ആദായനികുതിബില്‍ പാര്‍ലമെന്റ് പാസ്സാക്കി
സെലക്ട്‌കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍മിക്കതും ഉള്‍പ്പെടുത്തി കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ച പുതിയ ആദായനികുതിബില്‍ പാര്‍ലമെന്റ്‌് പാസ്സാക്കി. നേരത്തേ അവതരിപ്പിച്ച ബില്‍ വെള്ളിയാഴ്‌ച സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.പുതിയബില്‍ പ്രകാരം സര്‍ക്കാര്‍സ്ഥാപനങ്ങളില്‍നിന്നുംമറ്റും വിരമിക്കുന്നവര്‍ക്കു ലഭിക്കുന്ന പെന്‍ഷനു മാത്രമല്ല,വിവിധ പെന്‍ഷന്‍ഫണ്ടുകളില്‍ ചേര്‍ന്നവര്‍ക്കു ലഭിക്കുന്ന പെന്‍ഷനും നികുതിയിളവു കിട്ടും. ആദായനികുതിബില്ലിന്റെ ഏഴാംപട്ടികയില്‍ പറഞ്ഞിരിക്കുന്ന എല്‍ഐസി പെന്‍ഷന്‍ഫണ്ട് പോലുള്ളവയില്‍നിന്നു പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ടി.ഡി.എസ്. ഫയല്‍ ചെയ്യാന്‍ വൈകിയാലും തുക തിരിച്ചുകിട്ടാന്‍ തടസ്സമുണ്ടാവില്ല. ഒരു കമ്പനിക്കു മറ്റൊരുകമ്പനിയിലുള്ള ഓഹരികള്‍ക്കു ലഭിക്കുന്ന ലാഭവിഹിതത്തിന് ഡിഡക്ഷന്‍ ഉണ്ട്.വീട്ടുസ്വത്തില്‍ സ്റ്റാന്റേഡ് ഡിഡക്ഷന്‍ 30% ആണ്. വായ്‌പയെടുത്തു വാങ്ങിയതോ പണിതതോ അറ്റകുറ്റപ്പണി ചെയ്‌തതോ പുതുക്കിപ്പണിതതോ പുനര്‍നിര്‍മിച്ചതോ ആണെങ്കില്‍ വായ്‌പയുടെ പലിശയും ആദായം കണക്കാക്കുമ്പോള്‍ കുറയ്‌ക്കാം. തദ്ദേശസ്വയംഭരണസ്ഥാപനത്തിനു നല്‍കിയതോ നല്‍കാനുള്ളതോ ആയ നികുതിയും ആദായം കണക്കാക്കുമ്പോള്‍ കുറയ്‌ക്കാം.
ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങുന്ന 12മാസത്തിനു സാമ്പത്തികവര്‍ഷം, കണക്കെടുപ്പുവര്‍ഷം എന്നീ വാക്കുകള്‍ക്കുപകരം നികുതിവര്‍ഷം എന്ന് ഉപയോഗിക്കുന്നതും ഒരു മാറ്റമാണ്.ഉടമ സ്വന്തം ആവശ്യത്തിനായി വീട് ഉപയോഗിക്കുകയാണെങ്കില്‍ അതിനു വാര്‍ഷികമൂല്യം ഉള്ളതായി കണക്കാക്കില്ല. താമസിക്കാന്‍ കഴിയാതെ വെറുതേഇടേണ്ടിവന്നാലും വാര്‍ഷികമൂല്യം ഉള്ളതായി കണക്കാക്കില്ല. എന്നാല്‍ ഉടമയുടെ രണ്ടുവീടുകള്‍ക്കുമാത്രമാണ് ഇങ്ങനെ വാര്‍ഷികമൂല്യം ഇല്ലാത്തവയായി കണക്കാക്കുന്നതിന്റെ ആനുകൂല്യം ലഭിക്കുക. നികുതിവര്‍ഷത്തില്‍ എപ്പോഴെങ്കിലും വീടോ വീടിന്റെ ഭാഗങ്ങളോ വാടകയ്‌ക്കു കൊടുക്കുകയോ വരുമാനം ലഭിക്കുകയോ ചെയ്‌താലും വാര്‍ഷികമൂല്യം ഇല്ലെന്ന കണക്കില്‍ പെടുത്തി ആനുകൂല്യം നേടാനാവില്ല.
സഹകരണസ്ഥാപനങ്ങളുടെ നികുതി സംബന്ധിച്ച കാര്യങ്ങള്‍ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബില്ലില്‍ ഉണ്ടായിരുന്നതുപോലെ നിലനിര്‍ത്തിയിട്ടുണ്ട് ക്രമക്കേടു കാട്ടിയെന്നു സംശയമുള്ള കേസുകളില്‍ കമ്പ്യൂട്ടര്‍സംവിധാനം തുറക്കാനുള്ള പാസ്‌വേഡ് കിട്ടിയില്ലെങ്കില്‍ അതു മറികടന്നും കമ്പ്യൂട്ടര്‍സംവിധാനം തുറക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ഇതു സ്വകാര്യതാലംഘനമാണെന്നു പരാതിയുണ്ടായി. സ്വകാര്യത ഉറപ്പാക്കാന്‍ മാതൃകാപ്രവര്‍ത്തനച്ചട്ടം ഇറക്കാമെന്നു മന്ത്രി അറിയിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ വോട്ടുമോഷണം ആരോപിച്ചു പുറത്തു പ്രക്ഷോഭം നടത്തവെയാണു ധനമന്ത്രി ആദായനികുതിബില്ലും നികുതിനിയമഭേദഗതി ബില്ലും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ചര്‍ച്ച കൂടാതെയാണു ബില്ലുകള്‍ പാസ്സാക്കിയത്. പിറ്റേന്നു രാജ്യസഭയും ബില്‍ പാസ്സാക്കി. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ അഭാവത്തിലും ചര്‍ച്ചയോടെയാണു പാസ്സാക്കിയത്.