സഹകരണബാങ്കുകളില്‍നിന്നുള്ള വരുമാനം സഹകരണസംഘങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കി ആദായനികുതിനിയമം 80പി(2)(ഡി) പ്രകാരമുള്ള ഡിഡക്ഷന്‍ അനുവദിക്കേണ്ടതാണെന്ന് ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) പുണെ ബെഞ്ച് വിധിച്ചതായി ടാക്‌സ് സ്‌കാന്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഇതു പ്രകാരം 12.53ലക്ഷം രൂപയുടെ ക്ലെയിം അനുവദിക്കുകയും ചെയ്‌തു.
സഹകരണബാങ്കുകളില്‍ നടത്തിയ നിക്ഷേപങ്ങളില്‍നിന്നുള്ള പലിശവരുമാനം മേല്‍വകുപ്പുപ്രകാരം ഡിഡക്ഷന് അര്‍ഹമാണെന്നാണു വിധി. കല്ലാപന്ന അവാദെ ഇച്ച് ജനതാസഹകരണബാങ്ക് സേവാകാഞ്ചി സഹ പദ്‌സന്‍സ്ഥാന്‍ മര്യാദിത് എന്ന സഹകരണസംഘമാണ് പലിശവരുമാനമായ 1253362 രൂപയുടെ ഡിഡക്ഷന്‍ കിട്ടണമെന്നു ഹര്‍ജി നല്‍കിയത്. കെ.എ. ഇച്ച് ജനതാമള്‍ട്ടിസ്റ്റേറ്റ് സഹകരണബാങ്കിലും കൊല്‍ഹാപൂര്‍ ജില്ലാ കേന്ദ്രസഹകരണബാങ്കിലും നടത്തിയിരുന്ന നിക്ഷേപങ്ങളുടെ 2020-21ലെ പലിശവരുമാനം സംബന്ധിച്ചാണു കേസ്. അസസിങ് ഓഫീസര്‍ (എ.ഒ) ഡിഡക്ഷന്‍ നിരസിച്ചു. സംഘത്തിനു സഹകരണസ്ഥാപനങ്ങളില്‍നിന്നു കിട്ടിയ പലിശയെ മറ്റുസ്രോതസ്സുകളില്‍നിന്നുള്ള വരുമാനമായാണ് എ.ഒ. കണക്കാക്കിയത്. ആദായനികുതി(അപ്പീല്‍) കമ്മീഷണര്‍ക്കു പരാതി കൊടുത്തെങ്കിലും അദ്ദേഹവും നിഷേധിച്ചു. തുടര്‍ന്നാണ് ഐടിഎടിയില്‍ അപ്പീല്‍ നല്‍കിയത്.
അക്കൗണ്ടന്റ് അംഗമായ ഡോ. മനീഷ് ബോറാദിന്റെ ഏകാംഗബെഞ്ച് ആണ് അപ്പീല്‍ പരിഗണിച്ചത്. ട്രൈബ്യൂണലിന്റെ കോഓര്‍ഡിനേറ്റ് ബെഞ്ചുകള്‍ ഇക്കാര്യത്തില്‍ മുമ്പു തീര്‍പ്പുകല്‍പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സഹകരണബാങ്കുകളില്‍നിന്നു സഹകരണസംഘങ്ങള്‍ക്കു കിട്ടുന്ന പലിശയ്‌ക്ക് 80പി(2)(ഡി) പ്രകാരം ഇളവുകൊടുക്കേണ്ടതാണെന്നു നിരന്തരം വിധികളുണ്ടായിട്ടുണ്ട്. ബാങ്കിങ് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും സഹകരണബാങ്കുകള്‍ സഹകരണസ്വഭാവം നിലനിര്‍ത്തുന്നുണ്ട്.

അന്നപൂര്‍ണ നഗരി സഹകാരി പഥ്‌സന്‍സ്ഥ മര്യാദിതും ഐടിഒയും തമ്മിലുള്ള കേസിലും, കൊല്‍ഹാപൂര്‍ ജില്ലാ കേന്ദ്രസഹകരണബാങ്ക് കണ്ട്‌സിസ്റ്റ സേവാകാഞ്ചി സഹകാര്‍ പഥ് സന്‍സ്ഥയും ഐടിഒയും തമ്മിലുള്ള കേസിലും ഇത്തരം ഡിഡക്ഷനുകള്‍ അനുവദിച്ചിട്ടുണ്ട്.
സഹകരണബാങ്കുകള്‍ സഹകരണസംഘനിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌തവയാണ്. അതുകൊണ്ടു സഹകരണസംഘങ്ങളാണ്. അതിനാല്‍ 80പി(2)(ഡി) പ്രകാരമുള്ള ഡിഡക്ഷന് അര്‍ഹവുമാണെന്ന് ഐടിഎടി വ്യക്തമാക്കി. ആദായനികുതി അപ്പീല്‍ കമ്മീഷണറുടെ നിഗമനം ട്രൈബ്യൂണല്‍ റദ്ദാക്കുകയും 1253362 രൂപയുടെ ഡിഡക്ഷന്‍ അനുവദിക്കാന്‍ എ.ഒ.യോടു നിര്‍ദേശക്കുകയും ചെയ്‌തു.
മൊത്തവരുമാനം കണക്കാക്കുമ്പോള്‍, ഒരു സഹകരണസംഘം മറ്റൊരു സഹകരണസംഘത്തില്‍ നടത്തിയ നിക്ഷേപത്തിനു കിട്ടുന്ന പലിശയും ലാഭവിഹിതവും കഴിച്ചുള്ളതു കണക്കാക്കിയാല്‍ മതിയെന്നാണ് 80പി(20(ഡി) വ്യക്തമാക്കുന്നത്.