ഗ്രാമീണ്‍ ബാങ്കുകളിലെ 13217 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi
  • കേരള ഗ്രാമീണ്‍ ബാങ്കില്‍ 350 ഓഫീസ്‌ അസിസ്റ്റന്റ്‌ ഒഴിവ്‌
  • കേരള ഗ്രാമീണ്‍ ബാങ്കില്‍ സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍മാരുടെ 250 ഒഴിവ്‌

കേരള ഗ്രാമീണ്‍ബാങ്ക്‌ അടക്കം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 28 ഗ്രാമീണ്‍ ബാങ്കുകളിലെ അഥവാ മേഖലാഗ്രാമീണബാങ്കുകളിലെ (റീജണല്‍ റൂറല്‍ ബാങ്ക്‌) 13217 ഒഴിവുകളിലേക്ക്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സൊണേല്‍ സെലക്ഷന്‍ (ഐപിബിഎസ്‌) അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍ ഒന്ന്‌, രണ്ട്‌ മൂന്ന്‌ ഓഫീസര്‍മാരുടെ (ഗ്രൂപ്പ്‌ എ) ഒഴിവുകളിലേക്കും ഓഫീസ്‌ അസിസ്റ്റന്റുമാരുടെ (വിവധോദ്ദേശ്യം-ഗ്രൂപ്പ്‌ ബി) ഒഴിവുകളിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. കേരളഗ്രാമീണ്‍ ബാങ്കില്‍മാത്രം ഓഫീസ്‌ അസിസ്‌റ്റന്റുമാരുടെ 350 ഒഴിവുണ്ട്‌. സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയില്‍ 250, സ്‌കെയില്‍ രണ്ട്‌ ജനറല്‍ ബാങ്കിങ്‌ ഓഫീസര്‍ തസ്‌തികയില്‍ 15, സ്‌കെയില്‍ രണ്ട്‌ ഓഫീസര്‍ (സിഎ) തസ്‌തികയില്‍ മൂന്ന്‌, സ്‌കെയില്‍ രണ്ട്‌ ഓഫീസര്‍ (ലോ) തസ്‌തികയില്‍ അഞ്ച്‌, സ്‌കെയില്‍രണ്ട്‌ ഓഫീസര്‍ (ട്രഷറി മാനേജര്‍) തസ്‌തികയില്‍ രണ്ട്‌ എന്നിങ്ങനെയാണ്‌ കേരള ഗ്രാമീണ്‍ ബാങ്കിലെ ഒഴിവുകള്‍. ഓഫീസ്‌ അസിസ്റ്റന്റ്‌ തസ്‌തികയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ രാജസ്ഥാന്‍ ഗ്രാമീണ്‍ ബാങ്കിലാണ്‌. 1725 ഒഴിവുകള്‍. ഉത്തര്‍പ്രദേശ്‌ ഗ്രാമീണ്‍ബാങ്കില്‍ 1000 ഒഴിവുണ്ട്‌. കര്‍ണാടക ഗ്രാമീണബാങ്കില്‍ 800. സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ കര്‍ണാടക ഗ്രാമീണബാങ്ക്‌, രാജസ്ഥാന്‍ ഗ്രാമീണ്‍ ബാങ്ക്‌, ഉത്തര്‍പ്രദേശ്‌ ഗ്രാമീണ്‍ബാങ്ക്‌ എന്നിവിടങ്ങളിലാണ്‌. മൂന്നിടത്തും 500 വീതം ഒഴിവുണ്ട്‌.

സെപ്‌റ്റംബര്‍ 21നകം അപേക്ഷിക്കണം. അപേക്ഷാഫീസും ഇന്റിമേഷന്‍ ചാര്‍ജും അതിനകം അടയ്‌ക്കണം. നവംബറില്‍ പരീക്ഷാപൂര്‍വപരിശീലനം തുടങ്ങും. പൊതുനിയമനപ്രക്രിയയില്‍ (കോമണ്‍ റിക്രൂട്ട്‌മെന്റ്‌ പ്രോസസ്‌ – സിആര്‍പി ആര്‍ആര്‍ബിസ്‌ XIV) രജിസ്റ്റര്‍ ചെയ്യണം. ഒരേയാളുകള്‍ക്കുതന്നെ ഗ്രൂപ്പ്‌ എ തസ്‌തികകളിലേക്കും ഗ്രൂപ്പ്‌ ബി തസ്‌തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്‌. ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുമ്പോള്‍ സ്‌കെയില്‍ ഒന്ന്‌, സ്‌കെയില്‍ രണ്ട്‌, സ്‌കെയില്‍ മൂന്ന്‌ എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കേ അപേക്ഷിക്കാവൂ. ഗ്രൂപ്പ്‌ എ യിലേക്കും ഗ്രൂപ്പ്‌ ബി യിലേക്കും അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷാഫീസും ഇന്റിമേഷന്‍ ഫീസും വെവ്വേറെ അടയ്‌ക്കുകയും വേണം.ഓഫീസ്‌ അസിസ്റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ബിരുദധാരികളോ തുല്യയോഗ്യതയുള്ളവരോ ആയിരിക്കണം. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ (അസിസ്റ്റന്റ്‌ മാനേജര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ബിരുദധാരികളോ തുല്യയോഗ്യതയുള്ളവരോ ആയിരിക്കണം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്‌ട്രി, അനിമല്‍ ഹസ്‌ബന്‍ഡറി, വെറ്ററിനറി സയന്‍സ്‌, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ്‌, പിസി കള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ കോഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്‌, നിയമം, ധനശാസ്‌ത്രം, അക്കൗണ്ടന്‍സി എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവര്‍ക്കു മുന്‍ഗണന. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.ഓഫീസര്‍ സ്‌കെയില്‍ രണ്ട്‌ ജനറല്‍ ബാങ്കിങ്‌ ഓഫീസര്‍ (മാനേജര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ 50ശതമാനം മാര്‍ക്കോടെ ബിരുദമോ തുല്യയോഗ്യതയോ ഉള്ളവരായിരിക്കണം. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്‌ട്രി, അനിമല്‍ ഹസ്‌ബന്‍ഡറി, വെറ്ററിനറി സയന്‍സ്‌, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ്‌, പിസി കള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ കോഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്‌, നിയമം, ധനശാസ്‌ത്രം, അക്കൗണ്ടന്‍സി എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവര്‍ക്കു മുന്‍ഗണന. ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ രണ്ടുവര്‍ഷം ഓഫീസറായി പ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ രണ്ട്‌ സ്‌പെഷ്യലിസ്റ്റ്‌ ഓഫീസര്‍മാരുടെ (മാനേജര്‍) കാര്യത്തില്‍ ആറു വിഭാഗങ്ങളുണ്ട്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ലോഓഫീസര്‍, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിങ്‌ ഓഫീസര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്നിവയാണവ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ഇലക്ട്രോണിക്‌സ്‌, കമ്മൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്‌, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,എന്നിവയിലൊന്നില്‍ 50ശതമാനം മാര്‍ക്കോടെ ബിരുദമോ തുല്യയോഗ്യതയോ ഉള്ളവരായിരിക്കണം. എസ്‌പി, പിഎച്ച്‌പി, സി പ്ലസ്‌ പ്ലസ്‌, ജാവ, വിബി, വിസി, ഒസിപി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം. ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം വേണം. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ്‌ അസോസിയേറ്റ്‌ ആയിരിക്കണം. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായി ഒരു വര്‍ഷം പ്രവൃത്തിപരിചയം വേണം. ലോ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ 50% മാര്‍ക്കോടെ നിയമബിരുദമോ തുല്യയോഗ്യതയോ നേടിയവരായിരിക്കണം. രണ്ടുവര്‍ഷം അഭിഭാഷകനായോ ബാങ്കിന്റെയോ ധനകാര്യസ്ഥാപനത്തിന്റെയോ ലോ ഓഫീസറായോ പരിചയമുണ്ടായിരിക്കണം. ട്രഷറിമാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ യോഗ്യതയോ എംബിഎയോ (ഫിനാന്‍സ്‌) നേടിയിരിക്കണം.ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം വേണം. മാര്‍ക്കറ്റിങ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ എംബിഎ(മാര്‍ക്കറ്റിങ്‌)ക്കാരായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ ഒരുവര്‍ഷം പ്രവൃത്തിപരിചയം വേണം. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഡയറി, ആനിമല്‍ ഹസ്‌ബന്‍ഡറി, ഫോറസ്‌ട്രി, വെറ്ററിനറി സയന്‍സ്‌, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ്‌, പിസികള്‍ച്ചര്‍ എന്നിവയിലൊന്നില്‍ 50%മാര്‍ക്കോടെ ബിരുദമെടുത്തിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ മൂന്ന്‌ (സീനിയര്‍മാനേജര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ 50%മാര്‍ക്കോടെ ബിരുദമോ തുല്യയോഗ്യതയോ നേടിയവരായിരിക്കണം. ബാങ്കിങ്‌, ഫിനാന്‍സ്‌, മാര്‍ക്കറ്റിങ്‌, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്‌ട്രി, ആനിമല്‍ ഹസ്‌ബന്‍ഡറി, വെറ്ററിനറി സയന്‍സ്‌, അഗ്രികള്‍ച്ചറല്‍ എഞ്ചിനിയറിങ്‌, പിസികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്‌ ആന്റ്‌ കോഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്‌, നിയമം, ഇക്കണോമിക്‌സ്‌, അക്കൗണ്ടന്‍സി എന്നിവയിലേതിലെങ്കിലും ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കു മുന്‍ഗണന. ബാങ്കിലോ ധനകാര്യസ്ഥാപനങ്ങളിലോ അഞ്ചുകൊല്ലം ഓഫീസറായി പ്രവൃത്തിപരിചയം വേണം.പ്രാദേശികഭാഷ അറിഞ്ഞിരിക്കേണ്ട തസ്‌തികകളുടെ കാര്യത്തില്‍ എട്ടാംക്ലാസുവരെയോ അതിനുമുകളിലുള്ള വിദ്യാഭ്യാസഘട്ടത്തിലോ പ്രാദേശികഭാഷ പഠിച്ചിട്ടുള്ളവരോ അതിനുതുല്യമായ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവരോ ആണെങ്കില്‍ പ്രാദേശികഭാഷയില്‍ പ്രാവീണ്യമുള്ളവരായി കണക്കാക്കും. അല്ലാത്തവരുടെ കാര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആറുമാസം പ്രാദേശികഭാഷ പഠിക്കാന്‍ സമയം നല്‍കും.

ഗ്രൂപ്പ്‌ ബിയില്‍ പെട്ട ഓഫീസ്‌ അസിസ്റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌ ) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള പ്രായപരിധി 18വയസ്സിനും 28വയസ്സിനും മധ്യേയാണ്‌. അതായത്‌ 1997 സെപ്‌റ്റംബര്‍ രണ്ടിനുമുമ്പു ജനിച്ചവരും 2007 സെപ്‌റ്റംബര്‍ ഒന്നിനുശേഷം (രണ്ടുതിയതികളും ഉള്‍പ്പെടെ) ജനിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.ഗ്രൂപ്പ്‌ ബിയില്‍ പെട്ട ഓഫീസര്‍ സ്‌കെയില്‍ ഒന്ന്‌ (അസിസ്റ്റന്റ്‌ മാനേജര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള പ്രായപരിധി 18വയസ്സിനും 30വയസ്സിനും മധ്യേയാണ്‌. അതായത്‌ 1995 സെപ്‌റ്റംബര്‍ രണ്ടിനുമുമ്പും 2007 സെപ്‌റ്റംബര്‍ ഒന്നിനുശേഷവും (രണ്ടു തിയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ അപേക്ഷിക്കരുത്‌.ഗ്രൂപ്പ്‌ ബിയില്‍ പെട്ട ഓഫീസര്‍ സ്‌കെയില്‍ രണ്ട്‌ (മാനേജര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള പ്രായപരിധി 21വയസ്സിനും 32 വയസ്സിനും മധ്യേയാണ്‌. അതായത്‌ 1993 സെപ്‌റ്റംബര്‍ രണ്ടിനുമുമ്പും 2004 സെപ്‌റ്റംബര്‍ ഒന്നിനുശേഷവും (രണ്ടുതിയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ അപേക്ഷിക്കരുത്‌.ഗ്രൂപ്പ്‌ എ യില്‍ പെട്ട ഓഫീസര്‍ സ്‌കെയില്‍ മൂന്ന്‌ (സീനിയര്‍ മാനേജര്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള പ്രായപരിധി 21 വയസ്സിനും 40 വയസ്സിനും മധ്യേയാണ്‌. അതായത്‌ 1985 സെപ്‌റ്റംബര്‍ രണ്ടിനുമുമ്പും 2004 സെപ്‌റ്റംബര്‍ ഒന്നിനുശേഷവും (രണ്ടുതിയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ അപേക്ഷിക്കരുത്‌.

പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും അഞ്ചുവര്‍ഷവും, നോണ്‍ക്രീമിലെയര്‍ ഒബിസിക്കാര്‍ക്ക്‌ മൂന്നുവര്‍ഷവും, ഭിന്നശേഷിക്കാര്‍ക്കു 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും. എക്‌സ്‌ സര്‍വീസുകാര്‍ക്കു സൈനികസേവനകാലംകൂടാതെ മൂന്നുവര്‍ഷവും ഭിന്നശേഷിക്കാരായ എക്‌സ്‌ സര്‍വീസുകാര്‍ക്കും പട്ടികജാതിക്കാരായ എക്‌സ്‌ സര്‍വീസുകാര്‍ക്കും പട്ടികവര്‍ഗക്കാരായ എക്‌സ്‌ സര്‍വീസുകാര്‍ക്കും എക്‌സ്‌ സര്‍വീസ്‌ മെന്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍മാര്‍ക്കും, വിധവകള്‍ക്കും, വിവാഹമോചിതര്‍ക്കും, ഭര്‍ത്താവില്‍നിന്നു നിയമപരമായി വേര്‍പിരിഞ്ഞവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌. ഇവര്‍ക്ക്‌ ഗ്രേഡ്‌ എ ഗ്രേഡ്‌ തസ്‌തികകളുടെ കാര്യത്തില്‍ വ്യത്യസ്‌തരീതിയിലാണു വയസ്സിളവുകള്‍.എല്ലാതസ്‌തികയുടെയും അപേക്ഷാഫീസ്‌/ ഇന്റിമേഷന്‍ ചാര്‍ജ്‌ ജിഎസ്‌ടി അടക്കം 850രൂപയാണ്‌. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 175 രൂപമാത്രം അടച്ചാല്‍ മതി.സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയിലേക്കും ഓഫീസ്‌ അസിസ്റ്റന്റ്‌ (മള്‍ട്ടി പര്‍പ്പസ്‌) തസ്‌തികയിലേക്കും രണ്ടുതട്ടായിട്ടായിരിക്കും പരീക്ഷ. അതായത്‌ പ്രാഥമിക പരീക്ഷയും പ്രധാനപരീക്ഷയുമുണ്ടാകും.

ഓഫീസ്‌ അസിസ്റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌) തസ്‌തികയുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ പ്രാഥമികപരീക്ഷയില്‍ യോഗ്യരാകുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപ്പെട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക്‌ ഓണ്‍ലൈന്‍ പ്രധാനപരീക്ഷയ്‌ക്ക്‌ ഇരിക്കാം. അതിലെ മികവിന്റെ അടിസ്ഥാനത്തില്‍ വിവിധ ആര്‍ആര്‍ബികളിലെ യഥാര്‍ഥഒഴിവുകളിലേക്ക്‌ അലോട്ട്‌ ചെയ്യും.സ്‌കെയില്‍ ഒന്ന്‌ ഓഫീസര്‍ തസ്‌തികയുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ പ്രാഥമികപരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുള്‍പ്പെടുന്നവര്‍ക്ക്‌ ഓണ്‍ലൈന്‍ പ്രധാനപരീക്ഷ നടത്തും. തുടര്‍ന്ന്‌ ഇന്റര്‍വ്യൂവുമുണ്ടാകും. നോഡല്‍ റീജണല്‍ റൂറല്‍ ബാങ്കുകളായിരിക്കും ഇന്റര്‍വ്യൂ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. നബാര്‍ഡിന്റെയും ഐബിപിഎസിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും സഹായത്തോടെയായിരിക്കും ഇത്‌.സ്‌കെയില്‍ രണ്ട്‌ (ജനറലിസ്‌റ്റുകളും സ്‌പെഷ്യലിസ്റ്റുകളും), സ്‌കെയില്‍ മൂന്ന്‌ ഓഫീസര്‍മാരുടെ തസ്‌തികകളുടെ കാര്യത്തില്‍ ഒറ്റ ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും. ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നവരെ ഇന്റര്‍വ്യൂവിനു വിളിക്കും. നോഡല്‍ ആര്‍ആര്‍ബികള്‍ നബാര്‍ഡിന്റെയും ഐബിപിഎസിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും സഹായത്തോടെയായിരിക്കും ഇന്റര്‍വ്യൂപ്രവര്‍ത്തനങ്ങള്‍ നടത്തുക.വിശദമായ വിജ്ഞാപനം ഐബിപിഎസിന്റെ വെബ്‌സൈറ്റായ www.ibps.in ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 611 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!