സഹകരണസ്വത്വം പരിഷ്‌കരിക്കുന്നു; ഒക്ടോബര്‍ 31വരെ അഭിപ്രായം അറിയിക്കാം
സഹകരണസ്വത്വത്തെക്കുറിച്ചുള്ള പ്രസ്‌താവനയുടെ രണ്ടാമത്തെ കരട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്രസഹകരണസഖ്യം (ഐസിഎ) അതിനെപ്പറ്റി അംഗങ്ങളിലും പങ്കാളികളിലും സഹകാരികളിലുംനിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ഐസിഎയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒക്ടോബര്‍ 31നകം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണം. 1995ലാണ് സ്വത്വപ്രസ്‌താവന അംഗീകരിച്ചത്. 25വര്‍ഷത്തിനുശേഷം അത് ആഗോളതലത്തില്‍ അഭിപ്രായശേഖരണം നടത്തി പുനര്‍നിര്‍ണയിക്കുകയാണ്. അതിന്റെ ഭാഗമായാണ് അഭിപ്രായങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹിയില്‍നടന്ന ഐസിഎ ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളുടെയും ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണു രണ്ടാംകരട് തയ്യാറാക്കിയിട്ടുള്ളത്. സഹകരണസ്വത്വോപദേശകസംഘം (കോഓപ്പറേറ്റീവ് ഐഡന്റിറ്റി അഡ്‌വൈസറി ഗ്രൂപ്പ് – സിഐഎജി) ആണു കരട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സഹകരണമൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഇന്നത്തെക്കാലത്തെ സ്ഥിതിഗതികളോടു പ്രതികരിക്കാന്‍ കഴിയുംവിധം സഹകരണസ്വത്വത്തെ കാലാനുസൃതമാക്കാലാണു ലക്ഷ്യം. ഒന്നാംകരട് 2024ലെ പൊതുസഭാസമ്മേളനത്തിനുമുമ്പു പ്രസിദ്ധീകരിച്ചിരുന്നു.