നവവൈജ്ഞാനികസമൂഹസൃഷ്ടിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പ്രധാനം:മന്ത്രി ബിന്ദു

[mbzauthor]
  • കേരളസഹകരണമേഖല നല്‍കുന്ന വായ്‌പ നാസയുടെ റോക്കറ്റ്‌ ഗവേഷണബജറ്റിനു തുല്യം
  • ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സഹകരണതത്വങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ ഉതകും
  • അങ്ങാടി ആപ്പ്‌ ഗുണവും ലാഭവും ന്യായവിലയും ഉറപ്പാക്കും

കേരളവികസനമാതൃകയെ അതിന്റെ രണ്ടാംഘട്ടമായ നവവൈജ്ഞാനികസമൂഹമാക്കി മാറ്റുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പങ്കു വളരെപ്രധാനമാണെന്ന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. നമുക്കുചുറ്റും അവിശ്വസനീയമായ വിവരവിസ്‌ഫോടനം നടക്കുന്നുണ്ട്‌. ആ മാറ്റങ്ങള്‍ അതിവേഗം സ്വാംശീകരിച്ചില്ലെങ്കില്‍ നമ്മള്‍ പിന്നാക്കമാകും. തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരമൈതാനത്ത്‌ സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായി ഡിജിറ്റല്‍യുഗത്തില്‍ സഹകരണമേഖലയുടെ സാധ്യതകള്‍ എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാലാംവ്യവസായവല്‍കരണം ആരംഭിച്ചുകഴിഞ്ഞു. വിവരസാങ്കേതികവിദ്യയിലും നിര്‍മിതബുദ്ധിയിലുമുള്ള മുന്നേറ്റമാണ്‌ അതിന്റെ കാതല്‍. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കമുള്ള സഹകരണമേഖല കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അതൊക്കെ നടപ്പാക്കണം. സാര്‍വത്രികഡിജിറ്റല്‍ സാക്ഷരതയ്‌ക്കു സഹകരണമേഖല മുന്‍കൈയെടുക്കണം. സമൂഹത്തിലെ ഡിജിറ്റല്‍ വിടവു കുറക്കാന്‍ സഹകരണമേഖലയ്‌ക്കു സഹായിക്കാനാവും. വൈദഗ്‌ധ്യം വര്‍ധിപ്പിക്കണം. ഇതൊക്കെ സഹകരണമേഖലയുടെ ജനബന്ധം വര്‍ധിപ്പിക്കും. എന്റര്‍പ്രൈസ്‌ റിസോഴ്‌സ്‌ പ്ലാനിങ്ങിനു ഫലപ്രദമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാവും. വിഭവങ്ങളുടെ പൂളിങ്ങും അനിവാര്യമാണ്‌. വ്യത്യസ്‌തമേഖലകള്‍ക്കു വ്യത്യസ്‌തസോഫ്‌റ്റുവെയറുകള്‍ വേണ്ടിവരും. ഇത്‌ അതാതുസ്ഥാപനത്തിനനുസരിച്ചു കസ്റ്റമൈസ്‌ ചെയ്യണം. ധനം എന്നാല്‍ ഇന്നു ഡിജിറ്റല്‍ധനമാണ്‌. സഹകരണപ്രസ്ഥാനത്തിനു വിശ്വാസ്യതയുടെ ടാഗ്‌ ഉണ്ട്‌. അവിടെ ഒരാള്‍ക്കു സംഭവിക്കുന്ന അപഭ്രംശംപോലും പ്രസ്ഥാനത്തിനു കരിനിഴലാകും. വിശ്വാസ്യത നിലനിര്‍ത്തേണ്ടതു പ്രധാനമാണ്‌. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സുതാര്യത ഈ വിശ്വാസ്യത നിലനിര്‍ത്താന്‍ ഏറെ സഹായകമാണ്‌. അസാപ്‌ പോലുള്ള നൈപുണ്യവികസനസംവിധാനങ്ങള്‍ സഹകരണസംഘങ്ങള്‍ക്കു പ്രയോജനപ്പെടുത്താം.

കോഴിക്കോട്‌ ഐഐഎമ്മിലെ ഡോ. സജി ഗോപിനാഥ്‌ മുഖ്യപ്രഭാഷണം നടത്തി.വിവരസാങ്കേതികവിദ്യയുടെയും നിര്‍മിതബുദ്ധിയുടെയും വികാസം സഹകരണതത്വങ്ങള്‍ക്കിണങ്ങുന്ന വിധത്തിലാണെങ്കിലും അവയിലധിഷ്‌ഠിതമായ സഹകരണസംരംഭങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. മൂലധനക്കുറവും പരാജയഭീതിയുമാകാം കാരണങ്ങള്‍. ഡിജിറ്റല്‍സഹകരണസംരംഭങ്ങള്‍ വളര്‍ത്താനുള്ള ഒരു വഴി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കലാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംതൊഴിലാളികള്‍ക്ക്‌ ആരോഗ്യപരിചരണമോ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഇല്ലെന്നും ഇതിനു പരിഹാരം തൊഴിലാളികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സഹകരണസ്ഥാപനങ്ങളാണെന്നും ന്യൂയോര്‍ക്കിലെ പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ സ്ഥാപകന്‍ പ്രൊ. ട്രെബര്‍ ഷോള്‍സ്‌ പറഞ്ഞു. ഇതിനാണു കണ്‍സോര്‍ഷ്യം പ്രവര്‍ത്തിക്കുന്നത്‌. 58 വിദ്യാര്‍ഥികള്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്നു. 2000 ലേഖനങ്ങളുള്ള ഡിജിറ്റല്‍ ലൈബ്രറിയും ഉണ്ട്‌. കേരളത്തിലെ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ ഒന്നേമുക്കാല്‍ലക്ഷം കോടിരൂപ വായ്‌പ നല്‍കിയിട്ടുണ്ട്‌. നാസ റോക്കറ്റ്‌ സാങ്കേതികവിദ്യക്കായി ചെലവാക്കുന്നത്ര തുകയാണിത്‌. കേരളത്തിലെ സഹകരണപ്രസ്ഥാനം അത്രയും തുക സാധാരണക്കാര്‍ക്കു വായ്‌പ നല്‍കാനാണു ചെലവാക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. സഹകരണമേഖലയില്‍ വിദഗ്‌ധരുടെതായ നിയന്ത്രണേതര ഓഹരികള്‍ (നോണ്‍കണ്‍ട്രോളിങ്‌ ഷെയറുകള്‍) അനുവദിക്കണം. കേരളസവാരി പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വിജയിക്കാതിരുന്നതിന്‌ ഒരു കാരണം അത്‌ ഉപയോഗിക്കുന്നവരുടെ ഉടമസ്ഥതയിലല്ല എന്നതാണ്‌. കേരളഫുഡ്‌പ്ലാറ്റ്‌ഫോം എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും കുറച്ചുപേരേ ഉപയോഗിക്കുന്നുള്ളൂ. അമേരിക്കയില്‍ ഡ്രൈവര്‍മാരുടെ ഡിജിറ്റല്‍പ്ലാറ്റ്‌ഫോം സഹകരണസംഘത്തിന്‌ ഊബര്‍ അടക്കമുള്ള വമ്പന്‍മാരെ പിന്നിലാക്കാന്‍ കഴിയുന്നുണ്ട്‌.അമേരിക്കയില്‍ ടൂറിസംതൊഴിലാളികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സഹകരണസംരംഭംവഴി തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കാനായി. അവിടെ ലൈബ്രറികളുടെ കണ്‍സോര്‍ഷ്യവും വളരെ നല്ലനിലയിലാണു പ്രവര്‍ത്തിക്കുന്നത്‌. സാമ്പത്തികം, കൂട്ടായപ്രവര്‍ത്തനം, നിയമപരവും നയപരവുമായ കാര്യങ്ങള്‍, ഭരണനിര്‍വഹണവും നേൃത്വവും, സാങ്കേതികവിദ്യാപരമായ തടസ്സങ്ങള്‍ എന്നീ രംഗങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും അവ പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിച്ചാല്‍ സഹകരണതത്വങ്ങള്‍ കൂടുതല്‍ യാഥാര്‍ഥ്യമാക്കാനാവുമെന്നു ചാണക്യസര്‍വകലാശാല വൈസ്‌ചാന്‍സലര്‍ പ്രൊഫ. യശ്വന്ത്‌ ഡോംഗ്രെ പറഞ്ഞു. കര്‍ണാടകത്തില്‍ വായ്‌പാസംഘങ്ങള്‍ നിക്ഷേപം നടത്തുന്നവര്‍ക്കാണു കൂടുതല്‍ ലാഭവീതം നല്‍കുന്നത്‌. എന്നാല്‍ വായ്‌പയെടുക്കുകയും പലിശ സഹിതം തിരിച്ചടക്കുകയും ചെയ്യുന്നവര്‍ക്കാണു കൂടുതല്‍ ലാഭവിഹിതം കൊടുക്കേണ്ടത്‌. കാരണം അവര്‍ പലിശ നല്‍കുന്നതുകൊണ്ടാണു സംഘത്തിനു വരുമാനം ലഭിക്കുന്നത്‌. അതുകൊണ്ട്‌ അവരാണു വരുമാനദായകര്‍. പക്ഷേ, ലാഭവിഹിതവിതരണത്തില്‍ വരുമാനദായകരെക്കാള്‍ വെറുതേ നിക്ഷേപം നടത്തുകമാത്രം ചെയ്യുന്നവര്‍ക്കാണു മുന്‍ഗണന. ഈ സ്ഥിതി മാറണം. അപ്‌നാബസാര്‍ എന്ന സഹകരണസ്ഥാപനം കൊല്ലത്തില്‍ എട്ടുതവണയെങ്കിലും അംഗങ്ങള്‍ സംഘത്തില്‍ സന്ദര്‍ശനം നടത്തിയിരിക്കണമെന്ന്‌ ഒരു വ്യവസ്ഥ വച്ചിരുന്നു. പില്‍ക്കാലത്ത്‌ അത്‌ നടക്കാതായി. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച്‌ അംഗങ്ങള്‍ക്കു സംഘവുമായി നിരന്തരം ബന്ധപ്പെടാന്‍ സാധിക്കും. സേവ പോലുള്ള സഹകരണസ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ആപ്പുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരണവകുപ്പ്‌ സഹകരണോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന അങ്ങാടി ആപ്പ്‌ ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാരവും ഉല്‍പാദകര്‍ക്കു മികച്ച ലാഭവും ഉപഭോക്താക്കള്‍ക്കു മിതമായ വിലയ്‌ക്കു സാധനലഭ്യതയും ഉറപ്പാക്കുമെന്ന്‌ അതുസംബന്ധിച്ച പ്രോജക്ടിന്റെ ചുമതലയുള്ള കെ. സച്ചിന്‍ വിവരിച്ചു.

സഹകരണസംഘങ്ങള്‍ക്കു സാങ്കേതികവിദ്യാകാര്യങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ സംഘങ്ങളിലെ ജീവനക്കാരില്‍ ഐടി പശ്ചാത്തലമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേകസംവിധാനം രൂപവല്‍കരിച്ചിട്ടുണ്ടെന്ന്‌ സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു ഒരു ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
സാങ്കേതികവിദ്യാരംഗത്തെ കുത്തകകള്‍ക്കെതിരെ തൊഴിലാളികളുടെതും മറ്റുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അധിഷ്‌ഠിതമായ സഹകരണസംരംഭങ്ങളെ സര്‍ക്കാരുകള്‍ സഹായിക്കണമെന്ന്‌ ബംഗളൂരുവിലെ ഐടി ഫോര്‍ ചേഞ്ച്‌ ഡയറക്ടര്‍ ഗുരുമൂര്‍ത്തി കാശിനാഥന്‍ പറഞ്ഞു. പൊതുവായ സോഫറ്റുവെയറുകള്‍ ഉപയോഗിച്ചുകൊണ്ട്‌ അവരവരുടെ വ്യത്യസ്‌താവശ്യങ്ങള്‍ക്കുതകുന്ന മോഡ്യുളുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടു ചെലവു കുറഞ്ഞരീതിയില്‍ കാര്യങ്ങള്‍ നടത്താം. ബംഗളൂരുവില്‍ നമ്മയാത്രി എന്ന ഡിജിറ്റല്‍പ്ലാറ്റ്‌ഫോം ഡ്രൈവര്‍മാര്‍ക്ക്‌ ഏറെ സഹായകമാണ്‌. ഗൂഗിളുംമറ്റുംവിട്ട്‌ ബ്ലൂസ്‌കൈ പോലുള്ളവയിലേക്കു മാറുന്നത്‌ അവയുടെ കുത്തക തകര്‍ക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രംഗത്ത്‌ നൂതനകണ്ടുപിടിത്തങ്ങള്‍ക്കു ശ്രമിക്കുമ്പോഴും സഹകരണസംരംഭങ്ങളുംമറ്റും അവ നടപ്പാക്കുമ്പോഴും പരാജയങ്ങള്‍ സ്വാഭാവികമാണ്‌. എന്നുവച്ചു പിന്‍മാറുകയും നിരാശപ്പെടുകയും ചെയ്യരുത്‌. അവയെ അനുഭവപാഠമായി എടുക്കണം. കുത്തകളും പരാജയപ്പെടുന്നുണ്ട്‌. സംരംഭകമൂലധനമുള്ളതുകൊണ്ട്‌ ആ പരാജയങ്ങള്‍ അധികമാരും അറിയാറില്ലെന്നുമാത്രം- അദ്ദേഹം പറഞ്ഞു.

 

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 339 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!