സേവാ (സെല്‍ഫ് എംപ്ലോയ്‌ഡ് വിമന്‍സ് അസോസിയേഷന്‍) സഹകരണഫെഡറേഷന്‍ അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ ഒമ്പതിനും പത്തിനും വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇഅന്‍സ്‌റ്റിറ്റിയൂട്ടിന്റെ (വാംനികോം) സഹകരണത്തോടെ വനിതാസഹകരണസംഘങ്ങളെപ്പറ്റി ദേശീയസമ്മേളനം നടത്തും. പുണെയില്‍ വാംനികോമിലാണിത്. രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെയാണു സമ്മേളനസമയം. സര്‍ക്കാര്‍ പ്രതിനിധികള്‍, സഹകരണമേഖലയുടെ നേതാക്കള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഗവേഷകര്‍, താഴെത്തലസഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വനിതാസഹകരണസംഘങ്ങളെ സംബന്ധിച്ച നയപരമായ പ്രവര്‍ത്തനങ്ങള്‍, ഘടനാപരമായ പരിഷ്‌കരണങ്ങള്‍, സ്ഥാപനപരമായ അംഗീകരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 2019ലെ ദേശീയവനിതാസഹകരണശില്‍പശാല, 2022ലെ വനിതാസഹകാരികളുടെ ഡല്‍ഹി പ്രഖ്യാപനം എന്നിവയുടെ തുടര്‍ച്ചയായാണു സമ്മേളനം വിഭാവന ചെയ്യുന്നത്.

സഹകരണസംഘം ഭരണസമിതികളില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കാനും പരിശീലനങ്ങള്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് സേവയുടെ അനുഭവം. അന്താരാഷ്ട്രസഹകരണസംഘടനയുടെയും (ഐഎല്‍ഒ) മൈക്രോസേവ് കണ്‍സള്‍ട്ടന്‍സിങ്ങിന്റെയും സഹായത്തോടെ 2024ല്‍ സേവ സഹകരണഫെഡറേഷന്‍ നടത്തിയ പഠനത്തില്‍ വനിതകള്‍ നയിക്കുന്ന കൂട്ടുസംരംഭങ്ങള്‍ക്കു വേണ്ടത്ര പ്രവര്‍ത്തനമൂലധനസംവിധാനങ്ങള്‍ ഇല്ലെന്നും സംഭരണസംവിധാനങ്ങേേളാടും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളോടുമുള്ള പ്രാപ്യത കുറവാണെന്നും വനിതകളുടെ സഹകരണസംരംഭങ്ങളുടെ സംഭാവനകളെക്കുറിച്ചുള്ള ഏകീകൃതഡാറ്റ ഇല്ലെന്നും മാനേജ്‌മെന്റിന്റെ കാര്യത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും വനിതാസംരംഭങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും. വേതനമില്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടിവരുന്നതുമൂലം വനിതകളുടെ നേതൃശേഷി കുറയുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. വനിതാസഹകരണസംരംഭങ്ങള്‍ ദാരിദ്ര്യലഘൂകരണത്തിനുവേണ്ടി മാത്രമുള്ള സംവിധാനങ്ങളില്ല മറിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്നതും ജനാധിപത്യപരവും പങ്കാളിത്താധിഷ്‌ഠിതവുമായ ബിസിനസ് മാതൃകകളാണെന്നും സേവ വിലയിരുത്തുന്നു. ലിംഗസമത്വം, മാന്യമായ തൊഴിലന്തരീക്ഷം, ഭക്ഷ്യസുരക്ഷ,. സുസ്ഥിരവികസനലക്ഷ്യങ്ങള്‍ തുടങ്ങിയവ കൈവരിക്കുന്നതില്‍ വനിതകളുടെ സഹകരണസംരംഭങ്ങളുടെ സംഭാവന വലുതാണെന്നും സേവ വിലയിരുത്തുന്നുണ്ട്.

വനിതാസഹകരണസംവിധാനങ്ങള്‍ക്കുള്ള സാമ്പത്തികപിന്‍ബലസംവിധാനങ്ങള്‍, വനിതാക്കൂട്ടായ്‌മകളുടെ ഔപചാരികവും അനൗപചാരികവുമായ മാതൃകകള്‍തമ്മിലുള്ള വിടവ് നികത്തല്‍, ഭരണത്തിലും പ്രാതിനിധ്യത്തിലും വനിതാനേതൃത്വം ശക്തമാക്കല്‍, കമ്പോളങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തല്‍, കാലാവസ്ഥവ്യതിയാനത്തിന്റെ പ്രശ്‌നങ്ങളോടും മറ്റുമുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍, വനിതാസഹകരണസംഘങ്ങളും യുവജനസഹകരണസംഘങ്ങളും ശക്തിപ്പെടുത്താനുതകുന്ന സഹകരണവിദ്യാഭ്യാസദര്‍ശനം രൂപപ്പെടുത്തല്‍, സഹകരണസ്ഥാപനങ്ങളിലെ ഡിജിറ്റല്‍സംവിധാനങ്ങള്‍ ശക്തമാക്കാന്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്റ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളുമുണ്ടാകും. വിവിധവായ്‌പാസഹകരണസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, ഐഎല്‍ഒ, വിക്‌സാറ്റ്, ദേശീയകാര്‍ഷികവിപണനഇന്‍സ്റ്റിറ്റിയൂട്ട്, ദസ്‌റ, ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ്, ദേശീയസഹകരണയൂണിയന്‍ (എന്‍സിയുഐ), സെന്റര്‍ ഫോര്‍ സ്‌റ്റഡി ഓഫ് സയന്‍സ് ടെക്‌നോളജി ആന്റ് പോളിസി, സഫായ് സൗന്ദര്യ കോഓപ്പറേറ്റീവ്, അല്‍ഗോറാന്റ് ഫൗണ്ടേഷന്‍, വിമോ സേവ തുടങ്ങിയവയിലെ വിദഗ്‌ധര്‍ സംസാരിക്കും.

വനിതാസഹകരണസംരംഭങ്ങള്‍ക്കുതകുന്ന സാമ്പത്തികസംവിധാനങ്ങള്‍ക്കായി കൂടുതല്‍ ശക്തിയായി വാദിക്കുക, വനിതാസഹകരണസംരംഭങ്ങള്‍ക്കു സംഭരണ-വ്യാപാരപ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ പ്രാപ്യമാക്കുക, താഴെത്തട്ടില്‍ യുവനേതൃത്വത്തെ ശക്തിപ്പെടുത്തുക, സഹകരണരംഗത്തു കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷങ്ങളെ ചെറുക്കാനും ഡിജിറ്റല്‍ സാക്ഷരത ശക്തമാക്കാനുമുള്ള നടപടികളെടുക്കുക, ദേശീയ-ആഗോളസഹകരണസംവിധാനങ്ങളില്‍ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ ചര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെയാണു സമ്മേളനം സംഘടിപ്പിക്കുന്നത്.