കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ സാധ്യതാപ്പട്ടിക പ്രസിദ്ധീകരിച്ചു
കേരളബാങ്കില്‍ പാര്‍ട് 1 പൊതുവിഭാഗം ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയിലേക്ക് (കാറ്റഗറി നമ്പര്‍ 063/2024) 23-10-24ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റില്‍ ഉള്‍പ്പെടാവുന്നവരുടെ സാധ്യതാപ്പട്ടിക പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ഒറിജിനല്‍ രേഖകളുടെ പരിശോധനകള്‍ക്കുള്ള സമയവിവരം പിന്നീട് അറിയിക്കും. 916പേര്‍ മെയിന്‍ലിസ്റ്റിലും 930പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും 34പേര്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ലിസ്റ്റിലും ഉണ്ട്. എല്ലാംകൂടി 1880പേരുടെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒഎംആര്‍പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്നമാര്‍ക്കുള്ളവരാണു മെയിന്‍ലിസ്റ്റില്‍. 53.33 മാര്‍ക്കുവരെ ലഭിച്ചവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികജാതി-വര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍, സാമ്പത്തികദുര്‍ബലവിഭാഗക്കാര്‍, മറ്റുസംവരണവിഭാഗക്കാര്‍ എന്നിവര്‍ക്കുള്ള സംവരണനിയമം പാലിക്കുന്നതിന്റെ ഭാഗമായാണു സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അപേക്ഷയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ കവിഞ്ഞുള്ള ക്ലെയിമുകള്‍ ഇനി അംഗീകരിക്കില്ല.
ലിസ്റ്റിലുള്ളവര്‍ ഒറ്റത്തവണപരിശോധനക്കായി രേഖകള്‍ നേരിട്ടു ഹാജരാക്കണം. ഇതിന്റെ തിയതിയും സമയവും സ്ഥലവും പിന്നീടു പ്രസിദ്ധീകരിക്കും. രേഖകള്‍ യഥാസമയം ഹാജരാക്കാത്തവരെയും അപേക്ഷയില്‍ മറ്റെന്തെങ്കിലും അപാകങ്ങള്‍ കണ്ടെത്തപ്പെടുന്നവരെയും ലിസ്റ്റില്‍നിന്ന് ഒഴിവാക്കും. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. എന്നാല്‍ റാങ്കുലിസ്റ്റു പ്രസിദ്ധീകരിച്ചശേഷം ഉത്തരക്കടലാസുകള്‍ റീച്ചെക്ക് ചെയ്യാവുന്നതാണ്. മറ്റുപിന്നാക്കസമുദായക്കാര്‍ക്കുള്ള സാധ്യതാപ്പട്ടികയിലുള്ളവര്‍ 26-9-2009ലെ ജിഒ(പി) നമ്പര്‍ 81/09/എസ്‌സിഎസ്‌ടിഡിഡി പ്രകാരമുള്ളതോ 24-9-2018ലെ ജിഒ(ആര്‍ടി)നമ്പര്‍ 3942/2018/ആര്‍ഡി പ്രകാരം ഇ-ഡിസ്‌ട്രിക് പ്രോജക്ടിലൂടെയുള്ളതോ ആയ നോണ്‍ക്രീമിലെയര്‍ ഹാജരാക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ തഹസീല്‍ദാരുടെ റാങ്കില്‍ കുറയാത്ത റവന്യൂഅധികാരിയില്‍നിന്നുള്ള സമുദായസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ 25-4-2024ലെ ജിഒ(പി) നമ്പര്‍ 3/2024/പിആന്റ് എആര്‍ഡി പ്രകാരം വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഇഡബ്ലിയുആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒറ്റത്തവണപരിശോധനാസമയത്തു മറ്റുരേഖകളോടൊപ്പമാണ് ഇവ ഹാജരാക്കേണ്ടത്. റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം നിര്‍ദിഷ്ടഫീസ് അടച്ച് അപേക്ഷിച്ചാല്‍ ഒഎംആര്‍ ഉത്തരക്കടലാസിന്റെ കോപ്പി ലഭിക്കുന്നതാണ്. സാധ്യതാപ്പട്ടിക ഇതോടൊപ്പം.sl_063_2024_00_for_publishing