ഗ്രാമ-നഗരസഹകരണബാങ്കുകളുടെ വായ്‌പാവിവരറിപ്പോര്‍ട്ടിങ്‌ നിര്‍ദേശങ്ങളില്‍ മാറ്റം

Moonamvazhi
ഗ്രാമീണസഹകരണബാങ്കുകളുടെയും അര്‍ബന്‍സഹകരണബാങ്കുകളുടെയും വായ്‌പാവിവരറിപ്പോര്‍ട്ടിങ്‌ നിര്‍ദേശങ്ങളില്‍ റിസര്‍വ്‌ ബാങ്ക്‌ മാറ്റം വരുത്തി. ഭേദഗതി 2026 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം വായ്‌പാവിവരത്തില്‍ വായ്‌പാ വിവരദാതാവ്‌ ശേഖരിച്ചതും സംരക്ഷിക്കുന്നതും കൃത്യമായി നവീകരിക്കുന്നതുമായ, വായ്‌പാവിവരക്കമ്പനിയുമായി ധാരണയിലെത്തിയ, വായ്‌പാവിവരങ്ങളാണ്‌ ഉണ്ടാവുക. ഇതിനായി വായ്‌പാവിവരദാതാവ്‌ ഓരോമാസവും ഒമ്പതാംതിയതിയും പതിനാറാംതിയതിയും ഇരുപത്തിമൂന്നാംതിയതിയും മാസത്തിന്റെ അവസാനദിവസവും കമ്പനിക്കു വിവരം നല്‍കണം. മാസാവസാനത്തെ വായ്‌പാവിവരരേഖകളടങ്ങിയ പൂര്‍ണഫയല്‍ വായ്‌പവിവരദാതാവ്‌ പിറ്റേമാസം അഞ്ചാംതിയതിയോടെ കമ്പനിക്കു കൊടുക്കണം. പൂര്‍ണഫയലില്‍ എല്ലാ സക്രിയഅക്കൗണ്ടും കഴിഞ്ഞ റിപ്പോര്‍ട്ടിങ്ങിനുശേഷം വായ്‌പയെടുത്തയാളും വായ്‌പാവിവരദാതാവും തമ്മിലുള്ള ബന്ധം അവസാനിച്ച അക്കൗണ്ടുകളിലെ വിവരങ്ങളും ഉണ്ടായിരിക്കണം. ഒമ്പതാംതിയതിയും പതിനാറാംതിയതിയും ഇരുപത്തിമൂന്നാംതിയതിയും ഇന്‍ക്രിമെന്റല്‍ അക്കൗണ്ടുകളുടെ കാര്യം നല്‍കിയാല്‍ മതി.
മേല്‍പറഞ്ഞ തിയതികള്‍ക്കു നാലുദിവസത്തിനകം നല്‍കണം.
ഇന്‍ക്രിമെന്റല്‍ അക്കൗണ്ടില്‍ കഴിഞ്ഞ റിപ്പോര്‍ട്ടിങ്ങിനുശേഷം തുറന്ന അക്കൗണ്ടുകള്‍, കഴിഞ്ഞറിപ്പോര്‍ട്ടിങ്ങിനുശേഷം വായ്‌പാവിവരദാതാവും വായപയെടുത്തയാളും തമ്മിലുള്ള ബന്ധം അവസാനിച്ച അക്കണ്ടുകള്‍, കഴിഞ്ഞറിപ്പോര്‍ട്ടിങ്ങിനുശേഷം എന്തെങ്കിലും മാറ്റം വന്ന അക്കൗണ്ടുകള്‍, പലിശയുടെയോ മുതലിന്റെ തവണയുടെയോ സമയംകഴിഞ്ഞ അക്കൗണ്ടുകള്‍ എന്നിവയാണ്‌ ഉണ്ടായിരിക്കേണ്ടത്‌. റിസര്‍വ്‌ ബാങ്കിന്റെ മേല്‍നോട്ടവിഭാഗത്തിനു യഥാസമയം വിവരം നല്‍കാത്ത വായ്‌പാവിവരദാതാക്കളുടെ പട്ടിക വായ്‌പാവിവരക്കമ്പനി ദക്ഷ്‌ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. വായ്‌പാവിവരദാതാവ്‌ വായ്‌പയെടുത്തവരുടെ കേന്ദ്രകെവൈസി (സികെവൈസി) നമ്പര്‍ വായ്‌പാവിവരക്കമ്പനികള്‍ക്കു റിപ്പോര്‍ട്ടു ചെയ്യണം.പുതിയ അപേക്ഷകരുടെ സികെവൈസി നമ്പര്‍ കിട്ടുമ്പോള്‍ അറിയിക്കണം. വായ്‌പാവിവരകമ്പനി തള്ളിയ വിവരം തിരുത്തി വീണ്ടും സമര്‍പ്പിക്കാനും വായ്‌പാവിവരദാതാവ്‌ ബാധ്യസ്ഥമാണ്‌.
നവംബര്‍ 28നു റിസര്‍വ്‌ ബാങ്ക്‌ ഇറക്കിയ ഗ്രാമീണസഹകരണബാങ്കുകളുടെയും അര്‍ബന്‍സഹകരണബാങ്കുകളുടെയും ശാഖാ ഓതറൈസേഷന്‍ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു ഡിസംബര്‍ നാലിനു പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്‌.
റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (റൂറല്‍ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ – ബ്രാഞ്ച്‌ ഓതറൈസേഷന്‍) ഡയറക്ഷന്‍സ്‌ 2025 എന്നാണു ഗ്രാമീണസഹകരണബാങ്കുകളുടെ കാര്യത്തിലുള്ള പുതിയ നിര്‍ദേശങ്ങളുടെ പേര്‌. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (അര്‍ബന്‍ കോഓപ്പറേറ്റീവ്‌ ബാങ്ക്‌സ്‌-ബ്രാഞ്ച്‌ ഓതറൈസേഷന്‍) ഡയറക്ഷന്‍സ്‌ 2025 എന്നാണ്‌ അര്‍ബന്‍ സഹകരണബാങ്കുകളുടെ കാര്യത്തിലുള്ള പുതിയ നിര്‍ദേശങ്ങളുടെ പേര്‌. പുതിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും പിന്‍വലിക്കപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്തതോ എടുത്തതായി കണക്കാക്കപ്പെടാവുന്നതോ തുടക്കം കുറിച്ചതോ ആയ നടപടികള്‍ അതനുസരിച്ചുള്ള വ്യവസ്ഥകള്‍ പ്രകാരം തുടരും. പിന്‍വലിക്കപ്പെട്ട നിര്‍ദേശങ്ങള്‍പ്രകാരം നല്‍കപ്പെട്ട അംഗീകാരങ്ങളും കിട്ടിയതായുള്ള രേഖപ്പെടുത്തലുകളും ആ നിര്‍ദേശങ്ങള്‍പ്രകാരം സാധുവും ബാധകവുമായിരിക്കും. ഈ നിര്‍ദേശങ്ങളുടെ പിന്‍വലിക്കല്‍ അതുപ്രകാരമുള്ള ഏതെങ്കിലും അവകാശത്തെയോ ചുമതലകളെയോ ബാധ്യതകളെയോ പിഴകളെയോ കണ്ടുകെട്ടലിനെയോ ശിക്ഷകളെയോ അന്വേഷണത്തെയോ നിയമനടപടികളെയോ പരിഹാരനടപടികളെയോ (അവകാശങ്ങളും പ്രത്യേകാവകാശങ്ങളും ചുമതലകളും കടമകളും പിഴകളു കണ്ടുകെട്ടലുംശിക്ഷകളുമായി ബന്ധപ്പെട്ട) ബാധിക്കില്ല. അത്തരം അന്വേഷണങ്ങളും നിയമനടപടികളും പരിഹാരപ്രക്രിയകളും ഏര്‍പ്പെടുത്തുകയും തുടുരുകയും നടപ്പാക്കുകയും ചെയ്യാം.
മേല്‍പറഞ്ഞ വ്യവസ്ഥകളോടെ അര്‍ബന്‍ സഹകരണബാങ്കുകളുടെ ലൈസന്‍സിങ്‌, ഷെഡ്യൂളിങ്‌, റെഗുലേറ്ററി ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേളങ്ങളും നവംബര്‍ 28ന്‌ ഇറക്കിയതു പിന്‍വലിച്ചു ഡിസംബര്‍ നാലിനു പുതിയത്‌ ഇറക്കിയിട്ടുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 790 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!