ഫിഷ്‌കോപ്‌ഫെഡ് ഡയറക്ടര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം തടഞ്ഞു
മല്‍സ്യബന്ധനസഹകരണസംഘങ്ങളുടെ ദേശീയഫെഡറേഷനായ ഫിഷ്‌കോപ്‌ഫെഡിന്റെ ഡയറക്ടര്‍ബോര്‍ഡിന്റ് പ്രവര്‍ത്തനം ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ഇടക്കാലഉത്തരവിലൂടെ തടഞ്ഞു. 2021 ഫെബ്രുവരി 25നു തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡാണിത്. കല്യാണ്‍സഹായ് മീണ ചെയര്‍മാനായ ട്രൈബ്യൂണലാണു ഫിഷ്‌കോപ്‌ഫെഡിന്റ് പ്രവര്‍ത്തനം സ്റ്റേ ചെയ്‌തത്. കേസില്‍ അന്തിമതീരുമാനംവരുംവരെ ഡയറക്ടര്‍ബോര്‍ഡംഗങ്ങളാരും ആ നിലയ്‌ക്കു പ്രവര്‍ത്തിക്കരുതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേന്ദ്രസഹകരണമന്ത്രാലയമോ, ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രാലയമോ, കേന്ദ്രസഹകരണരജിസ്‌ട്രാറോ ഫിഷ്‌കോപ്‌ഫെഡിന്റെ നടത്തിപ്പിനായി ഒരു അഡ്‌മിനിസ്‌ട്രേറ്ററെ നിയോഗിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവായിട്ടുണ്ട്. ജീവനക്കാരെ തടഞ്ഞുവെന്നും ശമ്പളം നല്‍കുന്നില്ലെന്നുമുള്ള പരാതികള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ പരിശോധിക്കണം. ഫിഷ്‌കോപ്‌ഫെഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്ന് എസ്.എസ്. മാഹൗറിനോടും പി.കെ. ചൗധരിയോടും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ അന്തിമതീരുമാനംവരുവരെ വിരമിച്ച ജീവനക്കാര്‍ തിരികെ വരികയും സേവനം തുടരുകയും ചെയ്യരുതെന്നും നിര്‍ദേശിച്ചു. 2021ല്‍ ഫിഷ്‌കോപ്‌ഫെഡിലേക്കു നടന്ന തിരഞ്ഞെടുപ്പ് രാംദാസ് പി സാന്ദെയും കൂട്ടരും ചോദ്യംചെയ്‌തതിനെത്തുടര്‍ന്നാണു കേന്ദ്രസഹകരണരജിസ്‌ട്രാര്‍ പ്രശ്‌നം ആര്‍ബിട്രേഷനു വിട്ടത്.


