സഹകരണജീവനക്കാരുടെ ചികില്‍സാസഹായം കൂട്ടി
സഹകരണജീവനക്കാരുടെയും ആശ്രിതരുടെയും ചികില്‍സക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു. സംസ്ഥാന സഹകരണജീവനക്കാരുടെ ക്ഷേമബോര്‍ഡ് ആണ് ബോര്‍ഡില്‍ അംഗങ്ങളായ ജീവനക്കാരുടെയും ആശ്രിതരുടെയും ചികിത്സാധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം കാറ്റഗറി എ യിലുള്ള രോഗങ്ങളുടെ ചികില്‍സയ്‌ക്ക് ഒന്നരലക്ഷംരൂപവരെയും ബി യില്‍ ഒരുലക്ഷംവരെയും കിട്ടും. നേരത്തേ എ യില്‍ ഒന്നേകാല്‍ ലക്ഷവും ബി യില്‍ 75000രൂപയും ആയിരുന്നു. രണ്ടു കാറ്റഗറിയിലും ജീവനക്കാരുടെ ആശ്രിതരുടെ ധനസഹായം 40000രൂപയില്‍നിന്ന് 50000ആക്കി.
സി യില്‍ 30000 വരെയോ ഡി യില്‍ 20000വരെയോ പരമാവധി കിട്ടാം. ചികില്‍സക്ക് ഈ തുകകളെക്കാള്‍ കുറവേ ചെലവായിട്ടുള്ളൂവെങ്കില്‍ ആ കുറഞ്ഞതുകയേ കിട്ടൂ.എ യിലും ബി യിലും സേവനകാലത്ത് ഏതെങ്കിലും ഒരു ചികില്‍സക്കേ തുക അനുവദിക്കൂ. ആശ്രിതര്‍ എ യിലോ ബി യിലെ ഉള്ള രോഗങ്ങള്‍ക്കു ചികില്‍സക്കു വിധേയരായാല്‍ സേവനകാലത്ത് ഒരു ആശ്രിതചികില്‍സാധനസഹായവും സി യിലെയോ ഡി യിലോ ഏതെങ്കിലും രോഗത്തിന്റെ ചികില്‍സക്കു ജീവനക്കാര്‍ വിധേയരായാല്‍ ഒരുപ്രാവശ്യംകൂടിയും ധനസഹായം അനുവദിക്കും.
ഭാര്യ, ഭര്‍ത്താവ്, അവിവാഹിതരായ മക്കള്‍, ജീവനക്കാരുടെ പൂര്‍ണസംരക്ഷണത്തിലുള്ള രക്ഷിതാക്കള്‍, അവിവാഹിതരായ ജീവനക്കാരുടെ മാതാപിതാക്കള്‍ എന്നിവരെയാണ് ആശ്രിതരായി കണക്കാക്കുന്നത്.സി യിലും ഡി യിലും ധനസഹായത്തിന് ആശുപത്രിയില്‍നിന്നുള്ള, നിര്‍ദിഷ്ടമാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്-ചികില്‍സാച്ചെലവുസര്‍ട്ടിഫിക്കറ്റ് വച്ചാണ് അപേക്ഷിക്കേണ്ടത്.ആശുപത്രിയില്‍ കിടന്നുള്ള ചികില്‍സ വേണ്ടിവന്നവര്‍ ഡിസ്‌ചാര്‍ജ് തിയതിമുതല്‍ 90 ദിവസത്തിനകം അപേക്ഷിക്കണം. തുടര്‍ചികില്‍സ വേണ്ട ക്രോണിക് രോഗങ്ങളുടെ കാര്യത്തില്‍ അവസാനം പരിശോധിച്ച ദിവസംമുതല്‍ 90ദിവസത്തിനുള്ളിലാണ് അപേക്ഷിക്കേണ്ടത്. സ്ഥിരമായ അംഗവൈകല്യത്തിനുള്ള ധനസഹായത്തിന് ഡിസെബിലിറ്റി സര്‍ട്ടിഫി്‌ക്കറ്റ് കിട്ടി ഒരുവര്‍ഷത്തിനകം അപേക്ഷിക്കണം. ബന്ധപ്പെട്ട സ്ഥാപനത്തിലാണ് അപേക്ഷകൊടുക്കേണ്ടത്. സ്ഥാപനം 30ദിവസത്തിനകം ബോര്‍ഡിലെത്തിക്കണം.
സ്ഥാപനമിരിക്കുന്നിടത്തെ താലൂക്കുതലത്തില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ/ഉദ്യോഗസ്ഥയുടെ ഒപ്പും സീലുമുള്ള നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ, ചികില്‍സാസഹായത്തിനു വെല്‍ഫയര്‍ബോര്‍ഡ് അഡീഷണല്‍ രജിസ്‌ട്രാര്‍/സെക്രട്ടറിയോട് അപേക്ഷിക്കുന്ന ഭരണസമിതിത്തീരുമാനത്തിന്റെ ശരിപ്പകര്‍പ്പ്, ജീവനക്കാരന്റെ/ജീവനക്കാരിയുടെ ജനനത്തിയതിയും ജോലിയില്‍ പ്രവേശിച്ച തിയതിയും വിരമിക്കേണ്ട തിയതിയും സാക്ഷ്യപ്പെടുത്തിയ ചീഫ് എക്‌സിക്യൂട്ടീവിന്റെ റിപ്പോര്‍ട്ട്, ഇതുവരെ ബോര്‍ഡില്‍നിന്നു ചികില്‍സാസഹായം കൈപ്പറ്റിയിട്ടില്ലെന്നും നല്‍കിയ രേഖയിലേതെങ്കിലും വ്യാജമാണെന്നു ബോര്‍ഡിനു ബോധ്യപ്പെട്ടാല്‍ കിട്ടിയ തുക തിരിച്ചടക്കാമെന്നുമുള്ള ചീഫ് എക്‌സിക്യൂട്ടീവിന്റെ സത്യവാങ്‌മൂലം, നിര്‍ദിഷ്ടമാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, കേസ് സമ്മറി/ഡിസ്‌ചാര്‍ജ് സമ്മറിയുടെയും മറ്റുചികില്‍സാരേഖകളുടെയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ്, ആശ്രിതരുടെ ചികില്‍സാസഹായത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ ജീവനക്കാരന്/ജീവനക്കാരിക്ക് ആശ്രിതനും/ ആശ്രിതയുമായുള്ള ബന്ധം വ്യക്തമാക്കുന്ന റവന്യൂരേഖയുടെ ശരിപ്പകര്‍പ്പ്, മക്കള്‍ക്കുള്ള ചികില്‍സാസഹായത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ അവര്‍ അവിവാഹിതരാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കള്‍ക്കുള്ള ചികില്‍സാസഹായത്തിനാണ് അപേക്ഷിക്കുന്നതെങ്കില്‍ അവര്‍ ജീവനക്കാരന്റെ/ജീവനക്കാരിയുടെ പൂര്‍ണസരംക്ഷണത്തിലാണെന്ന വില്ലേജോഫീസറുടെ സര്‍ട്ടിഫിക്കറ്റ് (ഡിപ്പന്റന്‍സി സര്‍ട്ടിഫിക്കറ്റ്) എന്നിവയാണു നല്‍കേണ്ട രേഖകള്‍.