കൊപ്രസ്റ്റോക്ക്‌ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏറെ ഉയര്‍ന്നു: കേരാഫെഡ്‌

Moonamvazhi

കേരള കേരകര്‍ഷക സഹകരണഫെഡറേഷന്റെ (കേരാഫെഡ്‌) കൊപ്രസ്റ്റോക്ക്‌ 2024ലെക്കാള്‍ വളരെ ഉയര്‍ന്നനിലയിലാണെന്നും ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച വര്‍ഷമായ 2023ലെ നിലയ്‌ക്കു അടുത്തെത്തുന്ന നിലയാണിതെന്നും കേരാഫെഡ്‌ അറിയിച്ചു. കേരാഫെഡിന്‌ എതിരായ പരാതികള്‍ക്കുള്ള മറുപടിയായാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഓണത്തിനു കേരാഫെഡ്‌ വേണ്ടത്ര കൊപ്ര സംഭരിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നു മാനേജിങ്‌ ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍ മറുപടിയില്‍ പറയുന്നു. ജനുവരിമുതല്‍ ജൂണ്‍വരെ ശരാശരി 912.2 മെട്രിക്‌ ടണ്‍ കൊപ്ര സ്റ്റോക്കു നിലനിര്‍ത്തിയിരുന്നു. 2014ലെ തോതായ 618.2 മെട്രിക്‌ ടണ്ണിനെക്കാള്‍ വളരെ കൂടുതലാണിത്‌. ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച 2023ല്‍ 998.8 മെട്രിക്‌ ടണ്ണായിരുന്നു. അതിനടുത്തെത്തുന്നതാണ്‌ ഇപ്പോഴത്തെ കണക്ക്‌. വിപണിയില്‍ അസ്ഥിരത ഉണ്ടായിട്ടും എണ്ണയുടെ സ്‌റ്റോക്ക്‌ 818.5 മെട്രിക്‌ ടണ്ണായി നിലനിര്‍ത്തി.

ഉറപ്പിച്ച കരാറുകള്‍ പാലിക്കുന്നതില്‍ വിതരണക്കാര്‍ വീഴ്‌ച വരുത്തിയതാണു യഥാര്‍ഥപ്രശ്‌നം. മേയില്‍ നാലുവിതരണക്കാര്‍ക്കായി 2000 മെട്രിക്‌ ടണ്‍ കൊപ്രയ്‌ക്കു സ്‌ഥിരീകരിച്ച ഓര്‍ഡര്‍ നല്‍കിയിരുന്നു. പക്ഷേ, വിപണീവില വളരെ കൂടിയപ്പോള്‍ പല കരാറുകാരും പിന്‍വാങ്ങി. ഓര്‍ഡറിന്റെ 10 ശതമാനമായ 200 മെട്രിക്‌ടണ്‍ മാത്രമേ അവര്‍ വിതരണം ചെയ്‌തുള്ളൂ. ഇതാണു സംഭരണക്കുറവിനിടയാക്കിയത്‌. കേരാഫെഡിന്റെ വീഴ്‌ചയല്ല. മില്‍മ മാതൃകയില്‍ അഫിലിയേറ്റുചെയ്‌ത പ്രാഥമികസംഘങ്ങളും വിപണനഫെഡറേഷനുകളും കര്‍ഷകരില്‍നിന്നു നേരിട്ടു കൊപ്രയും തേങ്ങയും സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണു കേരാഫെഡ്‌ രൂപവല്‍കരി്‌ച്ചതെങ്കിലും 15വര്‍ഷമായി ഈ സംഘങ്ങള്‍ ഒരു കിലോ കൊപ്ര പോലും കേരാഫെഡിലേക്കു വിതരണം ചെയ്‌തിട്ടില്ല. അതുകൊണ്ടാണ്‌ ഓപ്പണ്‍ ടെണ്ടറിലേക്കും സ്വകാര്യവ്യാപാരികളിലേക്കും തിരിയാന്‍ നിര്‍ബന്ധിതമായത്‌. കേരാഫെഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ സംഘങ്ങളുടെ പ്രതിനിധികള്‍ ഉണ്ടെങ്കിലും പ്രാരംഭത്തില്‍ ലക്ഷ്യമിട്ട സംവിധാനം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചില്ല. 2024ല്‍ ആ സംഭരണം പുനരാരംഭിക്കാനുള്ള സംഘങ്ങളുടെ സന്നദ്ധത ആരായാന്‍ യോഗം വിളിച്ചെങ്കിലും ഒരു സംഘവും താല്‍പര്യം കാട്ടിയില്ല. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും ഘടനാപരമായ ജീര്‍ണതയും കണക്കിലെടുക്കാതെ മാധ്യമങ്ങള്‍ കേരാഫെഡിനെ കുറ്റപ്പെടുത്തുകയാണ്‌.

മൂന്നുമാര്‍ഗങ്ങളിലൂടെയാണു കേരാഫെഡിന്റെ സംഭരണം. വലിയതോതില്‍ സംഭരിക്കാന്‍ എല്ലാ വിതരണക്കാര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ടെണ്ടറിങ്‌ നടത്തും. രണ്ടാമത്തേതു ലിമിറ്റഡ്‌ അഥവാ പരിമിതമായ ടെണ്ടറിങ്‌ ആണ്‌. എംപാനല്‍ ചെയ്‌ത വിതരണക്കാര്‍ ദിവസവും ഇതില്‍ പങ്കെടുക്കും. ഒരു ടെണ്ടറിന്‌ 20-250 മെട്രിക്‌ ടണ്‍ ആയി കൊപ്രയുടെ അളവു പരിമിതപ്പെടുത്തിയിട്ടുണ്ട്‌.കര്‍ഷകരില്‍നിന്നു നേരിട്ടുള്ള സംഭരണമാണു മൂന്നാമത്തേത്‌. നാളികേരവികസനബോര്‍ഡിന്റെ ദൈനംദിനവിലയോടൊപ്പം ഗതാഗതസഹായമായി കിലോയ്‌ക്കു രണ്ടുരൂപകൂടി നല്‍കിയാണു സ,ംഭരണം. ആദ്യത്തെ രണ്ടിനും ഏണസ്റ്റ്‌ മണി നിക്ഷേപം നിര്‍ബന്ധമാണ്‌. വിതരണത്തില്‍ വീഴ്‌ച വരുത്തിയാല്‍ കണ്ടുകെട്ടലും കരിമ്പട്ടികയില്‍ പെടുത്തലുമുണ്ടാകും.

മൂന്നാമത്തേതില്‍ ഏണസ്‌റ്റ്‌ മണിയോ പിഴകളോ ഇല്ല. കര്‍ഷകരെ സഹായിക്കാനാണിത്‌. ഇതു പലരും ദുരുപയോഗിക്കുന്നു. മുമ്പു വിതരണത്തില്‍ വീഴ്‌ച വരുത്തിയ ഒരു വിഭാഗം സംഭരണനിയമങ്ങള്‍ മറികടക്കാന്‍ പുതിയ പേരില്‍ എത്തുന്നു. വലിയ കൃഷിച്ചെലവും സംസ്‌കരണസൗകര്യക്കുറവുംമൂലം മിക്ക കര്‍ഷകരും കൊപ്ര ഉല്‍പാദനം നിര്‍ത്തിയതിനാല്‍ മൂന്നാമത്തെ മാര്‍ഗം അവലംബിക്കുന്നവരില്‍ ഒരുശതമാനത്തില്‍ കുറവേയുള്ളൂ യഥാര്‍ഥ കര്‍ഷകര്‍.അമിതവിലയ്‌ക്കല്ല കൊപ്ര വാങ്ങുന്നത്‌. മല്‍സരാധിഷ്‌ഠിത ടെണ്ടറിങ്ങിലൂടെയാണ്‌ എല്ലാ സംഭരണവും. കുറഞ്ഞവിലയ്‌ക്കു നല്‍കുന്നവരെ ഒഴിവാക്കി കൂടിയവിലയ്‌ക്കു വാങ്ങുന്നുവെന്നുപരാതിയുള്ളവര്‍ കുറഞ്ഞനിരക്കില്‍ നല്‍കാന്‍ തയ്യാറുള്ള വിതരണക്കാരുടെ പേരു മേല്‍വിലാസവും തന്നാല്‍ അവരെയും ടെണ്ടര്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്താം. മുമ്പ്‌ ലോഡുകള്‍ ഏകപക്ഷീയമായും അകാരണമായും നിരസിക്കുകയും പിന്നീട്‌ പല പരിഗണനകളുടെയും ഫലമായി സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇന്ന്‌ എല്ലാ സംഭരണവും ഗുണനിലവാരപരിശോധനകള്‍ നടത്തി ക്യാമറ നിരീക്ഷണത്തിലാണു നടത്തുന്നത്‌. കൃത്രിമത്തിനുള്ള പഴുത്‌ പൂര്‍ണമായി ഇല്ലാതാക്കി. വെളിച്ചെണ്ണ വില വര്‍ധന കൊപ്രവിലവര്‍ധനയുമായി ബന്ധപ്പെട്ടതാണ്‌. 2024ല്‍ കിലോയ്‌ക്കു 90-100രൂപയുണ്ടായിരുന്ന കൊപ്രയ്‌ക്ക്‌ 2025ല്‍ 280-300 രൂപയാണ്‌. അതുകൊണ്ടാണു 2024-25ല്‍ ലിറ്ററിന്‌ 210രൂപയായിരുന്ന വെളിച്ചെണ്ണവില 529 രൂപയായത്‌. കേരാഫെഡിനു സര്‍ക്കാര്‍ സബ്‌സിഡിയില്ല. എങ്കിലും കേരവെളിച്ചെണ്ണയ്‌ക്കു കേരളത്തിലെ മുന്‍നിരബ്രാന്‍ഡുകളുടെ വിലയെക്കാല്‍ അധികമല്ല.

2000 മെട്രിക്‌ ടണ്ണിനു കരാര്‍ ഉറപ്പിച്ചിട്ടു വിതരണക്കാര്‍ 200 മെട്രിക്‌ ടണ്‍ മാത്രം വിതരണം ചെയ്‌തതുമൂലം ഉല്‍പാദനം തടസ്സപ്പെട്ടു. ഫാക്ടറി പൂട്ടേണ്ട അവസ്ഥ വന്നു. വില ദിനംപ്രതി വലിയതോതില്‍ മാറുന്നതിനാല്‍ വലിയ അളവില്‍ കൊപ്ര വാങ്ങുന്നതു ബുദ്ധമിട്ടാണ്‌. അതിനാലാണു പുതിയരീതിയിലേക്കു മാറിയത്‌. 50ദിവസത്തേക്കു ദിവസവും 50 ടണ്‍ കൊപ്ര സ്ഥിരമായി നല്‍കുന്നതരത്തില്‍ ടെണ്‍ടര്‍ ക്ഷണിച്ചു. ഇതതരമൊരു സ്ഥിരമായ വിതരണത്തിന്‌ ഇപ്പോള്‍ തീരുമാനിച്ച നിരക്കാണ്‌ 299 രൂപ. ഇതു മൊത്തം 2500 ടണ്‍ ലഭ്യമാക്കാനും ഉല്‍പാദനം തടസ്സപ്പെടാതിരിക്കാനുമുള്ള ദീര്‍ഘകാലപരിഹാരമാണ്‌. ഈ നിരക്കിനെ സാധാരണവാങ്ങുന്ന ചെറിയ അളവിലുള്ള കൊപ്രയുടെ നിരക്കുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല.കേര വെളിച്ചെണ്ണവില 419രൂപയില്‍നിന്ന്‌ 529 രൂപയിലേക്കുയര്‍ന്നതു ലാഭമോ അമിതവിലനിര്‍ണയോ അല്ല. തേങ്ങവില കിലയോക്ക്‌ 77 രൂപയായിരിക്കെ ഒരു കിലോ കൊപ്രയ്‌ക്ക്‌ മൂന്നരക്കിലോ തേങ്ങ വേണം. ഇതിനു ചെലവ്‌ 269.50 രൂപയാണ്‌. ഒരുലിറ്റര്‍ കൊപ്രയ്‌ക്കു 1.56 കിലോ കൊപ്ര വേണം. ചെലവാകട്ടെ 420.42 രൂപ. ഇതിന്റെ അടിസ്ഥാനത്തില്‍ 529 രൂപ എന്ന എംആര്‍പി തീരെ കുറഞ്ഞ മാര്‍ജിനിലാണു നിശ്ചയിച്ചത്‌. കേരാഫെഡ്‌ സ്വന്തം ലാഭം കുറച്ച്‌ ബ്രേക്ക്‌ ഈവണ്‍ വിലയില്‍ ഉല്‍പന്നം നല്‍കുകയാണ്‌. പല കമ്പനിയും ഒരു ലിറ്ററിനു പകരം 900 മില്ലീലിറ്റര്‍ മാത്രമാണു നല്‍കുന്നതെന്നും ചിലര്‍ മായം കലര്‍ത്തുകയും ഗുണനിലവാരത്തിലും ശുചിത്വത്തിലും സുരക്ഷയിലും വിട്ടുവീഴ്‌ച ചെയ്യുന്നുണ്ടാവാമെന്നും ഉപഭോക്താക്കള്‍ ജാഗ്രത കാട്ടണമെന്നും കുറിപ്പില്‍ പറയുന്നു.

 

 

Moonamvazhi

Authorize Writer

Moonamvazhi has 497 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!