മിസലേനിയസ് സംഘങ്ങള്‍ പ്രക്ഷോഭത്തിലേക്ക്
വിവിധ ആവശ്യങ്ങളുന്നയിച്ചു 2025 ജനുവരി 15നു സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തുമെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി 19നു സഹകരണമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്തുമെന്നും മിസലേനിയസ് സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.
വായ്പക്കുടിശ്ശിക പിരിച്ചെടുക്കുന്നതിലുള്ള സഹകരണവകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക, ആര്‍ബിട്രേഷന്‍ കേസുകളില്‍ തീര്‍പ്പുണ്ടാക്കുന്നതിലെ കാലതാമസം കണക്കിലെടുത്ത് ആ കേസുകളിലെ തുകയുടെ 50 ശതമാനം സര്‍ക്കാര്‍ ലഭ്യമാക്കുക, സഹകരണവകുപ്പുജീവനക്കാരെ ഉപയോഗിച്ചു യുദ്ധകാലാടിസ്ഥാനത്തില്‍ കുടിശ്ശിക പിരിക്കാന്‍ പ്രത്യേകപദ്ധതി രൂപവത്കരി്ക്കുക, മിസലേനിയസ് സംഘങ്ങള്‍ക്ക് അപ്പെക്‌സ് സംവിധാനം രൂപവത്കരിക്കുക, പി.എസ്.സി.നിയമനസംവരണം പുനസ്ഥാപിക്കുക, കളക്ഷന്‍ ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേരളബാങ്കിലെ മിസലേനിയസ് സംഘങ്ങളുടെ ഓഹരി തിരികെ നല്‍കുകയോ സ്ഥിരനിക്ഷേപമാക്കുകയോ ചെയ്യുക, എസ്.ബി. അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുക, കേരളബാങ്കിന്റെ പലിശനിര്‍ണയത്തിലെ അപാകം പരിഹരിക്കുക, ക്ലാസിഫിക്കേഷന്‍ പരിഷ്‌കരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ആര്‍ബിട്രേഷന്‍ കേസുകള്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുകയാണെന്നു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.