കേരളബാങ്കു പലിശ കുറച്ചതുമൂലമുള്ള പ്രശ്‌നം പലിശനിര്‍ണയസമിതി പരിഹരിക്കും: മന്ത്രി വാസവന്‍

Moonamvazhi
  • സഹകരണഅവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
  • പി.എ. ഉമ്മറിനു റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരം
  • ഊരാളുങ്കലിനും എന്‍.എസ്‌. ആശുപത്രിക്കും ദിനപുരസ്‌കാരം

കേരളബാങ്ക്‌ പലിശനിരക്കു കുറച്ചതുമൂലം പ്രാഥമികസഹകരണസംഘങ്ങള്‍ക്കു കൂടിയ പലിശക്കു നിക്ഷപം സ്വീകരിച്ചു കുറഞ്ഞ പലിശയ്‌ക്കു കേരളബാങ്കില്‍ നിക്ഷേപിക്കേണ്ടിവരുന്ന പ്രശ്‌നത്തിനു പലിശനിര്‍ണയസമിതി യോഗം ചേര്‍ന്നു പരിഹാരം കണ്ടെത്തുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ജൂലൈ അഞ്ചിന്‌ അന്താരാഷ്ട്രസഹകരണദിനാഘോഷം നടക്കുന്നതിനു മുന്നോടിയായി സഹകരണപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായാണ്‌ അദ്ദേഹം ഇത്‌ അറിയിച്ചത്‌. ഈ വര്‍ഷത്തെ റോബര്‍ട്ട്‌ ഓവന്‍ പുരസ്‌കാരം പ്രമുഖ സഹകാരിയും സംസ്ഥാനസഹകരണബാങ്ക്‌ മുന്‍പ്രസിഡന്റുമായ പി.എ. ഉമ്മറിനാണെന്നു മന്ത്രി അറിയിച്ചു. സഹകരണദിനപുരസ്‌കാരങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിനും (യുഎല്‍സിസിഎസ്‌) കൊല്ലത്തെ എന്‍.എസ്‌. ആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലം ജില്ലാ ആശുപത്രി സഹകരണസംഘത്തിനുമാണ്‌.

അര്‍ബന്‍ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം എറണാകുളം തൃപ്പൂണിത്തുറയിലെ പീപ്പിള്‍സ്‌ അര്‍ബന്‍ സഹകരണബാങ്കിനും രണ്ടാംസ്ഥാനം മൂവാറ്റുപുഴ അര്‍ബന്‍ സഹകരണബാങ്കിനും മൂന്നാംസ്ഥാനം നീലേശ്വരം അര്‍ബന്‍ സഹകരണബാങ്കിനുമാണ്‌.
പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളുടെ വിഭാഗത്തില്‍ കണയന്നൂര്‍ താലൂക്ക്‌ കാര്‍ഷികഗ്രാമവികസനബാങ്കിന്‌ ഒന്നാംസ്ഥാനവും ആലത്തൂര്‍ പ്രാഥമിക സഹകരണകാര്‍ഷികഗ്രാമവികസന ബാങ്കിനു രണ്ടാംസ്ഥാനവും ഒറ്റപ്പാലം പ്രാഥമിക സഹകരണകാര്‍ഷികഗ്രാമവികസനബാങ്കിനു മൂന്നാം സ്ഥാനവും ലഭിച്ചു.
പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം പാമ്പാടി സര്‍വീസ്‌ സഹകരണബാങ്കും മറയൂര്‍ സര്‍വീസ്‌ സഹകരണബാങ്കും പങ്കിട്ടു. വയനാട്ടിലെ തരിയോട്‌ സര്‍വീസ്‌ സഹകരണബാങ്കിനാണു രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം കതിരൂര്‍ സര്‍വീസ്‌ സഹകരണബാങ്കും പനച്ചിക്കാട്‌ റീജിയണല്‍്‌ സഹകരണബാങ്കും പങ്കിട്ടു.
എപ്ലോയീസ്‌ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ മല്ലപ്പള്ളി എപ്ലോയീസ്‌ കോഓപ്പറേറ്റീവ്‌ സഹകരണസംഘം ഒന്നാംസ്ഥാനവും കൊച്ചിന്‍ നേവല്‍ബേസ്‌ സിവിലിയന്‍ എംപ്ലോയീസ്‌ സഹകരണ സംഘം രണ്ടാംസ്ഥാനവും ബത്തേരി താലൂക്ക്‌ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ആന്റ്‌ ടീച്ചേഴ്‌സ്‌ സഹകരണസംഘം മൂന്നാംസ്ഥാനവും നേടി.


വനിതാസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം വെള്ളോറ വനിതാസഹകരണസംഘത്തിനും രണ്ടാംസ്ഥാനം ബാലരാമപുരം വനിതാസഹകരണസംഘത്തിനും മൂന്നാംസ്ഥാനം ചെറുതാഴം വനിതാസഹകരണസംഘത്തിനും ലഭിച്ചു.പട്ടികജാതി-വര്‍ഗസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം എളങ്കുന്നപ്പുഴ പട്ടികജാതിസര്‍വീസ്‌ സഹകരണസംഘത്തിനും രണ്ടാംസ്ഥാനം വള്ളിച്ചിറ പട്ടികജാതിസര്‍വീസ്‌ സഹകരണസംഘത്തിനും മൂന്നാംസ്ഥാനം തിരുനെല്ലി പട്ടികവര്‍ഗ സര്‍വീസ്‌ സഹകരണസംഘത്തിനും ലഭിച്ചു.ആശുപത്രിസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ കാസര്‍ഗോഡ്‌ ജില്ലാ ആശുപത്രിസഹകരണസംഘത്തിന്‌ ഒന്നാംസ്ഥാനവും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണആശുപത്രിയുടെ ഉടമസ്ഥസ്ഥാപനമായ കൊച്ചിന്‍ സഹകരണആശുപത്രിസഹകരണസംഘത്തിനു രണ്ടാംസ്ഥാനവും കോട്ടയം ജില്ലാ ആശുപത്രിസഹകരണസംഘത്തിനു മൂന്നാംസ്ഥാനവും ലഭിച്ചു.

പലവക-ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ മൂളിയാര്‍ അഗ്രികള്‍ച്ചറിസ്‌റ്റ്‌ സഹകരണസംഘം ഒന്നാംസ്ഥാനവും കൊച്ചിന്‍ നേവല്‍ ബേസ്‌ കണ്‍സ്യൂമര്‍ സഹകരണസംഘം രണ്ടാം സ്ഥാനവും വടക്കാഞ്ചേരി ഓട്ടോമൊബൈല്‍സ്‌ സഹകരണസംഘം മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ തളിപ്പറമ്പ്‌ വിദ്യാഭ്യാസ സഹകരണസംഘം ഒന്നാംസ്ഥാനവും മാടായിയിലെ കോഓപ്പറേറ്റീവ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യുക്കേഷണല്‍ പാരാമെഡിക്കല്‍ ആന്റ്‌ ടെക്‌നോളജി രണ്ടാംസ്ഥാനവും നേടി.
വിപണനസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ സഹകരണസംഘം ഒന്നാം സ്ഥാനം നേടി.വിദ്യാഭ്യാസസഹകരണസംഘങ്ങളുടെ വിഭാഗത്തില്‍ മൂന്നാംസ്ഥാനത്തിന്‌ ഒരു സംഘവും അര്‍ഹമായില്ല. വിപണനസംഘങ്ങളില്‍ രണ്ടുംമൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹമായ സംഘങ്ങളെ ലഭിച്ചില്ല. സഹകരണസംഘം രജിസ്‌ട്രാറുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാണ്‌ അവാര്‍ഡുനിര്‍ണയം നടത്തിയത്‌.


അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ ശനിയാഴ്‌ച പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. രാവിലെ ഒമ്പതിനു സെമിനാറോടെ പരിപാടികള്‍ തുടങ്ങും. നവകേരളനിര്‍മിതിയില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക്‌ എന്നതാണു സെമിനാര്‍വിഷയം. നബാര്‍ഡ്‌ ചെയര്‍മാന്‍ കെ.വി. ഷാജി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനസഹകരണരജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു വിഷയം അവതരിപ്പിക്കും. സെമിനാറിനുശേഷം സഹകരണദിനാഘോഷം സഹകരണമന്ത്രി ഉദ്‌ഘാടനം ചെയ്യും. വ്യവസായമന്ത്രി പി. രാജീവ്‌ അധ്യക്ഷനായിരിക്കും. പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.

Moonamvazhi

Authorize Writer

Moonamvazhi has 513 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!