കേരളത്തില്‍ 5കോടി ചെലവില്‍ അന്താരാഷ്ട്ര സഹകരണഗവേഷണഇന്‍സ്‌റ്റിറ്റിയൂട്ട്‌ സ്ഥാപിക്കും

Moonamvazhi

കേരളത്തില്‍ സഹകരണസര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കെ സര്‍വകലാശാലയില്ലെങ്കിലും അന്താരാഷ്ട്രസഹകരണഗവേഷണകേന്ദ്രം സ്ഥാപിക്കപ്പെടുമെന്ന്‌ ഉറപ്പായി. കേരളത്തില്‍ അന്താരാഷ്ട്രസഹകരണഗവേഷണഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇന്റര്‍നാഷണല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കോഓപ്പറേറ്റീവ്‌സ്‌ -ഐആര്‍ഐസി) സ്ഥാപിക്കുമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ അറിയിച്ചു. അഞ്ചുകോടിരൂപ ഇതിനായി അനുവദിച്ചു. രണ്ടരക്കോടി അടിസ്ഥാനസൗകര്യവികസനത്തിനാണ്‌. രണ്ടരക്കോടി സീഡ്‌ മണിയും. പ്രൊഫഷണല്‍ വിദ്യാഭ്യാസനിധിയില്‍നിന്നാണിത്‌ ഉപയോഗിക്കുക. കേരളസഹകരണമാതൃകയെ ലോകശ്രദ്ധയില്‍ കൊണ്ടുവരലാണു ലക്ഷ്യം. കേരളസഹകരണമേഖലയിലെ നേട്ടങ്ങളെക്കുറിച്ചുള്ള പഠനം, സാമൂഹിക-സാമ്പത്തികഇടപെടലുകള്‍ക്കു ശാസ്‌ത്രീയദിശാബോധം നല്‍കല്‍, കേരളസഹകരണമാതൃകയെ മൂന്നാംലോകരാജ്യങ്ങള്‍ക്കു പറ്റിയ പ്രായോഗികമാതൃകയാക്കല്‍ എന്നിവയായിരിക്കും പ്രവര്‍ത്തനങ്ങള്‍. അഞ്ചുകൊല്ലംകൊണ്ടു മുന്‍നിരഗവേഷണകേന്ദ്രമായി മാറ്റും.

കഴിഞ്ഞവര്‍ഷം വിഷന്‍ 2031-സഹകരണവകുപ്പിന്റെ നേട്ടങ്ങളും ഭാവി വികസനലക്ഷ്യങ്ങളും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യവെ സഹകരണമന്ത്രി വി.എന്‍. വാസവന്‍ കേരളത്തില്‍ സഹകരണസര്‍വകലാശാല സ്ഥാപിക്കേണ്ടതാണെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.

ജി. സുധാകരന്‍ സഹകരണമന്ത്രിയായിരിക്കെയും അന്ന്‌ ഏറ്റുമാനൂര്‍ എം.എല്‍.എ.യായിരുന്ന വാസവന്‍ സഹകരണസര്‍വകലാശാലയുടെ ആവശ്യകത നിയമസഭയില്‍ ഉന്നയിച്ചിരുന്നതാണ്‌. തുടര്‍ന്ന്‌ ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ കെ. ജയകുമാര്‍ അതുസംബന്ധിച്ചു പഠിച്ച്‌ അനുകൂലറിപ്പോര്‍ട്ട്‌ നല്‍കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘവും സഹകരണസര്‍വകലാശാല സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനസഹകരണയൂണിയനും സഹകരണസര്‍വകലാശാലക്കായി ശബ്ദമുയര്‍ത്തിയിരുന്നു.

കേന്ദ്രസഹകരണമന്ത്രാലയം ദേശീയതലത്തില്‍ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റി എന്ന പേരില്‍ സഹകരണസര്‍വകലാശാല സ്ഥാപിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ ആനന്ദിലെ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമായാണ്‌ അതു പ്രവര്‍ത്തിക്കുന്നത്‌. ഇര്‍മ ദേശീയസഹകരണസര്‍വകലാശാലയായി മാറിയതുപോലെ കേരളത്തില്‍ സ്ഥാപിക്കപ്പെടുന്ന സഹകരണഗവേഷണകേന്ദ്രവും സര്‍വകലാശാലാ കേന്ദ്രമായി മാറുകയോ സര്‍വകലാശാലാതുല്യപദവിയുള്ള സ്ഥാപനമായി മാറുകയോ ചെയ്‌തേക്കാം.

ഇര്‍മയ്‌ക്കുപുറമെ പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പോലുള്ള സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്‌. ഇന്ത്യക്കുപുറത്തു കെനിയയിലും റഷ്യയിലും നേരത്തേതന്നെ സഹകരണസര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. നെയ്‌റോബിയിലെ കരേന്‍ കേന്ദ്രമാക്കിയുള്ള ദി കോഓപ്പറേറ്റീവ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കെനിയ, മോസ്‌കോയിലെ മിറ്റിഷ്‌ചി കേന്ദ്രമാക്കിയുള്ള റഷ്യന്‍ യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ കോഓപ്പറേഷന്‍ എന്നിവയാണവ. അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ സഹകരണഗവേഷണസമിതി, ഇറ്റലിയിലെ ട്രെന്റോ കേന്ദ്രമാക്കിയുള്ള സഹകരണപ്രസ്ഥാനങ്ങളെയും സാമൂഹികസംരംഭങ്ങളെയും പറ്റിയുള്ള യൂറോപ്യന്‍ ഗവേഷണഇന്‍സ്റ്റിറ്റിയൂട്ട്‌ (യൂറിസിഎസ്‌ഇ), അമേരിക്കയിലെ അന്താരാഷ്ട്രസഹകരണഗവേഷണഗ്രൂപ്പ്‌ (ഐസിആര്‍ജി), ബെല്‍ജിയത്തിലെ പൊതു-സാമൂഹിക-സഹകരണസമ്പദ്‌വ്യവസ്ഥക്കായുള്ള അന്താരാഷ്ട്രഗവേഷണ-വിജ്ഞാനകേന്ദ്രം (സിഐആര്‍ഐഇസി) തുടങ്ങിയ സഹകരണഗവേഷണസ്ഥാപനങ്ങള്‍ ലോകത്തുണ്ട്‌. കാനഡയിലെ സെന്റ്‌മേരീസ്‌ സര്‍വകലാശാല, സാസ്‌കറ്റ്‌ചെവാന്‍ സര്‍വകലാശാല, യുകെയിലെ സഹകരണകോളേജ്‌, അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളേജ്‌ കോര്‍ക്ക്‌, അമേരിക്കയിലെ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാല, ജര്‍മനിയിലെ ഹംബോള്‍ട്ട്‌ സര്‍വകലാശാല എന്നിവിടങ്ങളിലും അന്താരാഷ്ട്രതലസഹകരണകോഴ്‌സുകളും ഗവേഷണസ്ഥാപനങ്ങളും ഉണ്ട്‌. അത്തരം സ്ഥാപനങ്ങളുടെ നിരയിലേക്ക്‌ കേരളത്തിന്റെതായ തനതുസംഭാവനയും ഉണ്ടാകാനുള്ള സാധ്യതയാണ്‌ അന്താരാഷ്ട്രസഹകരണഗവേഷണഇന്‍സ്റ്റിറ്റിയൂട്ട്‌ യാഥാര്‍ഥ്യമായാല്‍ തെളിഞ്ഞുവരിക.

 

Moonamvazhi

Authorize Writer

Moonamvazhi has 1018 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!