ഉത്പന്ന ഈടുവായ്പയ്ക്കു ഗ്യാരണ്ടിസ്‌കീം
സംഭരിച്ച കാര്‍ഷികോത്പന്നം ഈടു നല്‍കി എടുക്കുന്ന വായ്പയ്ക്കു വായ്പാഗ്യാരന്റി സംരക്ഷണം നല്‍കുന്ന സ്‌കീമിനു തുടക്കമായി. കര്‍ഷകര്‍ക്കു 0.4ശതമാനം മാത്രം വാര്‍ഷികഗ്യാരന്റി ഫീ നല്‍കി സ്‌കീമില്‍ ചേരാം. കാര്‍ഷികേതരവിഭാഗങ്ങള്‍ക്ക് ഇത് ഒരുശതമാനമായിരിക്കും.
സംഭരണശാലാവികസന-നിയന്ത്രണഅതോറിട്ടിയുടെ (ഡബ്ലിയു.ഡി.ആര്‍.എ) അംഗീകാരമുള്ള സംഭരണ ശാലകളില്‍ സംഭരിച്ചുശേഖരിക്കുന്ന കാര്‍ഷികോത്പന്നങ്ങളുടെ ഈടില്‍ എടുക്കുന്ന വായ്പയ്ക്കാണു ഗ്യാരന്റി ലഭിക്കുക. ഈ സംഭരണശാലകളില്‍നിന്നു ലഭിക്കുന്ന ഇലക്ട്രോണിക് നെഗോഷ്യബിള്‍ സംഭരണശാലാ രശീതുകള്‍ ഉപയോഗിച്ചാണു വായ്പയെടുക്കാന്‍ കഴിയുക. ഇത്തരം വായ്പകള്‍ക്കു ഗ്യാരണ്ടിപരിരക്ഷ ലഭിക്കുന്നതോടെ ഉത്പന്നങ്ങള്‍ കിട്ടിയ വിലയ്ക്കു വില്‍ക്കുന്ന പരിഭ്രാന്തവില്‍പന ഒഴിവാക്കാനും സംഭരണശാലകളുടെ രജിസ്‌ട്രേഷനും വികസനവും വര്‍ധിപ്പിക്കാനും കഴിയും എന്നാണു പ്രതീക്ഷ. സഹകരണബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ഗ്യാരന്റി സ്‌കീമിന്റെ ഉറപ്പില്‍ കൂടുതല്‍ വായ്പ നല്‍കാനാവുമെന്നും പ്രതീക്ഷിക്കുന്നു.
ചെറുകിടഇടത്തരം കര്‍ഷകരെയും സ്ത്രീകളും പട്ടികജാതി-വര്‍ഗക്കാരും ഭിന്നശേഷിക്കാരുമായ കര്‍ഷകരെയാണു സ്‌കീം പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. ചെറുകിട-ഇടത്തരം വ്യാപാരികള്‍ കാര്‍ഷികോത്പാദകസ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ഇത്തരം വായ്പ അനുവദിക്കുന്നുണ്ട്. മൂന്നുലക്ഷംരൂപവരെയുള്ള വായ്പയുടെ 85ശതമാനത്തിനും, അതിനുമുകളില്‍ ചെറുകിടഇടത്തരം കര്‍ഷകരും സ്ത്രീകളും പട്ടികജാതി-വര്‍ഗക്കാരും ഭിന്നശേഷിക്കാരുമായവരുടെ 75ലക്ഷംരൂപവരെയുള്ള വായ്പയുടെ 80ശതമാനത്തിനും, മറ്റുവായ്പക്കാരുടെ വായ്പത്തുകയുടെ 75 ശതമാനമത്തിനുമാണു ഗ്യാരന്റി ലഭിക്കുക. വായ്പാറിസ്‌കുകളും സംഭരണശാലാറിസ്‌കുകളും ഗ്യാരന്റിയുടെ പരിധിയില്‍ വരും. 1000രൂപയുടെ സഞ്ചിതനിധിയുള്ള സ്‌കീമാണിത്.കേന്ദ്രഉപഭോക്തൃ-ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്‌ളാദ് ജോഷി സ്‌കീം സംഭരണഈടു വായ്പകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡബ്ലിയുഡിആര്‍എയുടെ സേവനം കൂടുതല്‍ കര്‍ഷകരിലേക്കു വ്യാപിപ്പിക്കണമെന്നും അംഗീകാരമുള്ള കൂടുതല്‍ സംഭരണശാലകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.