സഹകരണ സര്‍വകലാശാലാബില്‍ രാജ്യസഭയും അംഗീകരിച്ചു; 5കൊല്ലത്തിനകം സഹകരണമേഖലയില്‍ 17ലക്ഷം യുവാക്കള്‍ക്ക്‌ അവസരം

Deepthi Vipin lal

ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലാബില്‍ രാജ്യസഭയും പാസ്സാക്കി. പരിശീലനം സിദ്ധിച്ച 17ലക്ഷം യുവാക്കളെ അഞ്ചുകൊല്ലത്തിനകം സഹകരണമേഖലയില്‍ ആവശ്യമായിവരുമെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണസഹമന്ത്രി മുരളിധര്‍മോഹോള്‍ അറിയിച്ചു.ലോക്‌സഭ മാര്‍ച്ച്‌ 26നു ബില്‍ പാസ്സാക്കിയിരുന്നു. ഇതോടെ പാര്‍ലമെന്റിന്റെ രണ്ടുസഭകളിലും ബില്ലിന്‌ അംഗീകരാമായി.ധവളവിപ്ലവത്തിന്റെ പിതാവായ വര്‍ഗീസ്‌ കുര്യനുകൂടി ആദരവേകുംവിധം സര്‍വകലാശാലയ്‌ക്കു ത്രിഭുവന്‍-കുര്യന്‍ സര്‍വകലാശാല എന്നു പേരിടുന്നതായിരുന്നു ഉചിതമെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ വി. ശിവദാസന്‍ അഭിപ്രായപ്പെട്ടു. കുര്യനെ അവഗണിച്ചത്‌ അപലപനീയമാണ്‌. സഹകരണ മേഖലയിലെ പ്രമുഖവ്യക്തിത്വവും ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവുമായ വര്‍ഗീസ്‌കുര്യന്റെ മഹത്തായ സംഭാവനകളെ അവഗണിച്ചത്‌ ചരിത്രത്തോടു കാണിക്കുന്ന നീതികേടാണ്‌. ആഗോളഅംഗീകാരങ്ങള്‍ നേടിയ വര്‍ഗീസ്‌കുര്യന്റെ പാരമ്പര്യത്തെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

കുര്യനെ അവഗണിച്ചതായി ലോക്‌സഭയിലും ബില്ലിന്റെ ചര്‍ച്ചക്കിടയില്‍ പല അംഗങ്ങളും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ത്രിഭുവന്‍ദാസ്‌ പട്ടേലിന്റെ നടപടികളും പ്രേരണയുമാണു കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിദാനമായതെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രികൂടിയായ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷായുടെ മറുപടി.സഹകരണമേഖലയുടെ ഊര്‍ജസ്വലതയ്‌ക്കും വികാസത്തിനും വ്യവസ്ഥാപിതസംവിധാനം സജ്ജമാക്കുന്നതിന്റെ ഭാഗമാണു സര്‍വകലാശാലയെന്നു രാജ്യസഭയിലെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണസഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു. പല സഹകരണസ്ഥാപനങ്ങള്‍ക്കും കാര്യക്ഷമതക്കുറവുണ്ട്‌. ഭരണസമിതികളില്‍ ക്രമക്കേടുകള്‍ സംഭവിക്കുന്നുണ്ട്‌. വിഭവങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. സാങ്കേതികവിഭവങ്ങളും കുറവാണ്‌. ഇതൊക്കെ മികവിനെ ബാധിക്കുന്നു സര്‍വകലാശാല വഴി സഹകരണമേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനാവും. പുതിയ അവസരങ്ങള്‍ക്കും സ്വയംതൊഴില്‍സാധ്യതകള്‍ക്കും പുതിയകണ്ടെത്തലുകള്‍ക്കും അതു വഴിയൊരുക്കും. കാര്യക്ഷമതയും അച്ചടക്കവും ഉറപ്പുവരുത്താനാവശ്യമായ പരിശീലനം എല്ലാമേഖലയിലും വേണം. പാക്‌സുകളുടെ സെക്രട്ടറിമാര്‍മുതല്‍ അപ്പെക്‌സ്‌ സംഘങ്ങളുടെ മാനേജിങ്‌ ഡയറക്ടര്‍മാര്‍വരെയുള്ളവര്‍ക്കു പരിശീലനം വേണം. അഞ്ചുകൊല്ലത്തിനകം സഹകരണമേഖലയില്‍ പരിശീലനംസിദ്ധിച്ച 17ലക്ഷത്തോളം യുവാക്കളെ വേണ്ടിവരും. ഇതുകണക്കിലെടുത്താണു സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്‌.

സഹകരണമേഖലയില്‍ അധ്യയന-പരിശീലനസൗകര്യങ്ങള്‍ വേണ്ടത്രയില്ല. ഉള്ളവ പലേടങ്ങളിലായി ചിതറിക്കിടക്കുകയുമാണ്‌. സര്‍വകലാശാല ഇതൂ പരിഹരിക്കും. യുവാക്കളില്‍ സഹകരണാവേശം വളര്‍ത്തും. 43000 പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍ പൊതുസേവനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്‌. 36000 പാക്‌സുകള്‍ കിസാന്‍ സമൃദ്ധികേന്ദ്രങ്ങള്‍ നടത്തുന്നു. നാലായിരം പാക്‌സുകള്‍ക്കു ജന്‍ഔഷധികേന്ദ്രങ്ങളുണ്ട്‌.നിരവധി പാക്‌സുകള്‍ പെട്രോള്‍പമ്പുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News