പൊതുയോഗത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാക്കി കര്‍ണാടക സഹകരണനിയമം
എല്ലാപ്രാഥമികാംഗങ്ങളും വര്‍ഷതോറും ആസ്‌തിബാധ്യതകള്‍ അറിയിക്കണമെന്നും പൊതുയോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും വ്യവസ്ഥ ചെയ്യുന്ന പുതിയ കര്‍ണാടകസഹകരണസംഘം ഭേദഗതിനിയമം 2025 കര്‍ണാടകനിയമസഭ പാസ്സാക്കി. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലും നാമനിര്‍ദേശം ചെയ്യുന്ന സ്ഥാനങ്ങളിലും സ്‌ത്രീകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഈ നിയമത്തില്‍ സംവരണമുണ്ട്. ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ പദവികള്‍ പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കസമുദായക്കാര്‍ക്കും സ്‌ത്രീകള്‍ക്കും ഊഴംവച്ചു നല്‍കണം. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്കും വോട്ടുണ്ടാകും. പൊതുയോഗത്തില്‍ പങ്കെടുക്കാത്തവര്‍ അയോഗ്യരാകുമെന്നുമുണ്ട്. കഴിഞ്ഞവര്‍ഷം നിയമസഭയുടെ രണ്ടുഘടകവും ബില്‍ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് ഒപ്പിടാതെ തിരിച്ചയച്ചു. തുടര്‍ന്നു സഹകരണമന്ത്രി ലക്ഷ്‌മണ്‍ സാവദിയുടെ നേതൃത്വത്തിലുള്ള സഭാസമിതി ബില്‍ പരിശോധിച്ചു മാറ്റങ്ങളോടെ അവതരിപ്പിക്കുകയായിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ക്കു വോട്ടവകാശം നല്‍കുന്നതും ആസ്‌തിബാധ്യതകള്‍ അറിയക്കണമെന്നു നിര്‍ബന്ധമാക്കുന്നതും സംഘങ്ങളുടെ സ്വയംഭരണാവകാശത്തിലുള്ള ഇടപെടലാണെന്നും പല അംഗങ്ങളും വിമര്‍ശിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാനാണെന്നു സര്‍ക്കാര്‍ മറുപടി നല്‍കി.