ധനത്തര്‍ക്കങ്ങളെല്ലാം ഡിസംബര്‍31നകം ഫയല്‍ ചെയ്യണം
എല്ലാ സഹകരണസംഘവും ഇക്കൊല്ലം ഡിസംബര്‍ 31നകംതന്നെ ധനത്തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യണമെന്നു സഹകരണരജിസ്‌ട്രാര്‍ നിര്‍ദേശിച്ചു (സര്‍ക്കുലര്‍ 42/2025). കൂടാതെ,മൂന്നുവര്‍ഷ കാലപരിധി തികയുന്ന എല്ലാ ധനപരമായ തര്‍ക്കവും നിശ്ചിതസമയപരിധിക്കകം ഫയല്‍ ചെയ്യണം. ഫയല്‍ ചെയ്യാന്‍ കുടിശ്ശികയുള്ള എല്ലാ ധനത്തര്‍ക്കത്തിന്റെയും പട്ടികയുണ്ടാക്കി സമയപരിധിക്കകം ഫയല്‍ ചെയ്യാന്‍ അടിയന്തരനടപടിയെടുക്കണം. ഭരണസമിതികളും സെക്രട്ടറിമാരും ചീഫ്‌എക്‌സിക്യൂട്ടീവുമാരും ഇനി ഇളവു കിട്ടില്ലെന്നകാര്യം ശ്രദ്ധിക്കണം. നടപടി എടുക്കാനായി ജില്ലാജോയിന്റ് രജിസ്‌ട്രാര്‍മാരും (ജനറല്‍) അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍മാരും (ജനറള്‍) പ്രശ്‌നം സംഘങ്ങളുടെയും ബാങ്കുകളുടെയും ശ്രദ്ധയില്‍ പെടുത്തണം. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ സംഘങ്ങള്‍ക്കു നിര്‍ദേശം കൊടുക്കണം. പ്രവൃത്തിഅവലോകനയോഗങ്ങളില്‍ അവലോകനം ചെയ്യുകയും വേണം. ഓഡിറ്റു ചെയ്യുമ്പോള്‍ ഇതും പരിശോധിക്കാന്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരും (ഓഡിറ്റ്) അസിസ്‌റ്റന്റ് ഡയറക്ടര്‍മാരും (ഓഡിറ്റ്) നിര്‍ദേശിക്കണം.

എല്ലാ ധനപരമായ തര്‍ക്കങ്ങളും കേരളസഹകരണനിയമത്തിന്റെ മൂന്നാംപട്ടികയില്‍ പറഞ്ഞ സമയത്തിനികം ഫയല്‍ ചെയ്‌തിരിക്കണമെന്നുണ്ട്. വകുപ്പ് 69(4)ല്‍ വരുത്തിയ ഭേദഗതി പ്രകാരമാണിത്. ഭേദഗതി വന്നപ്പോള്‍ അതിനകം സമയപരിധി കഴിഞ്ഞ തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്യാന്‍ ഇളവനുവദിച്ചിരുന്നു. പിന്നീട് ഇളവിന്റെ കാലാവധി 2024 ജനുവരി ഒന്നുമുതല്‍ 2025 ഡിസംബര്‍ 31വരെ നീട്ടി. എന്നിട്ടും ഫയല്‍ ചെയ്യാന്‍ ബാക്കിയുള്ളവ ഡിസംബര്‍ 31നകം തന്നെ ഫയല്‍ ചെയ്യണമെന്നും ഇനി സമയം നീട്ടിത്തരില്ലെന്നും വ്യക്തമാക്കുന്നതാണു സര്‍ക്കുലര്‍.

