DBEF കോഴിക്കോടിന്റെ ഓര്‍മപ്പുസ്തകം പ്രകാശനം 19 ന്

[mbzauthor]

DBEF കോഴിക്കോടിന്റെ ഓര്‍മപ്പുസ്തകം പൊതുമരാമത്ത് , ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജൂലായ് 19 ന് പ്രകാശനം ചെയ്യുന്നു.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ പിന്നിട്ട ചരിത്രത്തിനും വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം കല, സാഹിത്യം , സിനിമ, സംഗീതരംഗങ്ങളില്‍ കോഴിക്കോടിന്റെ പിന്നിട്ട കാലവും ഓര്‍ത്തെടുത്തു കൊണ്ടാണ് ഓര്‍മപ്പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സഹകരണ ചരിത്രം, മുന്നേറ്റം എന്നിവക്കൊപ്പം ദുരന്തമുഖത്ത് നാടിന് കൈത്താങ്ങാവുന്ന സഹകരണ രംഗത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

മധുരിക്കുന്ന കോഴിക്കോടിനെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകള്‍, കലാ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിലുള്ളവര്‍ പങ്കുവെക്കുന്നു. കേരളം കേരളമായതെങ്ങനെ എന്നതിനെക്കുറിച്ചും നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളത്തില്‍ പുതുവഴി വെട്ടിയതിനെക്കുറിച്ചും ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മുന്നേറ്റത്തില്‍ മുന്നണിപ്പോരാളികളായ വ്യക്തികളെക്കുറിച്ചുമെല്ലാം ഓര്‍മിക്കുന്നു ഈ പുസ്തകം.

കേരള സംസ്ഥാന സഹകരണ ബാങ്കു ( കേരള ബാങ്ക് ) മായി സംയോജിച്ച കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ചരിത്രവും മുന്നേറ്റവും  പ്രവര്‍ത്തന പഥങ്ങളുമെല്ലാംതന്നെ ഓര്‍മപ്പുസ്തകത്തിന്റെ താളുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

കേരള ബാങ്ക് രൂപീകരണത്തോടെ കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകള്‍ ഓര്‍മയായി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) യില്‍ അഫിലിയേറ്റ് ചെയ്ത ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും തമ്മിലുള്ള ലയന നടപടികളുടെ ആലോചനകള്‍ക്ക് തുടക്കമായ ഘട്ടത്തിലാണ് ഓര്‍മപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഏകദേശം ആറു മാസം മുന്‍പ് ഓര്‍മപ്പുസ്തകം തയ്യാറായതാണ്. കോവിഡ് – 19 ന്റെ അടച്ചിടല്‍ കാരണം പ്രകാശനം വൈകി. എല്ലാ ജീവനക്കാരെയും സഹകാരികളെയും ക്ഷണിച്ച് നല്ലൊരു ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിക്കണമെന്നായിരുന്നു DBEF കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഗ്രഹം. ഇന്നത്തെ പ്രതികൂല സാഹചര്യത്തില്‍ അതിന് കഴിയില്ല എന്ന് എല്ലാവര്‍ക്കുമറിയാം.
അതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രകാശനച്ചടങ്ങ് നടക്കുക. അതിനാല്‍ ഇതൊരറിയിപ്പായി എല്ലാവരും പരിഗണിക്കണമെന്ന് കെ. ഷഗീല ( പ്രസിഡന്റ് ) , പി. പ്രേമാനന്ദന്‍ ( സെക്രട്ടറി ) , സുനില്‍ കെ. ഫൈസല്‍ ( ചീഫ് എഡിറ്റര്‍ ) , ബാബുരാജ് വി. ( എക്‌സിക്യുട്ടീവ് എഡിറ്റര്‍ ) എന്നിവര്‍ അഭ്യര്‍ഥിച്ചു.

 

 

[mbzshare]

Leave a Reply

Your email address will not be published.