അഞ്ചുസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു
പത്തനംതിട്ടജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ രണ്ടും സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. മലപ്പുറംജില്ലയിലെ ഒരു സംഘത്തില്‍ ക്ലെയിം നോട്ടീസ് ഇറക്കി.
പത്തനംതിട്ടജില്ലയിലെ പെരുമ്പെട്ടി അത്യാല്‍ എംടി യുപിസ്‌കൂള്‍ സഹകരണസംഘ (ക്ലിപ്‌തം നമ്പര്‍ എ 524) ത്തിന്റെയും, ആനിക്കാട് കണ്‍സ്യൂമര്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ 767), പാതിക്കാട് ഗ്രൂപ്പ് യുപി സ്‌കൂള്‍ സഹകരണസംഘത്തിന്റെയും (ക്ലിപ്‌തം നമ്പര്‍ എ 585) പ്രവര്‍ത്തനം നിര്‍ത്തലാക്കി. മൂന്നിടത്തും ലിക്വിഡേറ്ററായി മല്ലപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ എഴുമറ്റൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറെ നിയമിച്ചു. മൂന്നു സംഘത്തിനും ഓഫീസോ ഭരണസമിതിയോ അഡ്‌മിനിസ്‌ട്രേറ്ററോ ആസ്‌തികളോ ഇല്ല. പുനരുജ്ജീവിപ്പിക്കാന്‍ സാധ്യതയുമില്ല. അതിനാലാണു ലിക്വിഡേറ്ററെ വച്ചത്.
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ എംപ്ലോയീസ് കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോറില്‍ (ഡി 2403) ലിക്വിഡേറ്ററായി വടകരഅസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ ഓഫീസിലെ വില്യാപ്പള്ളി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മാനോജ് എം.എമ്മിനെ നിയമിച്ചു. 1987ഓഗസ്‌റ്റ് ഒമ്പതിനു പ്രവര്‍ത്തനം തുടങ്ങിയ സംഘമാണ്. ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നില്ല. ഭരണസമിതിയും അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുമില്ല. ഒരു രേഖയും കണ്ടെത്താനുമായില്ല. അതിനാലാണു ലിക്വിഡേഷന്‍.
കോഴിക്കോട് ജില്ലയിലെതന്നെ കേരള റെഡിമെയ്‌ഡ് ഗാര്‍മെന്റ്‌സ് സെന്‍ട്രല്‍ കോഓപ്പറേറ്റീവ് സ്റ്റോര്‍ (ക്ലിപ്‌തം നമ്പര്‍ ഡി 4419) ലിക്വിഡേറ്ററായി കോഴിക്കോട് അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ സിവില്‍ സ്റ്റേഷന്‍ യൂണിറ്റ് ഇന്‍സ്‌പക്ടര്‍ ( സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍) ബിജോഷ്‌കുമാര്‍ വി.യെ നിയമിച്ചു. 1998 ഒക്ടോബര്‍ ഒമ്പതിനു പ്രവര്‍ത്തനം തുടങ്ങിയ സംഘമാണിത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തനമുണ്ടായിരുന്നു. അംഗസംഘങ്ങളില്‍നിന്ന് ആറുപേരും സര്‍ക്കാര്‍നോമിനികളായി മൂന്നുപേരുമടക്കം ഒമ്പതുപേര്‍ ഭരണസമിതിയംഗങ്ങളായിരുന്നു. 2012ജൂണ്‍ മൂന്നിനു അംഗസംഘങ്ങളില്‍നിന്നുള്ള ആറുപേരെ ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കുകയും ചെയര്‍പേഴ്‌സണെ നിശ്ചയിക്കുകയും ചെയ്‌തിരുന്നു. പിന്നീടു പ്രവര്‍ത്തനരഹിതമായി. 64000 രൂപ ഓഹരിമൂലധനവും 23.77ലക്ഷംരൂപ സര്‍ക്കാര്‍ ഓഹരിമൂലധനവും ഉള്‍പ്പെടെ 301.17 ലക്ഷംരൂപയുടെ ഓഹരിമൂലധനമുണ്ട്. 23.77ലക്ഷം രൂപ സര്‍ക്കാര്‍ വായ്‌പ കിട്ടിയിരുന്നു. വായ്‌പ, പലിശ, പിഴപ്പലിശ എന്നിവയായി ഒരുകോടിയില്‍പരം രൂപ തിരിച്ചടക്കാനുണ്ട്. ജംഗമവസ്‌തുക്കളും രേഖകളും താമരശ്ശേരിയിലുള്ള ജില്ലാറെഡിമെയ്‌ഡ് ഗാര്‍മെന്റ്‌സ് സെന്‍ട്രല്‍ കോഓപ്പറേറ്റീവ് സ്റ്റോറിന്റെ ഗോഡൗണിലുണ്ട്. ഉപകരണങ്ങള്‍ തുരുമ്പിക്കുകയാണ്. നാലുവര്‍ഷമായി ഓഡിറ്റില്ല. ഭരണസമിതിയുമില്ല. പുനരുദ്ധാരണത്തിനു സാധ്യതയുമില്ല. അതിനാലാണു ലിക്വിഡേഷന്‍.
മലപ്പുറംജില്ലയില്‍ ലിക്വിഡേഷനിലുള്ള വണ്ടൂര്‍ ബ്ലോക്ക് കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സംഘത്തില്‍ (ലിമിറ്റഡ് നമ്പര്‍ എം 511)നിന്ന് ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം തന്നെ നേരിട്ടോ ഏജന്റ് വഴിയോ അറിയിക്കണമെന്നു ലിക്വിഡേറ്ററായ നിലമ്പൂര്‍ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വണ്ടൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഓഗസ്റ്റ് രണ്ട് തിയതിവച്ച് സെപ്‌റ്റംബര്‍ രണ്ടിലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ അറിയിച്ചു. സംഘത്തില്‍ ഏതെങ്കിലും ഇനത്തില്‍ പണം അടയ്‌ക്കാനുളളവര്‍ അടയ്‌ക്കണമെന്നും അറിയിപ്പിലുണ്ട്.