കേരള ബാങ്കും മിൽമയും ധാരണ പത്രം ഒപ്പുവെച്ചു
കേരളത്തിലെ പാലുല്പാദനവും ക്ഷീര കർഷകരുടെയും മിൽമ ഡീലർമാരുടെയും വരുമാനം വർധിപ്പിക്കാൻ കേരള ബാങ്കുമായി മിൽമ ധാരണ പത്രം ഒപ്പുവച്ചു. കേരള ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലിന്റെയും മിൽമ ചെയർമാൻ കെ.എസ് മണിയുടെയും സാന്നിദ്ധ്യത്തിൽ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോയും മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ യൂസഫും ആണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്.
ധാരണ പ്രകാരം ക്ഷീര കർഷകർക്ക് കേരള ബാങ്കിന്റെ ക്ഷീര മിത്ര വായ്പാ പദ്ധതിയിലൂടെ ലളിതമായ വ്യവസ്ഥയിൽ കന്നുകാലികളെ വാങ്ങാ നും അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ ആവശ്യങ്ങൾക്കും 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശക്കു വായ്പ നൽകും . മിൽമയുടെ ഫ്രാഞ്ചൈസി ഉടമകൾക്ക് വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കും . യോഗത്തിൽ ബാങ്ക് ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം, മിൽമ മാർക്കറ്റിംഗ് കൺസൾട്ടന്റ് ശ്രീജിത്ത് നായർ, അസിസ്റ്റന്റ് മാനേജർ ഫിനാൻസ് വിമൽ ദേവ് തുടങ്ങിയവർ പങ്കെടുത്തു.