സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപപ്പലിശനിരക്കുകളില്‍ മാറ്റം
സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കു പുതുക്കി. 15ദിവസംമുതല്‍ 45ദിവസംവരെയുള്ള നിക്ഷേപത്തിന്റെ പലിശ ആറുശതമാനത്തില്‍നിന്ന് 6.25 ശതമാനമായി ഉയര്‍ത്തി. 46ദിവസംമുതല്‍ 90ദിവസംവരെയുള്ളതിന്റെ പലിശ ആറരശതമാനത്തില്‍നിന്ന് ആറേമുക്കാല്‍ശതമാനമാക്കി. 91ദിവസംമുതല്‍ 179ദിവസംവരെയുള്ളതിന്റെ പലിശ ഏഴേകാല്‍ശതമാനമായി തുടരും. 180ദിവസംമുതല്‍ 364 ദിവസംവരെയുള്ളതിന്റെ പലിശ ഏഴരശതമാനത്തില്‍നിന്ന് ഏഴേമുക്കാല്‍ശതമാനമായി ഉയര്‍ത്തി. ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷത്തില്‍താഴെവരെയുള്ളതിന്റെ പലിശ എട്ടേകാല്‍ശതമാനത്തില്‍നിന്ന് എട്ടുശതമാനമാക്കി കുറച്ചു. രണ്ടുവര്‍ഷവും അതിനുമുകളിലുമുള്ളതിന്റെ പലിശ എട്ടുശതമാനമായി തുടരും. മുതിര്‍ന്നപൗരരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് അരശതമാനം പലിശ അധികം നല്‍കും. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയില്‍ മാറ്റമില്ല. മേല്‍പറഞ്ഞ നിരക്കുകളില്‍കൂടുതല്‍ പലിശ നല്‍കിയാല്‍ നിക്ഷേപം സ്വീകരിക്കാനുള്ള അധികാരം റദ്ദാക്കും.
സര്‍വീസ് സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണബാങ്കുകള്‍, അര്‍ബന്‍സഹകരണസംഘങ്ങള്‍, പ്രാഥമികകാര്‍ഷികഗ്രാമവികസനബാങ്കുകള്‍, റീജിയണല്‍ റൂറല്‍ സഹകരണസംഘങ്ങള്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘങ്ങള്‍, മിസലേനിയസ് സഹകരണസംഘങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രാഥമിക സഹകരണസംഘങ്ങൾക്കും പുതിയ പലിശ നിരക്ക് ബാധകമാണ്.