സഹകരണബാങ്കില്‍നിന്നു സംഘത്തിനു കിട്ടിയ പലിശയും ലാഭവീതവും ആദായനികുതിയിളവിന് അര്‍ഹം
സഹകരണബാങ്കില്‍നിന്നു സഹകരണസംഘത്തിനു ലഭിച്ച പലിശയും ലാഭവിഹിതവും ആദായനികുതിയിളവിന് അര്‍ഹമാണെന്ന് ആദായനികുതിഅപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് വിധിച്ചു. തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഹര്‍ജിയിലാണു വിധി. കാഞ്ചീപുരം കേന്ദ്രജില്ലാസഹകരണബാങ്കില്‍നിന്നു ലഭിച്ച പലിശയും ലാഭവിഹിതവും ആദായനികുതിനിയമപ്രകാരം ഇളവിന് അര്‍ഹമായതിനാല്‍ നികുതി നല്‍കേണ്ട വരുമാനമില്ല എന്നു റിട്ടേണില്‍ അറിയിച്ചപ്പോള്‍ അസസിങ് ഓഫീസര്‍ മേല്‍പറഞ്ഞ വരുമാനങ്ങള്‍ മറ്റുസ്രോതസ്സുകളില്‍നിന്നുള്ള വരുമാനമായി കണക്കാക്കി നികുതി അടക്കേണ്ടതാണെന്നു നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഒന്നാംഅപ്പലേറ്റ് അധികാരിക്കു അപ്പീല്‍ നല്‍കിയെങ്കിലും അസിസിങ് ഓഫീസറുടെ തീര്‍പ്പ് ശരിവയ്‌ക്കുകയാണുണ്ടായത്. തുടര്‍ന്നാണ് ട്രൈബ്യൂണിലനെ സമീപിച്ചത്. കാഞ്ചീപുരം ജില്ലാസഹകരണബാങ്ക് തമിഴ്‌നാട് സഹകരണനിയമപ്രകാരം രജിസ്‌ട്രേഷനുള്ളതാണെന്നു വിധിയില്‍ ചൂണ്ടിക്കാട്ടി. ആ ബാങ്കില്‍നിന്നുള്ള വരുമാനം സഹകരണസംഘത്തില്‍നിന്നുള്ള വരുമാനമായി കണക്കാക്കാം. അതിനാല്‍ ഡിഡക്ഷന്‍ അനുവദിക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.