കേരള ബാങ്ക് പലിശ കുറച്ചു: ഒപ്പം ബള്‍ക്ക് നിക്ഷേപസ്‌കീമും
കേരളബാങ്ക് വിവിധ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഒരേ പലിശനിരക്കായിരിക്കും. 15ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ ആറുശതമാനമായും 46 ദിവസംമുതല്‍ 90ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനമായും തുടരും. 91ദിവസംമുതല്‍ 178 ദിവസംവരെയുള്ളതിന്റെ പലിശ 7.25 ശതമാനത്തില്‍നിന്ന് ഏഴുശതമാനമായി കുറച്ചു. 180മുതല്‍ 364 ദിവസംവരെയുള്ളതിന്റെത് 7.50ശതമാനത്തില്‍നിന്ന് 7.35 ശതമാനമാക്കി. ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയുള്ളതിന്റെത് 8.25ശതമാനത്തില്‍നിന്ന് 7.15 ശതമാനമാക്കി. രണ്ടുവര്‍ഷത്തിനുമുകളിലുള്ളതിന്റെത് എട്ടുശതമാനത്തില്‍നിന്ന് 7.85 ശതമാനമാക്കി. മുതിര്‍ന്നപൗരര്‍ക്ക് അരശതമാനംപലിശ കൂടുതല്‍ നല്‍കുന്നതു തുടരും. ആറുമാസംമുതല്‍ ഒരുവര്‍ഷംവരെയുള്ള കാലത്തേക്കായി നടത്തിയ 15ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഒറ്റനിക്ഷേപങ്ങളില്‍ ബള്‍ക് നിക്ഷേപ സ്‌കീം ആവിഷ്‌കരിച്ചു. ഇവയ്‌ക്ക് അരശതമാനംകൂടി പലിശ കിട്ടും. ഇക്കാര്യത്തിലും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഒരേനിരക്കായിരിക്കും. ഈ സ്‌കീമില്‍ 180ദിവസംമുതല്‍ 364ദിവസംവരെയുള്ള നിക്ഷേപത്തിന് 7.85 ശതമാനമായിരിക്കും പലിശ.