സഹകരണജീവനക്കാരുടെ ക്ഷേമബോര്‍ഡ്: അംഗമാകാത്തവര്‍ ഏറെ
സഹകരണസംഘംജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന അന്നുതന്നെ കേരളാസ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വമെടുക്കേണ്ടതാണെങ്കിലും നല്ലൊരുഭാഗം സംഘങ്ങളിലും ഇതു ചെയ്‌തിട്ടില്ലെന്നു ബോര്‍ഡ് സര്‍ക്കുലറില്‍ അറിയിച്ചു. പിന്നീട് അംഗത്വം എടുക്കുമ്പോഴാകട്ടെ ജോലിക്കുചേര്‍ന്ന തിയതിമുതലുള്ള കുടിശ്ശിക അടക്കേണ്ടതിനാല്‍ പല സംഘവും ജീവനക്കാരും മടിക്കുകയാണ്. ഇവര്‍ക്കായി കുടിശ്ശികയില്ലാതെ അംഗത്വമെടുക്കാന്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ആറുമാസം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് അംഗത്വമെടുത്ത് ആറുമാസംകഴിഞ്ഞേ ആനുകൂല്യങ്ങള്‍ കിട്ടൂ. ഇവര്‍ അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ഉത്തരവു പ്രകാരം കുടിശ്ശിക ഒഴിവാക്കി അംഗത്വം നല്‍കണമെന്ന ഭരണസമിതിത്തീരുമാനംകൂടി വയ്‌ക്കണം. ഭരണസമിതികളും ചീഫ് എക്‌സിക്യൂട്ടീവുമാരും ജീവനക്കാരെ വെല്‍ഫയര്‍ബോര്‍ഡില്‍ അംഗങ്ങളാക്കാന്‍ അടിയന്തരമായി സമയബന്ധിതനടപടികളെടുക്കണമെന്നു സര്‍ക്കുലര്‍ നിര്‍ദേശിച്ചു.
കയര്‍വികസനം, ക്ഷീരവികസനം, ഇന്‍ഡസ്‌ട്രീസ് ആന്റ് കോമേഴ്‌സ്, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റയില്‍സ്, ഫിഷറീസ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്‌ട്രീസ് തുടങ്ങിയ വകുപ്പുകളിലെ സംഘംജീവനക്കാരില്‍ നല്ലൊരുഭാഗവും അംഗത്വമെടുത്തിട്ടില്ല. അംഗമായില്ലെങ്കില്‍ ആനുകൂല്യം കിട്ടില്ല. അംഗമാകാനുള്ള മാര്‍ഗനിര്‍ദേശങ്ങളും അംഗമായാല്‍ കിട്ടുന്ന ആനുകൂല്യങ്ങളുടെ വിശദവിവരങ്ങളും ബോര്‍ഡ് ഹെഡ്‌ഓഫീസിലും റീജണല്‍ ഓഫീസുകളിലും കിട്ടും. ഓരോ റീജണിലെയും എല്ലാ വിഭാഗം സംഘങ്ങളുടെയും ജില്ലാ.താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ട് റീജണല്‍മാനേജര്‍മാര്‍ ഇക്കാര്യത്തില്‍ നടപടികളെടുക്കണമെന്നും സര്‍ക്കുലറിലുണ്ട്.