സഹകരണരംഗത്തെ മൂന്ന് എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു
സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകാശനം ചെയ്‌തു. കേരളബാങ്ക് റിട്ട.മാനേജര്‍ വി. ബാബുരാജ് എഴുതിയ ബാങ്കിങ് സഞ്ചാരം, കേരളബാങ്ക് തിരുവല്ല ശാഖാമാനേജര്‍ അബു ജൂമൈലയുടെ കവിതാസമാഹാരമായ മുഷായിറ, കേരളബാങ്ക് തൃശ്ശൂര്‍ റീജിയണല്‍ ഓഫീസ് സ്റ്റാഫ് അബിത കൊടുങ്ങല്ലൂരിന്റെ കവിതാസമാഹാരമായ പെണ്ണ്, കഥാസമാഹാരമായ അക്ഷരത്തെറ്റ് എന്നിവയാണു പ്രകാശനം ചെയ്‌തത്.
ബാങ്കിങ് സഞ്ചാരം എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് പ്രകാശനം ചെയ്‌തു. കേരളബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിലെ ഇ.വി. കുമാരന്‍സ്‌മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരളബാങ്ക് ഡയറക്ടര്‍ ഇ. രമേശ്‌ബാബു പുസ്‌തകം ഏറ്റുവാങ്ങി. 35ല്‍പരം കൊല്ലത്തെ ബാങ്കിങ് സേവനാനുഭവങ്ങളെക്കുറിച്ചുള്ള പുസ്‌തകം കേരളബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. രവീന്ദ്രന്‍ പരിചയപ്പെടുത്തി. കേരളബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സംസ്ഥാനട്രഷറര്‍ കെ.പി. അജയകുമാര്‍ അധ്യക്ഷനായി. കോഴിക്കോട് ജില്ലാസഹകരണബാങ്ക് മുന്‍പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സംസ്ഥാനന്യൂനപക്ഷവികസനകോര്‍പറേഷന്‍ എം.ഡി അബ്ദുള്‍ മുജീബ് സി, കേരളബാങ്ക് കോഴിക്കോട് റീജിയണല്‍ ജനറല്‍ മാനേജര്‍ ഷിബു എം.പി, കോഴിക്കോട് ജില്ലാസഹകരണബാങ്ക് മുന്‍ജനറല്‍ മാനേജര്‍ കെ. രത്‌നപ്രകാശന്‍, കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാനസെക്രട്ടറി കെ.ടി. അനില്‍കുമാര്‍, കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് എ.ഐ.ബി.ഇ.എ. സംസ്ഥാനട്രഷറര്‍ കെ.കെ. സജിത്‌കുമാര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം മാനേജിങ് ഡയറക്ടര്‍ ഷാജു എസ്, കേരള കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ജില്ലാപ്രസിഡന്റ് സുനില്‍കുമാര്‍ ഇ, ഗ്രാന്‍മ ബുക്‌സ് പ്രസാധകന്‍ സജീവന്‍ മാണിക്കോത്ത്, സുനില്‍ കെ ഫൈസല്‍, പി പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
വെള്ളക്കിണര്‍ എ.ജെ. പാര്‍ക്ക് ഹോട്ടല്‍ ഹാളിലായിരുന്നു അബൂജുമൈലയുടെ പുസ്‌തകത്തിന്റെ പ്രകാശനം. പി.ജെ.ജെ. ആന്റണി, ബി. ജോസുകുട്ടി, പുന്നപ്ര അപ്പച്ചന്‍, ഫിലിപ്പോസ് തത്തംപള്ളി, ഡോ. ഷാജി ഷണ്‍മുഖം, ഡോ. നെടുമുടി ഹരികുമാര്‍, ഡോ. അമൃത, അലിയാര്‍ മാക്കിയില്‍ എന്നിവര്‍ സംസാരിച്ചു.