പ്രാഥമിക സംഘങ്ങളെ തകര്‍ക്കരുത്‌:കൃഷ്‌ണന്‍ കോട്ടുമല

Moonamvazhi

പ്രാഥമികസഹകരണസംഘങ്ങളെ തകര്‍ക്കുന്ന നയം കേരളസര്‍ക്കാര്‍ തിരുത്തണമെന്നു കേരള കോഓപ്പറേറ്റീവ്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ (എച്ച്‌എംഎസ്‌) സംസ്ഥാനപ്രസിഡന്റ്‌ കൃഷ്‌ണന്‍ കോട്ടുമല ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കെസിഡബ്ലിയുഎഫ്‌ കോഴിക്കോട്‌ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളബാങ്ക്‌ കോഴിക്കോട്‌ റീജിയണല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പലവകസംഘങ്ങള്‍ക്കു വായ്‌പ നല്‍കുന്നതിനാവശ്യമായ നടപടികള്‍ കേരളബാങ്കിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സഹകരണമേഖലയ്‌ക്കു നേരിടേണ്ടിവരും. സഹകരണമേഖലെ സംരക്ഷിക്കാന്‍ ജല്ലാബാങ്കുകള്‍ പുനസ്ഥാപിക്കുകയാണു വേണ്ടത്‌. സഹകരണബാങ്കുകളുടെ പ്രശ്‌നങ്ങള്‍ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരും മനസ്സിലാക്കണം. പ്രാഥമികസംഘങ്ങള്‍ സഹായം ആവശ്യപ്പെടുമ്പോള്‍ അതു വച്ചുതാമസിപ്പിച്ചു കാലതാമസം വരുത്തി സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്ന ജനാധിപത്യവിരുദ്ധസമീപനമാണു സഹകരണവകുപ്പിന്റെത്‌. ജില്ലാസഹകരണബാങ്കു പ്രസിഡന്റും സഹകരണമന്ത്രിയുമായിരുന്നിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളബാങ്കിനുവേണ്ടി പ്രാഥമികസഹകരണസംഘങ്ങളെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതു വേദനാജനകമാണ്‌. സംഘങ്ങളെ എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാക്കാമെന്ന ഗവേഷണത്തിലാണ്‌ അധികൃതര്‍.

മറ്റുമേഖലകള്‍ക്കൊക്കെ വലിയ സഹായം നല്‍കുമ്പോഴും പ്രാഥമികസംഘങ്ങളെ എങ്ങനെയൊക്കെ ഞെക്കിക്കൊല്ലാമെന്നു നോക്കുകയാണു സര്‍ക്കാര്‍. സംഘംജീവനക്കാര്‍ക്കു നല്‍കിയിരുന്ന 50% സംവരണം കേരളബാങ്ക്‌ പുനസ്ഥാപിക്കണം. ഈ സംവരണം എടുത്തുമാറ്റിയപ്പോള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘടനകളും യൂണിയനുകളും അതിനെതിരെ ചെറുവിരല്‍ അനക്കിയില്ല. സഹകരണജീവനക്കാരുടെ ചുമലിലാണു സംഘത്തിന്റെ വിജയവും പരാജയവും എന്ന്‌ ഓര്‍ക്കണം. ജില്ലാബാങ്കുകളെ മാറ്റി കേരളബാങ്ക്‌ കൊണ്ടുവന്നിട്ട്‌ സഹകരണമേഖലയ്‌ക്ക്‌ ഒരു നേട്ടവും ഇല്ല. സഹകരണമേഖലയുടെ അസ്ഥിവാരം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകുകയും ചെയ്‌തു. മുമ്പ്‌ പ്രാഥമികസംഘങ്ങള്‍ക്കു പ്രശ്‌നമുണ്ടായാല്‍ ജില്ലാബാങ്കുകള്‍ സഹായിക്കുമായിരുന്നു. കേരളബാങ്ക്‌ ആയതോടെ അതില്ല. അതുകൊണ്ട്‌ ഇന്നു സംഘങ്ങള്‍ക്കു നാഥനില്ലാത്ത അവസ്ഥായാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമികസഹകരണസംഘങ്ങളെ തകര്‍ക്കുന്ന കേരളബാങ്ക്‌ നയങ്ങള്‍ തിരുത്തുക, പലവകസംഘങ്ങള്‍ക്കു വായ്‌പ അനുവദിക്കുക, സഹകരണസംഘങ്ങള്‍ക്കു നല്‍കിവരുന്ന അധികപ്പലിശനിരക്ക്‌ ഉറപ്പാക്കുക, പ്രാഥമികസഹകരണസംഘംജീവനക്കാര്‍ക്കു ജില്ലാസഹകരണബാങ്ക്‌ നിയമനങ്ങളില്‍ ലഭിച്ചിരുന്ന 50 ശതമാനം സംവരണം കേരളബാങ്ക്‌ നിയമനങ്ങളിലും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധര്‍ണയില്‍ സുധീഷ്‌ ഫറോക്ക്‌ അധ്യക്ഷനായി.കെസിഡബ്ലിയുഎഫ്‌ സംസ്ഥാനവര്‍ക്കിങ്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ മണക്കടവ്‌, സംസ്ഥാനജോയിന്റ്‌ സെക്രട്ടറി ചാലില്‍ മൊയ്‌തീന്‍കോയ, കെഎംഎഫ്‌ സംസ്ഥാനവൈസ്‌പ്രസിഡന്റ്‌ ഫൗസിയ, അബ്‌ദുള്‍ അസീസ്‌, മുരളീധരന്‍ പി.കെ എന്നിവര്‍ സംസാരിച്ചു. ബിജു ടി സ്വാഗതം പറഞ്ഞു.

Moonamvazhi

Authorize Writer

Moonamvazhi has 260 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News