്ഷം പുതിയ പാക്‌സ് ആണു ലക്ഷ്യം. പുതിയ സംഘങ്ങള്‍ സ്ഥാപിക്കുന്നതില്‍ ദേശീയ കാര്‍ഷികഗ്രാമവികസനബാങ്കും (നബാര്‍ഡ്) ദേശീയ ക്ഷീരവികസനബോര്‍ഡും (എന്‍.ഡി.ഡി.ബി) ദേശീയ മത്സ്യവികസനബോര്‍ഡും (എന്‍.എഫ്.ഡി.ബി) പ്രധാനപങ്കു വഹിച്ചു. കേന്ദ്രസഹകരണമന്ത്രാലയം സ്ഥാപിച്ച ശേഷം പാക്‌സ് കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയതോടെ സംഭരണം, വളം, പാചകവാതകം, ജലവിതരണം തുടങ്ങി 32 വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാക്‌സുകള്‍ക്കു കഴിഞ്ഞു. ഇതു നടപ്പാക്കാന്‍ വൈദഗ്ധ്യമുള്ളവരെ ആവശ്യമായി വന്നു. അതിനായി സമഗ്രമായ പരിശീലനപരിപാടികള്‍ നടപ്പാക്കി- അമിത് ഷാ പറഞ്ഞു. 10 സംഘങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും റൂപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും മൈക്രോ എ.ടി.എമ്മുകളും അദ്ദേഹം വിതരണം ചെയ്തു. ഒപ്പം വിവിധ സംസ്ഥാനങ്ങളിലും പുതിയസംഘങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.

ഓരോ പ്രാഥമിക്ഷീരസംഘത്തിനും വൈകാതെ ഒരോ മൈക്രോ എ.ടി.എം. ലഭ്യമാക്കുമെന്ന് ഡല്‍ഹിയിലെ ചടങ്ങില്‍ അമിത്ഷാ അറിയിച്ചു. കര്‍ഷകര്‍ക്കു ചെലവുകുറഞ്ഞ വായ്പ ലഭ്യമാക്കും. പാക്‌സുകളെ പൊതുസേവനകേന്ദ്രങ്ങളാക്കുമ്പോള്‍ (സി.എസ്.എസ്) എല്ലാവര്‍ക്കും അതിന്റെ സേവനം കിട്ടും. പാചകവാതകവിതരണവും പെട്രോള്‍പമ്പുനടത്തിപ്പുമൊക്കെ ഏറ്റൈടുക്കുമ്പോള്‍ അവ കൂടുതല്‍ സക്രിയമാകും. കമ്പ്യൂട്ടര്‍വല്‍ക്കരണവും സാങ്കേതികവിദ്യയും യോജിപ്പിക്കുമ്പോള്‍ അവ കൂടുതല്‍ സുതാര്യമാകും. അവിടങ്ങളില്‍നിന്നു പ്രാഥമികകാര്‍ഷികോപകരണങ്ങള്‍ വേഗം കിട്ടും. ജൈവക്കൃഷി, വിത്ത്, കയറ്റുമതിരംഗങ്ങളില്‍ മൂന്നു ദേശീയസഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയതു ഗുണനിലവാരമുള്ള വിത്തുകളുടെയും ജൈവോത്പന്നങ്ങളുടെയും ലഭ്യതയും കയറ്റുമതിയും വര്‍ധിപ്പിക്കും. പുതിയ മാതൃകാനിയമാവലി സ്ത്രീകളുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും പങ്കാളിത്തം കൂട്ടാനും സാമൂഹികസാമ്പത്തികതുല്യതയും സാമൂഹികസമന്വയവും വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്. രണ്ടു ലക്ഷം പുതിയ പാക്‌സുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ നബാര്‍ഡ് 22750 പാക്‌സാണു സ്ഥാപിക്കുക. രണ്ടാംഘട്ടത്തില്‍ 47250 എണ്ണവും. എന്‍.ഡി.ഡി.ബി. 56500 പാക്‌സുകള്‍ പുതുതായി സ്ഥാപിക്കുകയും നിലവിലുള്ള 46500 എണ്ണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്‍.എഫ്.ഡി.ബി. 6000 പുതിയപാക്‌സുകള്‍ സ്ഥാപിക്കും. നിലവിലുള്ള 5500 എണ്ണത്തെ ശക്തിപ്പെടുത്തും. സംസ്ഥാനങ്ങളിലെ സഹകരണവകുപ്പുകള്‍ 25000 പാക്‌സുകള്‍ ഉണ്ടാക്കും. രണ്ടു ലക്ഷം പാക്‌സുകള്‍ ആവുന്നതോടെ കര്‍ഷകരുടെ ഉത്പന്നങ്ങളെ ആഗോളവിപണികളുമായി വലിയതോതില്‍ കൂട്ടിയിണക്കാനാകുമെന്നും അമിത്ഷാ പറഞ്ഞു. പുതിയസംഘങ്ങള്‍ക്കുള്ള പരിശീലനപരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദേശീയ സഹകരണപരിശീലനകൗണ്‍സില്‍ അഞ്ചു ദിവസത്തെ പരിശീലനമാണു പുതിയ സംഘങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.

ചടങ്ങില്‍ കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പുമന്ത്രി രാജീവ് രഞ്ജന്‍സിങ് മുഖ്യാതിഥിയായി. കേന്ദ്രസഹകരണ സഹമന്ത്രിമാരായ കൃഷന്‍പാല്‍ ഗുര്‍ജര്‍, മുരളീധര്‍ മോഹോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 88 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News