ആദായനികുതിബില്‍ പിന്‍വലിച്ചു; പുതിയ ബില്‍ വരും
ആദായനികുതിബില്‍ 2025 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ഇതുസംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷബഹളത്തിനിടയില്‍ ലോക്‌സഭ അംഗീകരിച്ചു. ബി.ജെ.പി എം.പി ബൈജ്യന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള 31അംഗ സെലക്ട് കമ്മറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു പിന്‍വലിച്ചത്. ബില്‍ ഭേദഗതികളോടെ ഓഗസ്‌റ്റ് 11നു കൊണ്ടുവരുമെന്നു സൂചനയുണ്ട്.ബില്ലിനെപ്പറ്റിയുള്ള സെലക്ട് കമ്മറ്റി റിപ്പോര്‍ട്ട് ജൂലൈ 21നു ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമത്തിലെ ഭാഷയും ഘടനയും കൂടുതല്‍ ലളിതമാക്കണമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടിരുന്നു. മാറിവരുന്ന സാമ്പത്തിക-നിയമചട്ടക്കൂടുകള്‍ക്ക് അനുസൃതമാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 4584 പേജുളള റിപ്പോര്‍ട്ടാണു കമ്മറ്റി നല്‍കിയത്. അതില്‍ 566 നിര്‍ദേശങ്ങളും ശുപാര്‍ശകളുമുണ്ട്. അവസാനതിയതി കഴിഞ്ഞു റിട്ടേണ്‍ നല്‍കിയാല്‍ റീഫണ്ട് കിട്ടില്ലെന്ന വ്യവസ്ഥ മാറ്റണമെന്നു കമ്മറ്റി പറഞ്ഞിരുന്നു. എംഎസ്‌എംഇകളുടെ നിര്‍വചനം മാറ്റുക, ലാഭരഹിതസംഘടനകളുടെ നികുതിനിയമങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. പ്രോവിഡന്റ് ഫണ്ടിന്‍മേലുള്ള ടിഡിഎസ്, കുറഞ്ഞനികുതിസര്‍ട്ടിഫിക്കറ്റുകള്‍, പിഴ ഈടാക്കാനുള്ള അധികാരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നു കമ്മറ്റി ചൂണ്ടിക്കാട്ടി.