പൊതുയോഗം വിളിക്കാനുള്ള പരിധി വീണ്ടും മൂന്നുമാസം നീട്ടി
സഹകരണസംഘങ്ങളുടെ പൊതുയോഗം വിളിക്കാനുള്ള സമയപരിധി 2026 മാര്‍ച്ച് 31വരെ നീട്ടി. നേരത്തേ ഡിസംബര്‍ 31വരെ നീട്ടിയിരുന്നു. അതാണു 2026 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31വരെക്ക് വീണ്ടും നീട്ടിയത്. 2025 സെപ്‌റ്റംബര്‍ 30നകം പൊതുയോഗം വിളിക്കേണ്ടതായിരുന്നു. രജിസ്‌ട്രാറുടെ ശുപാര്‍ശയിലാണ് അത് ഡിസംബര്‍ 31വരെ നീട്ടിയിരുന്നത്. ഇപ്പോഴും രജിസ്‌ട്രാറുടെശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നീട്ടിയിട്ടുള്ളത്.പല സംഘത്തിലും ഓഡിറ്റ് പൂര്‍ത്തിയാകാത്തതാണു കാരണം. യഥാസമയം ഓഡിറ്റ് നടത്തി പൊതുയോഗം വിളിച്ചില്ലെങ്കില്‍ ഉത്തരവാദികളായ ഭരണസമിതിയംഗങ്ങള്‍ അയോഗ്യരാകുമെന്നാണു വ്യവസ്ഥ.

എന്നാല്‍ സഹകരണഓഡിറ്റര്‍മാര്‍ തദ്ദേശസ്വയംഭരണത്തിരഞ്ഞെടുപ്പുപ്രക്രിയയുടെ ഭാഗമായിരുന്നതിനാല്‍ യാഥാസമയം ഓഡിറ്റ് പൂര്‍ത്തിയാക്കാനും പൊതുയോഗം വിളിക്കാനും കഴിഞ്ഞിരുന്നില്ലെന്ന് ഇതുസംബന്ധിച്ച അസാധാരണഗസറ്റ് വിജ്ഞാപനത്തിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പക്ഷേ, സഹകരണസംഘംനിയമത്തിന്റെ 29-ാംവകുപ്പിന്റെ ഒന്നാംഉപവകുപ്പു പ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം പൊതുയോഗം കൂടിയിരിക്കണം. ഇല്ലെങ്കില്‍ ഭരണസമിതിയെ അയോഗ്യമാക്കാം. നിയമത്തിന്റെ 63-ാംവകുപ്പിന്റെ നാലാംഉപവകുപ്പു പ്രകാരം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനുള്ളില്‍ ഓഡിറ്റ് നടത്തിക്കണം. സഹകരണഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച പാനലില്‍നിന്നാണ് ഓഡിറ്റര്‍മാരെ എടുക്കേണ്ടത്. എന്നാല്‍ ഓഡിറ്റര്‍മാര്‍ തിരഞ്ഞെടുപ്പുപ്രക്രിയയുടെ ഭാഗമായ സാഹചര്യത്തില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി യഥാസമയം പൊതുയോഗം വിളിച്ചുകൂട്ടാനാവാത്ത സാഹചര്യമുണ്ടെന്നു രജിസ്‌ട്രാര്‍ അറിയിച്ചു. പക്ഷേ, പൊതുയോഗം യഥാസമയം നടത്തിയില്ലെങ്കില്‍ ഭരണസമിതി അയോഗ്യമാകും. ഇതു സംഘങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കും. തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡാണു ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതു മുടങ്ങുന്നതു പൊതുതാല്‍പര്യത്തിനെതിരാണ്. അതിനാലാണു സഹകരണസംഘം നിയമത്തിലെ വിവിധ വകുപ്പിലായുള്ള 14 ഉപവകുപ്പുകളിലെ പ്രതികൂലവ്യവസ്ഥകള്‍ 2026 മാര്‍ച്ച്31വരെ ബാധകമാക്കുന്നതില്‍നിന്ന് സംഘങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള അസാധാരണഗസറ്റ് വിജ്ഞാപനം.

