കേരളബാങ്ക്‌ മാതൃക: റിസര്‍വ്‌ ബാങ്ക്‌ ഡയറക്ടര്‍

Deepthi Vipin lal

കേരളബാങ്കിന്റെ വിജയം ഗ്രാമീണമേഖലയില്‍ വായ്‌പാവിതരണത്തിനു പുതിയൊരു മാതൃകയാവുമെന്നു റിസര്‍വ്‌ ബാങ്ക്‌ കേന്ദ്രബോര്‍ഡ്‌ ഡയറക്ടര്‍ സതീഷ്‌ മറാത്തെ പറഞ്ഞു. കേരളബാങ്ക്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സിന്റെയും ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റിന്റെയും സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാസഹകരണബാങ്കുകള്‍ സംസ്ഥാനസഹകരണബാങ്കുമായി ലയിച്ചുള്ള പുതിയൊരു പരീക്ഷണമായ കേരളബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സഹകരണമേഖല സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്‌. ഒരുലക്ഷത്തിലധികം ചെറുകിടസൂക്ഷ്‌മസംരംഭങ്ങള്‍ക്കു കേരളബാങ്ക്‌ വായ്‌പ നല്‍കി. ആകെ വായ്‌പയുടെ 27ശതമാനവും കാര്‍ഷികമേഖലയ്‌ക്കു നല്‍കിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഗ്രാമങ്ങളില്‍ കാര്‍ഷികവും അല്ലാത്തതുമായ സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും വി്‌കസിപ്പിക്കണം.

കാര്‍ഷികസംസ്‌കരണപ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറാത്തെയുടെ സന്ദര്‍ശനം കേരളത്തിന്റെ സാമ്പത്തികവികസനത്തിനായുള്ള കേരളബാങ്കിന്റെ നടപടികള്‍ക്കു കൂടുതല്‍ ഊര്‍ജം പകരുമെന്നു ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കലും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോയും പറഞ്ഞു. ബോര്‍ഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ചെയര്‍മാന്‍ വി. രവീന്ദ്രന്‍, നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്‌, കേരളബാങ്ക്‌ വൈസ്‌പ്രസിഡന്റ്‌ എം.കെ. കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞദിവസം പഞ്ചാബ്‌ സംസ്ഥാനസഹകരണബാങ്ക്‌ പ്രതിനിധിസംഘം കേരളബാങ്ക്‌ സന്ദര്‍ശിച്ചിരുന്നു. ചെയര്‍മാന്‍ ജഗ്‌ദേവ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള 13അംഗസംഘം കേരളബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കല്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോര്‍ട്ട്‌ എം ചാക്കോ, ചീഫ്‌ ജനറല്‍ മാനേജര്‍ റോയ്‌ എബ്രഹാം, ജനറല്‍ മാനേജര്‍ ഡോ. ആര്‍. ശിവകുമാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കേരളബാങ്കിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ചു ചര്‍ച്ച ചെയ്‌ത പഞ്ചാബ്‌ സംഘം രാജ്യത്തെ സംസ്ഥാനസഹകരണബാങ്കുകളില്‍ അരലക്ഷംകോടിരൂപ മൊത്തം വായ്‌പബാക്കിനില്‍പുള്ള ആദ്യസംസ്ഥാനസഹകരണബാങ്ക്‌ ആയതിനു കേരളബാങ്കിനെ അഭിനന്ദിച്ചു. ബാലരാമപുരം, നന്ദിയോട്‌ സര്‍വീസ്‌ സഹകരണബാങ്കുകളും പഞ്ചാബ്‌സംഘം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News