സഹകരണസംഘങ്ങളുടെ ജി.എസ്.ടി.പ്രശ്‌നം ലോക്‌സഭയില്‍
സഹകരണസംഘങ്ങളുടെ ജിഎസ്‌ടി പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ടു. ഫ്രാന്‍സിസ് ജോര്‍ജ് എംപിയാണിത് ഉന്നയിച്ചത്. സഹകരണസംഘങ്ങള്‍ക്ക് ജിഎസ്‌ടി ഏര്‍പ്പെടുത്തിയ നടപടിയും വടയും പഴമ്പൊരിയും അടയും കൊഴുക്കട്ടയുംപോലുള്ള പരമ്പരാഗതഭക്ഷണസാധനങ്ങള്‍ക്കു 18 ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയ നടപടിയും പിന്‍വലിക്കണമെന്ന് അദ്ദേഹം ധനമന്ത്രി നിര്‍മലാസീതാരാമനോട് ആവശ്യപ്പെട്ടു. ധനകാര്യബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. സഹകരണബാങ്കുകളിലെ പ്രതിമാസനിക്ഷേപം പോലുള്ള പദ്ധതികളുടെ സേവനങ്ങള്‍ക്കു 2017മുതല്‍ മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്താനുള്ള തീരുമാനം പിന്‍വലിക്കണം.
2021ലെ ധനകാര്യനിയമത്തില്‍ 7(1)(എഎ) അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ക്ലബ്ബം അസോസിയേഷനുകളും പോലുള്ള സംഥാപനങ്ങളും അതിലെ അംഗങ്ങളും രണ്ടുവ്യത്യസ്‌ത വ്യക്തികളാണെന്നും അതിനാല്‍ അവര്‍തമ്മില്‍ നടക്കുന്ന ഇടപാടുകള്‍ക്കു നികുതി ഈടാക്കണമെന്നും കേന്ദ്രധനമന്ത്രാലയംം തീരുമാനിച്ചു. കൊല്‍ക്കത്ത ക്ലബ്ബ് കേസിലെ സുപ്രിംകോടതിവിധിയെ മറികടക്കാനാണ് ഈ തീരുമംനം എടുത്തത്. ക്ലബ്ബും സംഘവുമൊക്കെ അതിലെ അംഗങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്കു നികുതി ചുമത്തരുതെന്നായിരുന്നു സുപ്രീംകോടതി.വിധി. ഇതു സഹകരണസംഘങ്ങള്‍ക്കും ബാധകമാണ് എന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതു മറികടക്കാനുള്ള കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം വലിയ ഭാരമാണു സഹകരണസംഘങ്ങള്‍ക്കു വരുത്തിയിട്ടുള്ളത്. ഇതു പിന്‍വലിക്കണമെന്നതു സഹകരണപ്രസ്ഥാനങ്ങളുടെ പ്രധാനആവശ്യങ്ങളിലൊന്നാണ്. ഭരണഘടനപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കു നിലനില്‍പില്ല.
സഹകരണനിയമത്തിനുകീഴില്‍വരുന്ന സ്ഥാപനങ്ങള്‍ അതിലെ അംഗങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്കു നികുതി ബാധകമല്ലാത്തതാണ്. ഇതിനു കടകവിരുദ്ധമായ നിലപാടാണു കേന്ദ്രസര്‍ക്കാരിന്റെത്. വട, പഴംപൊരി, അട, കൊഴുക്കട്ട എന്നിവ അടക്കമുള്ള പരമ്പരാഗത ഭക്ഷണസാധനങ്ങള്‍ക്കും 18 ശതമാനം നികുതിയുണ്ട്. കുടുംബശ്രീപോലുള്ള ചെറുകിടസംരംഭങ്ങളും സംഘങ്ങളും ഉല്‍പാദിപ്പിച്ചു ബേക്കറികളിലൂടെയൊക്കെ വിതരണം ചെയ്യുന്ന ഈ നാടന്‍ വിഭവങ്ങള്‍ക്കു 18 ശതമാനം നികതിചുമത്തുന്നതു അല്‍പവരുമാനക്കാരായ അവര്‍ക്കു വിലയ ബുദ്ധിമുട്ടാണ്. ഈ ഉല്‍പന്നങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ അവയ്‌ക്ക് ഇന്‍പുട്ട് നികുതി ലഭിക്കുകയില്ല. എച്ച്‌എസ്‌എന്‍ കോഡുകള്‍ ഇല്ലാത്തതുമൂലം ഏറ്റവും ഉയര്‍ന്ന നിരക്കാണു ചുമത്തപ്പെടുന്നത്. ഇതു കടുത്ത അനീതിയാണ്. ഏറ്റവും കുറഞ്ഞ നിരക്കു മാത്രമേ ചുമത്താവൂ – അദ്ദേഹം ആവശ്യപ്പെട്ടു. ചക്കയുടെ പോഷകസമൃദ്ധി ഡ്യൂക്ക് സര്‍വകലാശാലകള്‍പോലുള്ള സ്ഥാപനങ്ങള്‍വരെ അംഗീകരിച്ച സ്ഥിതിക്ക് അതിന്റെ കൃഷി വ്യാപിപ്പിക്കാനും സംസ്‌കരണന-വിപണന-കയറ്റുമതി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ജാക്ക് ഫ്രൂട്ട് ബോര്‍ഡ് രൂപവല്‍കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.