സഹകരണമേഖലയെ തകർക്കുന്നതിന് എതിരെ കേരള സഹകരണ ഫെഡറേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തും
കേരള ബാങ്കിൻ്റെയും കേരള സർക്കാരിൻ്റെയും സഹകരണമേഖലയെ തകർക്കുന്ന നടപടികൾക്കെതിരെ ഫെബ്രുവരി 12നു രാവിലെ 10നു സെക്രട്ടറിയേറ്റിനു മുൻപിൽ ധർണ്ണ നടത്താൻ കേരള സഹകരണ ഫെഡറേഷൻ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
കേരളബാങ്ക് പ്രാഥമിക സംഘങ്ങളുടെ വായ്പകൾക്ക് അശാസ്ത്രീയമായി വർദ്ധിപ്പിച്ച പലിശ നിരക്ക് പിൻവലിക്കുക, കേരളബാങ്കിന് പ്രാഥമിക സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകാറുള്ള ഉയർന്ന പലിശ നിരക്ക് നൽകാൻ അനുവദിച്ച ഉത്തരവ് പിൻവലിക്കുക,
പ്രാഥമിക സംഘങ്ങളും മിസ്സലേനിയസ് സംഘങ്ങളും കേരളബാങ്കിൽഓഹരി ഇനത്തിൽ നിക്ഷേപിച്ച തുകയും ലാഭവിഹിതവും സംഘങ്ങൾക്ക് തിരിച്ചു നൽകുക,കേന്ദ്രം സൗജന്യമായി നൽകാമെന്ന് പറഞ്ഞ പൊതുസോഫ്റ്റ്വെയർ വേണ്ടെന്ന് വെച്ച നിലപാട് പുന:പരിശോധിക്കുക, സഹകരണ സംഘങ്ങൾക്ക് കാർഷിക കടാശ്വാസ പദ്ധതി പ്രകാരം ലഭിക്കാനുള്ള തുക ഉടനെ ലഭ്യമാക്കുക, സംഘങ്ങൾ നഷ്ടത്തിൽ ആകാനുള്ള കാരണങ്ങൾ പഠിച്ച് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുക, മിസ്സലേനിയസ് സംഘങ്ങൾക്ക് അപ്പെക്സ് സംഘം രൂപീകരിക്കുക,
സഹകാരികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുക എ ആർ സി ഫീസ് ഉൾപ്പെടെ അന്യായമായി വർദ്ധിപ്പിച്ച നിരക്കുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. പ്രമുഖ സഹകാരികളും മുതിർന്ന രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവർ പങ്കെടുക്കും. സമരം വൻവിജയമാക്കണമെന്ന് ചെയർമാൻ അഡ്വ. എം.പി സാജുവും ജനറൽ സെക്രട്ടറി സാജു ജെയിംസും അഭ്യർത്ഥിച്ചു.