സ്വര്‍ണപ്പണയവായ്‌പ:കരടിലുളളത്‌ വിപുലമായ നിര്‍ദേശങ്ങള്‍

Moonamvazhi

സ്വര്‍ണവും മറ്റാഭരണങ്ങളും ഈടായി സ്വീകരിച്ചു വായ്‌പ നല്‍കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വിപുലമാര്‍ഗനിര്‍ദേശങ്ങളാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഇതുസംബന്ധിച്ചു പ്രസിദ്ധീകരിച്ച കരട്‌ നിര്‍ദേശങ്ങളിലുള്ളത്‌. പ്രാഥമികഅര്‍ബന്‍ സഹകരണബാങ്കുകള്‍, റൂറല്‍ സഹകരണബാങ്കുകള്‍ (സംസ്ഥാനസഹകരണബാങ്കുകളും കേന്ദ്രസഹകരണബാങ്കുകളും), വാണിജ്യബാങ്കുകള്‍ (പേമെന്റുബാങ്കുള്‍ ഒഴികെയും ചെറുകിടധനകാര്യബാങ്കുകളും ലോക്കല്‍ ഏരിയ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഉള്‍പ്പെടെയും) എന്നിവയ്‌ക്ക്‌ ഈ വ്യവസ്ഥകള്‍ ബാധകമാണ്‌. വെള്ളികൊണ്ടുള്ള ആഭരണങ്ങളും നാണയങ്ങളും ഈടായി സ്വീകരിച്ചുള്ള വായ്‌പകള്‍ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. ആക്ഷേപങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തി അന്തിമമായി നിലവില്‍ വരുന്ന മുറയ്‌ക്കാണിവ പ്രാബല്യത്തിലാവുക.

മതിയായ വായ്‌പാവിലയിരുത്തലും വിവേകവും എല്ലാ വായ്‌പയിലും വേണം. തിരിച്ചടക്കാനുള്ള കഴിവു കണക്കിലെടുത്തുവേണം വായ്‌പ അനുവദിക്കാന്‍. വായ്‌പയുടെ ഉപയോഗം കാലാകാലങ്ങളില്‍ നിരീക്ഷിക്കണം. തെളിവുകള്‍ രേഖപ്പെടുത്തണം. വായ്‌പാദാതാവിന്റെ നയത്തിന്റെ പരിധി കവിഞ്ഞുള്ള, വരുമാനം ഉല്‍പാദിപ്പിക്കുന്ന, എല്ലാ വായ്‌പയുടെ കാര്യത്തിലും ഉപയോഗം സംബന്ധിച്ചു രേഖാമൂലം തെളിവ്‌ സൂക്ഷിക്കണം. ഒരുപരിധികഴിഞ്ഞുള്ള നിക്ഷേപവായ്‌പകള്‍ക്കും ഇതു ബാധകമാണ്‌. നിലവിലുള്ള വായ്‌പകള്‍ സ്റ്റാന്റേര്‍ഡ്‌ വായ്‌പകളായി കണക്കാക്കാവുന്നവയും അനുവദനീയമായ എല്‍ടിവി (ലോണ്‍ ടു വാല്യു) അനുപാതത്തില്‍ ഇടമുള്ളതുമാണെങ്കില്‍ വായ്‌പകള്‍ പുതുക്കുകയും ടോപ്‌അപ്‌ വായ്‌പകള്‍ അനുവദിക്കുകയും ചെയ്യാം. വായ്‌പക്കാരുടെ ഔപചാരികമായ അപേക്ഷയുടെ അടിസ്ഥാനത്തില്‍മാത്രമേ ഇതു ചെയ്യാവൂ. വീണ്ടും ഒരു വായ്‌പാഅവലോകനംകൂടി നടത്തിയശേഷമേ ഇവ അനുവദിക്കാവൂ. ഇത്തരം പുതുക്കലുകളും ടോപ്‌ അപ്‌ വായ്‌പകളും കോര്‍ബാങ്കിങ്‌ സംവിധാനത്തിലും വായ്‌പാ പ്രോസസിങ്‌ സംവിധാനത്തിലും വ്യക്തമായി തിരിച്ചറിയാന്‍ കഴിയണം. ബുള്ളറ്റ്‌ റീപേമെന്റ്‌ വായ്‌പകളിലുള്ള (വായ്‌പ കാലാവധിയാകുമ്പോള്‍ മുതല്‍ തിരിച്ചടച്ചിരിക്കേണ്ട വായ്‌പകള്‍) ടോപ്‌ അപ്പുകളും പുതുക്കലുകളും സഞ്ചിതപലിശ തിരിച്ചടച്ചശേഷമേ നല്‍കാവൂ.

പണയവസ്‌തുവിന്റെ വില എത്രയായാലും ഒരേസ്വര്‍ണം ഒരേസമയം വരുമാനോല്‍പാദകവായ്‌പയ്‌ക്കും ഉപഭോഗവായ്‌പയ്‌ക്കും ഈടായി സ്വീകരിക്കരുത്‌. പണയവസ്‌തുവിന്റെ ഉടമസ്ഥത സംശയാസ്‌പദമാണെങ്കില്‍ അതിന്‍മേല്‍ വായ്‌പ അനുവദിക്കരുത്‌. ഉടമസ്ഥതാപരിശോധനയുടെ രേഖകള്‍ സൂക്ഷിക്കയും വേണം. സ്വര്‍ണം വാങ്ങിയതിന്റെ ഒറിജിനല്‍ രശീതുകള്‍ ഇല്ലെങ്കില്‍, വായ്‌പക്കാരില്‍നിന്നു മതിയായ രേഖയോ പ്രസ്‌താവനയോ ലഭ്യമാക്കി രേഖ തയ്യാറാക്കിവയ്‌ക്കണം. എങ്ങനെ പണയവസ്‌തുവിന്റെ ഉടമസ്ഥത നിശ്ചയിച്ചു എന്നു വ്യക്തമാക്കുന്നതായിരിക്കണം ഇത്‌. സ്വര്‍ണം ഈടു നല്‍കുന്നത്‌ സംശയാസ്‌പദഇടപാട്‌ റിപ്പോര്‍ട്ടിങ്‌ നയത്തിനു വിധേയമായിരിക്കും. ബന്ധപ്പെട്ട റെഗുലേറ്ററി അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു വായ്‌പ നല്‍കുന്ന സ്ഥാപനം ഈ നയം രൂപവല്‍കരിക്കേണ്ടത്‌.

റീപ്ലെഡ്‌ജ്‌ഡ്‌ സ്വര്‍ണഈടിന്‍മേല്‍ വായ്‌പ നല്‍കരുത്‌.മൊത്തംവായ്‌പയുടെയും അഡ്വാന്‍സുകളുടെയും എത്ര ശതമാനം സ്വര്‍ണവായ്‌പയാകാം എന്നു വായ്‌പ നല്‍കുന്ന സ്ഥാപനം പരിധി നിശ്ചയിക്കണം. ഇതു കാലാകാലങ്ങളില്‍ പുനര്‍വിലയിരുത്തുകയും വേണം. ഗ്രാനുലാരിറ്റി, തിരിച്ചടവുകാര്യക്ഷമത, ലേലത്തിലെ റിയലൈസേഷന്‍മികവ്‌, മതിയായ സാമ്പത്തികമൂലധനലഭ്യത, കോണ്‍സണ്‍ട്രേഷന്‍ റിസ്‌കുകള്‍ എന്നിവ കണക്കിലെടുത്തായിരിക്കണം പുനര്‍വിലയിരുത്തല്‍.സ്വര്‍ണഈടിന്റെ അടിസ്ഥാനത്തില്‍ ഒറ്റയാള്‍ക്കു നല്‍കാവുന്ന വായ്‌പയ്‌ക്കും പരിധി നിശ്ചയിക്കണം. പൊതുവായി ബാധകമായവിധത്തിലുള്ളതും പക്ഷപാതമില്ലാത്തതുമായ രീതിയിലാണു പരിധി നിശ്ചയിക്കേണ്ടത്‌.ബുള്ളറ്റ്‌ പേമെന്റ്‌ രീതിയിലുള്ള ഉപഭോഗവായ്‌പകളുടെ മുതലും പലിശയുമടക്കേണ്ട കാലാവധി 12 മാസമായിരിക്കണം.സഹകരണബാങ്കുകളും ആര്‍ആര്‍ബികളും ഒരാള്‍ക്കു പരമാവധി അഞ്ചുലക്ഷംരൂപവരെ മാത്രമേ ബുള്ളറ്റ്‌ പേമെന്റ്‌ വായ്‌പ അനുവദിക്കാവൂ.ഒരാള്‍ക്ക്‌ ഒരുകിലോയില്‍കൂടുതല്‍ സ്വര്‍ണമോ വെള്ളിയോ ആഭരണങ്ങളായി പണയംവയ്‌ക്കാനാവില്ല.സ്വര്‍ണനാണയമാണെങ്കില്‍ ഒരാള്‍ക്ക്‌ 50ഗ്രാമില്‍കൂടുതല്‍ പണയം വയ്‌ക്കാനാവില്ല. വെള്ളിനാണയമാണെങ്കില്‍ ഇതു പരമാവധി 500 ഗ്രാമാണ്‌. പ്രത്യേകമായി അടിച്ചതും 22കാരറ്റോ അതിലേറെയോ മാറ്റുള്ളതും ബാങ്കുകള്‍ വഴി വില്‍ക്കുന്നതുമായ സ്‌പെസിഫൈഡ്‌ സ്വര്‍ണനാണയങ്ങളാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ബാങ്കുകളല്ലാത്ത സ്ഥാപനങ്ങള്‍ വില്‍ക്കുന്ന നാണയങ്ങള്‍ സ്‌പെസിഫൈഡ്‌ കോയിനുകളായി കണക്കാക്കില്ല. മേല്‍പറഞ്ഞ ഈടിന്റെ കനത്തിന്റെ പരിധിയില്‍ വായ്‌പയെടുക്കുന്നയാള്‍ ഒറ്റയ്‌ക്കോ കൂട്ടായോ ഈടുവച്ച സ്വര്‍ണം മൊത്തം കണക്കിലെടുക്കും.

പണയം വയ്‌ക്കപ്പെടുന്ന സ്വര്‍ണത്തിന്റെ വില കണക്കാക്കുന്നത്‌ 22കാരറ്റ്‌ സ്വര്‍ണത്തിന്റെ വിലയുടെ അടിസ്ഥാനത്തിലായിരിക്കും. 22കാരറ്റ്‌ അല്ലാത്ത സ്വര്‍ണമാണെങ്കില്‍ കുറഞ്ഞമാറ്റിന്‌ അനുസരിച്ചുവേണം വിലയിടാന്‍. തൊട്ടുമുന്‍പുള്ള 30ദിവസത്തെ 22കാരറ്റ്‌ സ്വര്‍ണത്തിന്റെ ശരാശരി ക്ലോസിങ്‌ വിലയുടെ കുറഞ്ഞനിരക്കാണ്‌ എടുക്കേണ്ടത്‌. അല്ലെങ്കില്‍ തൊട്ടുതലേന്നത്തെ ക്ലോസിങ്‌ വില എടുക്കാം. ഇത്‌ ഇന്ത്യാബുള്ള്യനോ ജ്യുവല്ലേഴ്‌സ്‌ അസോസിയേഷന്‍ ലിമിറ്റഡോ പറയുന്ന വിലയായിരിക്കണം. അല്ലെങ്കില്‍ സെബി നിയന്ത്രിക്കുന്ന കമ്മോഡിറ്റി എക്‌സ്‌ചേഞ്ചന്റെ സ്‌പോട്ട്‌ സ്വര്‍ണവില വിവരം വച്ചുള്ള വിലയാവാം. ഇതില്‍ ഏതു സ്വീകരിക്കണമെന്നു തീരുമാനിച്ചാല്‍ സ്ഥിരമായി അതുതന്നെ സ്വീകരിക്കണം.സ്വര്‍ണത്തിലെ രത്‌നക്കല്ലുകളുടെയും മറ്റും വില കണക്കിലെടുക്കില്ല. സ്വര്‍ണത്തിന്റെ വില മാത്രമേ നോക്കൂ. വെള്ളിയുടെ കാര്യത്തില്‍ 999ശുദ്ധിയുള്ള വെള്ളിയുടെ വിലയാണ്‌ എടുക്കുക.വാ‏യ്‌പ കൊടുക്കുന്നവര്‍ വിവിധസ്വര്‍ണപ്പണയവായ്‌പകളില്‍ റിസ്‌ക്‌ നോക്കി, പരമാവധി വായ്‌പ-വില അനുപാതം (ലോണ്‍ ടു വാല്യു റേഷ്യോ – എല്‍ടിവി) നിശ്ചയിക്കണം. ഉപഭോഗത്തിനുള്ള വായ്‌പയാണെങ്കില്‍ എല്‍ടിവി അനുപാതം സ്വര്‍ണവിലയുടെ 75%ല്‍ കൂടരുത്‌. എന്‍ബിഎഫ്‌സികളുടെ ഏതിനം സ്വര്‍ണപ്പണയവായ്‌പയുടെയും പരമാവധി എല്‍ടിവി അനുപാതം 75% ആയിരിക്കും. ബുള്ളറ്റ്‌ റീപേമെന്റ്‌ വായ്‌പകളുടെ കാര്യത്തില്‍ വായ്‌പക്കാലാവധിക്കു തിരിച്ചടക്കേണ്ട മൊത്തംതുകയുടെ അടിസ്ഥാനത്തിലാണ്‌ എല്‍ടിവി അനുപാതം നിശ്ചയിക്കേണ്ടത്‌. തിരിച്ചടവു കാലംമുഴുവന്‍ നിശ്ചയിച്ച എല്‍ടിവി അനുപാതം പാലിക്കണം. 30ദിവസം തുടര്‍ച്ചയായി എല്‍ടിവി അനുപാതം തെറ്റിച്ചാല്‍ ബാക്കി അടക്കാനുള്ള തുകയ്‌ക്ക്‌ അധിക സ്റ്റാന്റേര്‍ഡ്‌ അസറ്റ്‌ പ്രൊവിഷനിങ്‌ ഉണ്ടാകും. എല്‍ടിവി അനുപാതം സാധാരണനിലയിലാകുംവരെ ഇതു തുടരും. 30ദിവസമെങ്കിലും ആ നിലയില്‍ തുടരുകയും വേണം. വായ്‌പക്കാലാവധിയാകുമ്പോള്‍ വായ്‌പ എല്‍ടിവി അനുപാതം തെറ്റിച്ച നിലയിലാണെങ്കില്‍ വായ്‌പ പുതുക്കാന്‍ അനുവദിക്കില്ല.

വായ്‌പാദാതാക്കള്‍ക്ക്‌ എല്ലാ ശാഖയിലും സ്വര്‍ണത്തിന്റെ ശുദ്ധിയും കനവും നിശ്ചയിക്കാന്‍ പൊതുവായ രീതി വേണം. ഇതിന്റെ വിശദവിവിരം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സ്വര്‍ണപ്പണയത്തിന്റെ മൂല്യം കണക്കാക്കാന്‍ യോഗ്യരായ വാല്യുവര്‍മാരെ നിയമിക്കണം. മോശമായ പശ്ചാത്തലം ഇല്ലാത്തവരെവേണം നിയമിക്കാന്‍. വായ്‌പ അനുവദിക്കുമ്പോള്‍ പണയത്തിന്റെ മൂല്യം കണക്കാക്കുന്ന വേളയില്‍ വായ്‌പക്കാര്‍ അവിടെ ഉണ്ടായിരിക്കണം. വായ്‌പ കൊടുക്കുന്നവര്‍ ഇതുറപ്പുവരുത്തണം. മൂല്യം നിശ്ചയിക്കുമ്പോള്‍ കല്ലുകളുടെ ഭാരം, ഘടിപ്പിച്ച കാര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വരുത്തുന്ന കുറയ്‌ക്കലുകളെപ്പറ്റി വായ്‌പക്കാരോടു വിശദീകരിക്കുകയും ഇതിന്റെ വിശദവിവരങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. വായ്‌പ അനുവദിക്കുന്ന സമയത്തും പണയം തിരിച്ചുകൊടുക്കുകയോ തിരിച്ചടവു മുടങ്ങി ലേലം ചെയ്യേണ്ടിവരികയോ ചെയ്യുകയാണെങ്കില്‍ അപ്പോഴും സ്വര്‍ണത്തിന്റെ കനവും ശുദ്ധിയും വിലയിരുത്തുന്ന പ്രക്രിയയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നു വായ്‌പ നല്‍കുന്നവര്‍ ഉറപ്പുവരുത്തണം. ആഭ്യന്തരഓഡിറ്റിന്റെ സമയത്തോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ സ്വര്‍ണത്തിന്റെ അളവിലോ ശുദ്ധിയിലോ കുറവോ വ്യത്യാസമോ വന്നിട്ടുണ്ടെങ്കില്‍ വായ്‌പക്കാരെയോ അവരുടെ നിയമപരമായ അവകാശികളെയോ യഥാവിധി അറിയിക്കണം. അവര്‍ക്കതു പരിശോധിക്കാനും യോജിപ്പോ വിയോജിപ്പോ അറിയിക്കാനും അവസരം നല്‍കണം.

എല്ലാശാഖയിലും പൊതുമാതൃകയിലാണു രേഖകള്‍ സൂക്ഷിക്കേണ്ടത്‌. വായ്‌പക്കരാറില്‍ പണയംവയ്‌ക്കുന്ന സ്വര്‍ണത്തിന്റെ വിശദവിവരം, ലേലപ്രക്രിയയുടെ വിശദവിവരങ്ങള്‍, ലേലത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങള്‍, ലേലത്തിനുമുമ്പു തിരിച്ചടവിനോ തീര്‍പ്പാക്കലിനോ വായ്‌പക്കാര്‍ക്ക്‌ നോട്ടീസ്‌ നല്‍കേണ്ട സമയം, പൂര്‍ണമായി തിരിച്ചടക്കുകയോ തീര്‍പ്പാക്കുകയോ ചെയ്‌താല്‍ പണയസ്വര്‍ണം തിരിച്ചുകൊടുക്കേണ്ട സമയക്രമം, ലേലംകഴിഞ്ഞു ബാക്കിത്തുകയുണ്ടെങ്കില്‍ എങ്ങനെ റീഫണ്ട്‌ ചെയ്യുമെന്ന കാര്യം, ആവശ്യമായ മറ്റുവിവരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം. ലേലവുമായുംമറ്റും ബന്ധപ്പെട്ടു വായ്‌പക്കാരില്‍നിന്ന്‌ ഈടാക്കേണ്ടിവരുന്ന തുകകളുടെ വിവരങ്ങളും ഉണ്ടായിരിക്കണം.

സ്വര്‍ണപ്പണയം എടുക്കുമ്പോള്‍ വായ്‌പസ്ഥാപനം അതിന്റെ ലെറ്റര്‍ഹെഡില്‍ സര്‍ട്ടിഫിക്കറ്റ്‌ അഥവാ ഇ-സര്‍ട്ടിഫിക്കറ്റ്‌ ഡ്യൂപ്ലിക്കേറ്റ്‌ തയ്യാറാക്കണം. പണയത്തിന്റെ മൂല്യം, ശുദ്ധി, ഭാരം, സ്വര്‍ണഘടകത്തിന്റെ അറ്റഭാരം, കല്ലുകളുടെയും മറ്റും കാര്യംവച്ചു കുറവുവരുത്തിയ കാര്യങ്ങള്‍, സ്വര്‍ണത്തിന്റെ രൂപം, വായ്‌പ അനുവദി്‌ക്കുന്ന സമയത്തെ വില എന്നിവ ഈ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണം. വായ്‌പ കൊടുക്കുന്നയാളും വാങ്ങുന്നയാളും അതില്‍ ഒപ്പിടണം. സര്‍ട്ടിഫിക്കറ്റിന്റെ ഒരു കോപ്പി വായ്‌പാരേഖകളോടൊപ്പം സൂക്ഷിക്കണം. രണ്ടാമത്തെ കോപ്പി വായ്‌പ എടുത്തയാള്‍ക്കു കൊടുക്കണം. അതു കിട്ടിയതായി അവരില്‍നിന്ന്‌ എഴുതിവാങ്ങണം.വായ്‌പക്കാരുമായുള്ള എല്ലാ ആശയവിനിമയവും പ്രാദേശികഭാഷയിലായിരിക്കണം. അല്ലെങ്കില്‍ വായ്‌പക്കാര്‍ തിരഞ്ഞെടുക്കുന്ന ഭാഷയിലായിരിക്കണം. പ്രത്യേകിച്ച്‌ വായ്‌പയുടെ വ്യവസ്ഥകളും എല്‍ടിവി അനുപാതം തെറ്റിക്കലുംപോലുള്ള കാര്യങ്ങള്‍. വായ്‌പക്കാര്‍ അക്ഷരാഭ്യാസമില്ലാത്തവരാണെങ്കില്‍ വായ്‌പകൊടുക്കുന്നയാള്‍ പ്രധാനവ്യവസ്ഥകളും ഉപാധികളും അവര്‍ക്കു വിശദീകരിച്ചുകൊടുക്കണം. ഇതിനു സാക്ഷിയും വേണം.

സ്വര്‍ണപ്പണയം എടുക്കുന്ന ശാഖകളില്‍ മതിയായ സുരക്ഷയും സൗകര്യവും ഒരുക്കണം. സ്വര്‍ണപ്പണയം തങ്ങളുടെ ശാഖകളില്‍തന്നെയാണു കൈകാര്യം ചെയ്യുന്നതെന്നും തങ്ങളുടെ ജീവനക്കാര്‍തന്നെയാണു കൈകാര്യം ചെയ്യുന്നതെന്നും വായ്‌പാദാതാക്കള്‍ ഉറപ്പാക്കണം. സ്വര്‍ണം സൂക്ഷിക്കാനുള്ള സേഫ്‌ ഡെപ്പോസിറ്റ്‌ വോള്‍ട്ടുകള്‍ ഉള്ളതും തങ്ങളുടെ ജീവനക്കാര്‍തന്നെ കൈകാര്യം ചെയ്യുന്നതുമായ ശാഖകളില്‍മാത്രമേ സ്വര്‍ണപ്പണയം സൂക്ഷിക്കാവൂ. സ്വര്‍ണപ്പണയങ്ങളുടെ പൂളിങ്‌, ശാഖമാറ്റം, അടച്ചുപൂട്ടല്‍, മറ്റ്‌ അസാധാരണസാഹചര്യങ്ങള്‍ എന്നീ കാരണങ്ങളാല്‍ മാത്രമേ സ്വര്‍ണപ്പണയം ഒരു ശാഖയില്‍നിന്നു മറ്റൊരു ശാഖയിലേക്കു കൊണ്ടുപോകാവൂ. വായ്‌പാദാതാക്കള്‍ കാലാകാലങ്ങളില്‍ സൂക്ഷിപ്പുസംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കണം. ജീവനക്കാര്‍ക്കു പരിശീലനം നല്‍കണം. ആഭ്യന്തരഓഡിറ്റ്‌ നടത്തണം. മിന്നല്‍വെരിഫിക്കേഷന്‍ നടത്തണം. വായ്‌പക്കാരുടെ അസാന്നിധ്യത്തിലും മിന്നല്‍വെരിഫിക്കേഷന്‍ നടത്താനുള്ള സമ്മതം വായ്‌പക്കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

വായ്‌പ പൂര്‍ണമായി തിരിച്ചടക്കുകയോ തീര്‍പ്പാക്കുകയോ ചെയ്‌ത്‌ ഏഴുപ്രവൃത്തിദിവസത്തിനകം വായ്‌പക്കാര്‍ക്കു സ്വര്‍ണം തിരിച്ചുകൊടുക്കണം. അവരില്ലെങ്കില്‍ അവരുടെ നിയമപരമായ അവകാശികള്‍ക്കു കൊടുക്കണം. വായ്‌പക്കാര്‍ക്കു തൃപ്‌തികരമാകുംവിധം സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍പ്രകാരം കൃത്യത വെരിഫൈ ചെയ്‌താണിതു തിരിച്ചുകൊടുക്കേണ്ടത്‌.ലേലം വേണ്ടിവന്നാല്‍ അതു സുതാര്യമായിരിക്കണം. രണ്ടുപത്രത്തിലെങ്കിലും പരസ്യം കൊടുക്കണം. ഒരു പ്രാദേശികഭാഷാപത്രത്തിലും ഒരു ദേശീയപത്രത്തിലും. വായ്‌പദാതാവ്‌ തങ്ങളുടെ നയമനുസരിച്ച്‌ എംപാനല്‍ ചെയ്‌ത ലേലക്കാര്‍ വഴിയാണു ലേലം നടത്തേണ്ടത്‌. ലേലനടപടികള്‍ തുടങ്ങുംമുമ്പു ലഭ്യമായ മാര്‍ഗങ്ങളിലൂടെയൊക്കെ വായ്‌പക്കാരുമായി/അവകാശികളുമായി ബന്ധപ്പെട്ട്‌ കുടിശ്ശിക തീര്‍ക്കാന്‍/വായ്‌പ തീര്‍പ്പാക്കാന്‍ അവസരം നല്‍കണം. ഇതിന്റെ നോട്ടീസിന്റെയും കൈപ്പറ്റിയതിന്റെയും കോപ്പികള്‍ സൂക്ഷിക്കണം. എത്ര ശ്രമിച്ചിട്ടും വായ്‌പക്കാരെയോ അവകാശികളെയോ കണ്ടെത്താനായില്ലെങ്കില്‍ പബ്ലിക്‌ നോട്ടീസ്‌ പ്രസിദ്ധീകരിച്ച്‌ ഒരുമാസത്തിനുശേഷം ലേലവുമായി മുന്നോട്ടുപോകാം.ലേലസമയത്തും വായ്‌പസ്ഥാപനം സ്വര്‍ണപ്പണയത്തിന്റെ റിസര്‍വ്‌ വില അറിയിക്കണം. മാര്‍ക്കറ്റ്‌ വിലയ്‌ക്കു ചേര്‍ന്നതായിരിക്കണം ഈ വില. സ്വര്‍ണപ്പണയത്തിന്റെ നിലവിലുള്ള വിലയുടെ 90%ല്‍കുറവായിരിക്കരുത്‌ റിസര്‍വ്‌ പ്രൈസ്‌. വായ്‌പ കൊടുത്ത ശാഖയിരിക്കുന്ന ടൗണിലോ താലൂക്കിലോ ആണ ആദ്യലേലം നടത്തേണ്ടത്‌. ആദ്യലേലം വിജയിച്ചില്ലെങ്കില്‍ ഒരുജില്ലയിലെ വിവിധശാഖകളിലെ സ്വര്‍ണപ്പണയങ്ങള്‍ പൂള്‍ ചെയ്‌ത്‌ ജില്ലയിലെ ഏതെങ്കിലും സ്ഥലത്തു ലേലം നടത്തുകയോ ഓണ്‍ലൈന്‍ ലേലം നടത്തുകയോ ചെയ്യാം. ലേലരീതി വായ്‌പ കൊടുത്തവര്‍ക്കു തിരഞ്ഞെടുക്കാം. എന്നാല്‍ നടപടിക്രമങ്ങള്‍ എല്ലാം പാലിക്കണം. വായ്‌പ കൊടുത്തവരോ അവരുടെ ഗ്രൂപ്പ്‌ സ്ഥാപനങ്ങളോ മൂല്യം നിശ്ചയിച്ച ഏജന്‍സിയോ ലേലത്തില്‍ പങ്കെടുക്കരുത്‌.

ലേലത്തിനുശേഷം ലേലം ഉറപ്പിച്ച തുകയുടെയും സ്ഥാപനത്തിനു കിട്ടാനുള്ള തുക കിഴിച്ചതിന്റെയും പൂര്‍ണവിവരം വായ്‌പക്കാരെ/അവകാശികളെ അറിയിക്കണം. ബാക്കിത്തുകയുണ്ടെങ്കില്‍ തിരിച്ചുകൊടുക്കണം. ലേലവരുമാനത്തിന്റെ പൂര്‍ണമായ രശീത്‌ ലഭിച്ച്‌ ഏഴുപ്രവൃത്തിദിവസത്തിനകം ഇതു ചെയ്യണം. സ്വര്‍ണത്തിനു കേടുപാടുണ്ടെങ്കില്‍ നന്നാക്കാനുള്ള ചെലവ്‌ വായ്‌പ നല്‍കിയയാള്‍ വഹിക്കണം. സ്വര്‍ണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ഉപഭോക്താവിനെ അറിയിക്കുകയും പണം മടക്കിക്കൊടുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ വേണം. പൂര്‍ണമായി പണമടയ്‌ക്കുകയോ വായ്‌പ തീര്‍പ്പാക്കുകയോ ചെയ്‌തശേഷം സ്വര്‍ണം വിട്ടുകൊടുക്കേണ്ട ദിവസത്തിനകം വിട്ടുകൊടുത്തില്ലെങ്കില്‍, വായ്‌പ നല്‍കിയയാളിന്റെ ഭാഗത്തുനിന്നുള്ള കാരണങ്ങളാലാണു വൈകിയതെങ്കില്‍, വൈകുന്ന ഓരോദിവസത്തിനും 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം. വൈകിയതു വായ്‌പ നല്‍കിയയാളുടെ തകരാറുകൊണ്ടല്ലെങ്കില്‍ വൈകിയതിന്റെ കാരണങ്ങള്‍ അറിയിക്കണം. വായ്‌പ തിരിച്ചടച്ചശേഷം അല്ലെങ്കില്‍ തീര്‍പ്പാക്കിയശേഷം വായ്‌പയെടുത്തവര്‍ സ്വര്‍ണം മടക്കിവാങ്ങാന്‍ വരുന്നില്ലെങ്കില്‍ വായ്‌പ കൊടുത്തവര്‍ കാലാകാലങ്ങളില്‍ അവരെ കത്തുകളും ഇ-മെയിലും എസ്‌എംഎസ്സും വഴി ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം.

മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നഷ്ടപരിഹാരം വായ്‌പക്കാര്‍ക്കു കിട്ടാനുള്ള മറ്റു നഷ്ടപരിഹാരങ്ങള്‍ക്കു ബാധകമല്ല.വായ്‌പ പൂര്‍ണമായി തിരിച്ചടക്കുകയോ തീര്‍പ്പാക്കുകയോ ചെയ്‌തു രണ്ടുകൊല്ലംകഴിഞ്ഞും വായ്‌പകൊടുത്തയാളുടെ കൈയില്‍തന്നെ ഇരിക്കുന്ന സ്വര്‍ണം അവകാശപ്പെടാത്ത സ്വര്‍ണമായി കണക്കാക്കും. അവയുടെ കാര്യത്തില്‍ വായ്‌പയെടുത്തവരുടെയോ അവകാശികളുടെയോ വിവിരങ്ങള്‍ ലഭ്യമാകാന്‍ വായ്‌പ കൊടുത്തവര്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്തണം. ഇങ്ങനെ അവകാശപ്പെടാത്ത സ്വര്‍ണത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട്‌ ഓരോ ആറുമാസവും ഉപഭോക്തൃസേവനസമിതിക്കോ ബോര്‍ഡിനോ നല്‍കണം.

സ്വര്‍ണവായ്‌പാപദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ അയഥാര്‍ഥമായ അവകാശവാദങ്ങളുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ല. റിസര്‍വ്‌ ബാങ്കിന്റെ റിക്കവറി പെരുമാറ്റച്ചട്ടം വായ്‌പ കൊടുക്കുന്നവരും അവരുടെ റിക്കവറി ഏജന്റുമാരും കര്‍ശനമായി പാലിക്കണം. സ്വര്‍ണപ്പണയത്തില്‍ ഹാള്‍മാര്‍ക്കുള്ളതിനു മുന്‍ഗണന നല്‍കണം. കാരണം ഹാള്‍മാര്‍ക്കുള്ളതാണു കൂടുതല്‍ സുരക്ഷിതവും എളുപ്പവും. ലാഭ,പലിശനിരക്കുകള്‍ അതനുസരിച്ചു നിശ്ചയിക്കണം. സ്വര്‍ണപ്പണയവായ്‌പകളുടെ സോഴ്‌സിങ്‌ ക്രമീകരണങ്ങള്‍ ഔട്ട്‌സോഴ്‌സിങ്‌ മാര്‍നിര്‍ദേശങ്ങള്‍ക്ക്‌ അനുസൃതമായിരിക്കണം. തുക വായ്‌പക്കാരുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്കാണ്‌ ഇടേണ്ടത്‌. പണത്തിലുള്ള ഇടപാടുകളും റെസീപ്‌റ്റുകളും ആദായനികുതിനിയമത്തിലെ 269 എസ്‌എസ്‌, 269ടി, മറ്റുചട്ടങ്ങള്‍, ഏറ്റവും പുതിയ കെവൈസി നിബന്ധനകള്‍ എന്നിവ പാലിച്ചായിരിക്കണം. ബാങ്കുവഴിയുള്ള കൈമാറ്റത്തില്‍ വായ്‌പ നല്‍കലും തിരിച്ചടവുമൊക്കെ വായ്‌പ നല്‍കുന്നയാളുടെയും എടുക്കുന്നയാളുടെയും അക്കൗണ്ടുകള്‍ തമ്മില്‍ നേരിട്ടായിരിക്കണം. മൂന്നാമതാരുടെയും പാസ്‌ ത്രൂ അക്കൗണ്ടോ പൂള്‍ അക്കൗണ്ടോ വഴിയാകരുത്‌. അല്ലാത്തപക്ഷം റിസര്‍വ്‌ ബാങ്ക്‌ അതു പ്രത്യേകം അനുവദിച്ചിരിക്കണം.

ഒരാള്‍ക്കോ പരസ്‌പരം ബന്ധപ്പെട്ട വായ്‌പക്കാരുടെ ഒരു ഗ്രൂപ്പിനോ ഒന്നിലേറെ വായ്‌പകള്‍ ഒരേസമയം നല്‍കുന്നുണ്ടെങ്കില്‍ അതില്‍ കര്‍ശനആഭ്യന്തരഓഡിറ്റും മേല്‍നോട്ടവും വേണം.വായ്‌പദാതാക്കള്‍ അക്കൗണ്ടുകള്‍ക്കുള്ള നോട്ടുകളില്‍ സ്വര്‍ണപ്പണയത്തില്‍ വരുമാനം ഉണ്ടാക്കാനായി നല്‍കിയ വായ്‌പയും ഉപഭോഗത്തിനായി നല്‍കിയ വായ്‌പയും പ്രത്യേകം പ്രത്യേകം വെളിപ്പെടുത്തണം. തുകയും ശതമാനവും അവരുടെ ആകെ ആസ്‌തികളുമായി ബന്ധപ്പെടുത്തി നിര്‍ദിഷ്ടമാതൃകയിലാണ്‌ ഇതു ചെയ്യേണ്ടത്‌. നേരത്തേയുള്ള 32 സര്‍ക്കുലറുകള്‍ പിന്‍വലിക്കുന്നതായും കരടിലുണ്ട്‌. കരട്‌ സംബന്ധിച്ചു ലഭിക്കുന്ന ആക്ഷേപങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തി അന്തിമനിര്‍ദേശങ്ങള്‍ തയ്യാറാക്കും.

Moonamvazhi

Authorize Writer

Moonamvazhi has 298 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News