ഡയറക്ടര്‍മാരുടെ 10വര്‍ഷപരിധി: 3കൊല്ലം ഇടവേള നിര്‍ബന്ധമാക്കുന്നു
പ്രാഥമികഅര്‍ബന്‍സഹകരണബാങ്കുകളുടെയും സംസ്ഥാനസഹകരണബാങ്കുകളുടെയും കേന്ദ്രസഹകരണബാങ്കുകളുടെയും ഡയറക്ടര്‍മാരായി തുടര്‍ച്ചയായി 10വര്‍ഷംപൂര്‍ത്തിയായവര്‍ മൂന്നുകൊല്ലമെങ്കിലും കഴിഞ്ഞശേഷമേ വീണ്ടും ഡയറക്ടര്‍ബോര്‍ഡംഗമാകാവൂ എന്നു റിസര്‍വ് ബാങ്ക്. ഇൗ വ്യവസ്ഥ നിലവിലുള്ള നിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു കരടുനിര്‍ദേശം പ്രസിദ്ധീകരിച്ചു. ഈ മൂന്നുകൊല്ലം അവര്‍ സാധാരണഅംഗവും ഉപഭോക്താവും മാത്രമായിരിക്കും. 10വര്‍ഷത്തിലേറെ തുടര്‍ച്ചയായി ഡയറക്ടര്‍മാരാകരുതെന്ന വ്യവസ്ഥ സാങ്കേതികമായി മറികടക്കാന്‍ ചിലര്‍ രാജിവച്ച് അല്‍പകാലംകഴിഞ്ഞു വീണ്ടും മല്‍സരിച്ചും കോഓപ്‌റ്റ് ചെയ്യപ്പെട്ടും പിന്നെയും ഡയറക്ടര്‍മാരായി തുടരുന്നതു ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണു മൂന്നുകൊല്ലഇടവേള നിര്‍ബന്ധമാക്കി ഭേദഗതി ചെയ്യുന്നത്‌്. 10വര്‍ഷം തുടര്‍ച്ചയായി ഡയറക്ടര്‍ബോര്‍ഡംഗമായ ആളാണോ എന്നു നിശ്ചയിക്കുമ്പോള്‍ മൂന്നുവര്‍ഷത്തില്‍ കുറഞ്ഞ ഇടവേളയും 10വര്‍ഷബോര്‍ഡംഗത്വത്തിന്റെ ഭാഗമായി കൂട്ടും. മൂന്നുവര്‍ഷനിര്‍ബന്ധിതഇടവേളക്കാലത്തു മറ്റുബാങ്കുകളുടെ ഡയറക്ടര്‍മാരാകാന്‍ വിരോധമില്ല. ഇതെപ്പറ്റി ആക്ഷേപങ്ങളും നിര്‍ദേശങ്ങളുമുള്ളവര്‍ ജനുവരി 30നകം റിസര്‍വ് ബാങ്ക് വെബ്‌സൈറ്റിലെ കണക്ട് ടു റെഗുലേറ്റ് ലിങ്കിലൂടെ അറിയിക്കണം. ഇ-മെയില്‍ ചെയ്യുകയുമാവാം. ദി ചീഫ് ജനറല്‍ മാനേജര്‍, റിസര്‍വ്‌ബാങ്ക് ഓഫ് ഇന്ത്യ, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റെഗുലേഷന്‍ (ഗവണ്‍മെന്റ് സെക്ഷന്‍) പന്ത്രണ്ടാംനില, സെന്‍ട്രല്‍ ഓഫീസ്, ഷഹീദ് ഭഗത് സിങ് മാര്‍ഗ്, ഫോര്‍ട്ട്, മുംബൈ 400001 എന്ന വിലാസത്തില്‍ തപാലിലും അയക്കാം.


