സംഘം നഷ്ടത്തിലായിരിക്കെ ആദായനികുതിയിളവ്‌ നിഷേധിച്ച നടപടി റദ്ദാക്കി

Moonamvazhi
  • 80പി ഇളവു കിട്ടാന്‍ റിട്ടേണ്‍ നിര്‍ബന്ധമല്ല

സഹകരണസംഘം നഷ്ടത്തിലായിരിക്കെ ബാങ്കിലുളള തുക ആദായമായി കണക്കാക്കി ഇളവു നിഷേധിച്ചു നടപടിയെടുത്ത ആദായനികുതിഅധികൃതരുടെ നടപടി ആദായനികുതിഅപ്പലേറ്റ്‌ ട്രൈബ്യൂണല്‍ റദ്ദാക്കി. ബര്‍ദ്വാന്‍ സത്‌ഗാച്ചിയ ജനകല്യാണ്‍ സംഘത്തിന്‌ അനുകൂലമായാണ്‌ ട്രൈബ്യൂണല്‍ കൊല്‍ക്കത്ത ബെഞ്ചിന്റെ ഉത്തരവ്‌. ഇതുപ്രകാരം സംഘത്തിന്‌ 2012-13ലെ കണക്കില്‍ 6810000 രൂപയാണ്‌ ആദായനികുതി കണക്കാക്കപ്പെടുന്നതില്‍നിന്ന്‌ ഒഴിവാക്കിക്കിട്ടിയത്‌. ഈ തുകയത്രയും വിശദീകരണില്ലാത്തവരുമാനമായി കണക്കാക്കുകയും ആദായനികുതിനിയമത്തിലെ 80പി വകുപ്പുപ്രകാരം സഹകരണസംഘത്തിന്‌ അര്‍ഹമായ ഡിഡക്ഷന്‍ നിഷേധിക്കുകയും ചെയ്‌ത അസസിങ്‌ ഓഫീസറുടെയും അതു ശരിവച്ച ആദായനികുതികമ്മീഷണറുടെയും (അപ്പീല്‍) നടപടിയാണു റദ്ദാക്കപ്പെട്ടത്‌. പ്രത്യേകിച്ച്‌, സംഘം അക്കൊല്ലം 4.26 ലക്ഷംരൂപ നഷ്ടത്തിലായിരിക്കെ, റിട്ടേണ്‍ ഫയല്‍ ചെയ്‌തില്ലെന്നു പറഞ്ഞ്‌ ഈ തുകമുഴുവന്‍ ആദായമായി കണക്കാക്കിയതു ശരില്ലെന്നു ട്രൈബ്യൂണല്‍ പറഞ്ഞു. ആദായനികുതിനിയമം 80പി വകുപ്പുപ്രകാരമുള്ള ഡിഡക്ഷന്‍ കിട്ടാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്‌തിരിക്കണമെന്നത്‌ ഒരു മുന്നുപാധിയല്ലെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി. റിട്ടേണ്‍ ഫയല്‍ ചെയ്‌തില്ലെങ്കില്‍ ഈ ഇളവ്‌ അവകാശപ്പെടുന്നതില്‍നിന്നു 80എ(5), 80എസി വകുപ്പുകള്‍ വിലക്കുന്നില്ല. സഹകരണസംഘത്തിന്റെ പ്രവര്‍ത്തനങ്ങളും ഓഡിറ്റുചെയ്‌ത അക്കൗണ്ടുകളും നഷ്ടവും കണക്കിലെടുക്കാതെ അഡീഷന്‍ സ്ഥിരീകരിച്ച ആദായനികുതികമ്മീഷണറുടെ നടപടി തെറ്റാണെന്നു ട്രൈബ്യൂണല്‍ വിലയിരുത്തി. അതു റദ്ദാക്കി മുഴുവന്‍ അഡീഷനും (6810000രൂപ) ഒഴിവാക്കാന്‍ അസസിങ്‌ ഓഫീസറോടു നിര്‍ദേശിക്കുകയും ചെയ്‌തു.

സംഘം അക്കൊല്ലം റിട്ടേണ്‍ കൊടുത്തിരുന്നില്ല. ഓഡിറ്റുപ്രകാരം 426595രൂപ നഷ്ടമുണ്ട്‌. സംഘത്തിനു ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സത്‌ഗാച്ചിയ ശാഖയില്‍ 5510000രൂപ സേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപവും 13ലക്ഷംരൂപ സ്ഥിരനിക്ഷേപവുമുണ്ട്‌. പക്ഷേ റിട്ടേണ്‍ കൊടുത്തില്ല. അസസിങ്‌ ഓഫീസര്‍ 133(6) വകുപ്പുപ്രകാരം നോട്ടീസ്‌ കൊടുത്തു. 2019 മാര്‍ച്ച്‌ 29ന്‌ 148പ്രകാരം നോട്ടീസ്‌ അയച്ചുകൊണ്ട്‌ അസസിങ്‌ ഓഫീസര്‍ പ്രശ്‌നം വീണ്ടും ഉയര്‍ത്തി. ഒക്ടോബര്‍ 17നു 271(1)(ബി) വകുപ്പുപ്രകാരം ഷോകോസും കൊടുത്തു. തുടര്‍ന്നു സംഘം റിട്ടേണിന്റെ കോപ്പിയും ബാലന്‍സ്‌ ഷീറ്റും വരവുചെലവു കണക്കും ബാങ്ക്‌ സ്റ്റേറ്റ്‌മെന്റുകളും കൊടുത്തു. രേഖകളില്‍ ഒപ്പില്ലെന്നും ബാലന്‍സ്‌ ഷീറ്റ്‌ ഓഡിറ്റര്‍ ഓഡിറ്റ്‌ ചെയ്‌തതല്ലെന്നും ഓഫീസര്‍ തടസ്സം പറഞ്ഞു. നവംബര്‍ 29ന്‌ 131 പ്രകാരം സമണ്‍സ്‌ അയച്ചു. 2019 സെപ്‌റ്റബര്‍ ഏഴിന്‌ സംഘം റിട്ടേണ്‍ ഫയല്‍ ചെയ്‌തിരുന്നു. എഒ 143 (2) പ്രകാരം നോട്ടീസ്‌ അയച്ചു. ഒടുവില്‍ അസസിങ്‌ ഓഫീസര്‍ 80പി പ്രകാരം സഹകരണസംഘത്തിനു കിട്ടേണ്ട ഡിഡക്ഷനൊന്നും അനുവദിക്കാതെ സേവിങ്‌ബാങ്ക്‌ അക്കൗണ്ടിലും സ്ഥിരനിക്ഷേപഅക്കൗണ്ടിലുമുള്ള തുകകള്‍ ചേര്‍ത്ത്‌ 6810000രൂപയും വിശദീകരണമില്ലാത്ത പണമായി കണക്കാക്കി സംഘത്തിന്റെ വരുമാനത്തില്‍ കൂട്ടിച്ചേര്‍ത്തു. സംഘം ഇതിനെതിരായി കമ്മീഷണര്‍ക്ക്‌ അപ്പീല്‍ കൊടുത്തെങ്കിലും തള്ളി. ഇതിനെതിരെയാണ്‌ അപ്പലേറ്റ്‌ ട്രൈബ്യൂണലില്‍ പോയത്‌. ബന്ധപ്പെട്ട വര്‍ഷം സംഘം 4,26,596 രൂപ നഷ്ടത്തിലാണെന്നു ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. എഒ ആകട്ടെ റിട്ടേണ്‍ കൊടുത്തിട്ടില്ലെന്നുംപറഞ്ഞു 80പി പ്രകാരമുള്ള ഇളവു നിഷേധിച്ചു ബാങ്കിലുള്ള 6810000രൂപയും വരുമാനത്തിലേക്കു കൂട്ടിയിരിക്കുന്നു. ഇങ്ങനെ മൊത്തംനിക്ഷേപവും വരുമാനമായി കൂട്ടിയതിന്റെ കാരണം പിടികിട്ടുന്നില്ലെന്നു ട്രൈബ്യൂണല്‍ പറഞ്ഞു. 80പി പ്രകാരമുള്ള ഇളവു കിട്ടാന്‍ സഹകരണസംഘം റിട്ടേണ്‍ ഫയല്‍ ചെയ്‌തിരിക്കണമെന്നില്ലെന്നും ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. നാലേകാല്‍ ലക്ഷംരൂപ നഷ്ടമുള്ളപ്പോള്‍ പിന്നെ വരുമാനമില്ല. പ്രാഥമികകൃഷിപട്ടിണസഹകരണസംഘയും ആദായനികുതിഓഫീസറുംതമ്മിലുള്ള കേസില്‍ 2022 ജൂണ്‍ 13ന്‌ ആദായനികുതി കോഓര്‍ഡിനേറ്റ്‌ ബെഞ്ചിന്റെ വിധിയും 80 പി പ്രകാരമുള്ള ഇളവിനു റിട്ടേണ്‍ ഫയല്‍ ചെയ്‌തിരിക്കണമെന്നു നിര്‍ബന്ധമില്ലെന്നാണ്‌. ബാസുദേവ്‌പൂര്‍ ഉത്തര്‍ബര്‍ഹ്‌ സമബേ കൃഷി ഉന്നയന്‍ സമിതിയും എസിഐടിയുംതമ്മിലുള്ള കേസിലെ 2025 ജനുവരി 29ലെ ആദായനികുതി അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ വിധിയും സമാനമാണ്‌. ഈ വിധികളുടെ ഉള്ളടക്കംകൂടി പരിഗണിച്ചാണു ട്രൈബ്യൂണല്‍ വിധി.

 

Moonamvazhi

Authorize Writer

Moonamvazhi has 826 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!