ബയോമെട്രിക്‌ മസ്‌റ്ററിങ്‌: വിശദവിവരങ്ങായി

Moonamvazhi

സഹകരണപെന്‍ഷന്‍കാര്‍ നടത്തേണ്ട ബയോമെട്രിക്‌ മസ്‌റ്ററിങ്ങിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമര്‍പ്പിച്ച പെന്‍ഷന്‍കാര്‍ തൊട്ടടുത്ത അക്ഷയകേന്ദ്രത്തില്‍ ആധാര്‍ കാര്‍ഡുമായി ചെന്നു ജീവന്‍രേഖാ പോര്‍ട്ടല്‍ വഴി മസ്‌റ്ററിങ്‌ നടത്തണമെന്ന്‌ ആവശ്യപ്പെടണം. ബാക്കി അക്ഷയകേന്ദ്രം ചെയ്‌തുകൊള്ളും. മസ്റ്ററിങ്ങിന്‌ ആധാര്‍കാര്‍ഡ്‌ മാത്രം മതി. മസ്റ്ററിങ്‌ പൂര്‍ത്തിയായാല്‍ അതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ്‌ തരും. അതു സൂക്ഷിക്കണം. പെന്‍ഷന്‍ബോര്‍ഡിലേക്ക്‌ അയക്കേണ്ട. അക്ഷയകേന്ദ്രംഒഴികെയുള്ള ജനസേവനകേന്ദ്രങ്ങള്‍വഴിയോ വ്യക്തികള്‍ വഴിയോ മസ്‌റ്ററിങ്‌ നടത്താനാവില്ല.

കിടപ്പുരോഗികള്‍ അതാതുപ്രദേശത്തെ വാര്‍ഡംഗമോ കൗണ്‍സിലറോ വഴി അക്ഷയകേന്ദ്രത്തില്‍ അറിയിച്ചാല്‍ അവര്‍ താമസസ്ഥലത്തെത്തി മസ്‌റ്ററിങ്‌ പൂര്‍ത്തിയാക്കും.
2025 ജനുവരിക്കുമുമ്പു പെന്‍ഷന്‍ കിട്ടിത്തുടങ്ങിയവരെല്ലാം ബയോമെട്രിക്‌ മസ്‌റ്ററിങ്‌ നടത്തണം. sahakaranapension.org വഴി ഇനി ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കേണ്ട. നാളുകളായി ലൈഫ്‌ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കാതെ പെന്‍ഷന്‍ മുടങ്ങിയവര്‍ ബയോമെട്രിക്‌ മസ്‌റ്ററിങ്‌ പൂര്‍ത്തിയാക്കി പെന്‍ഷന്‍ ബോര്‍ഡില്‍ അറിയിക്കണം. ഒന്നില്‍കൂടുതല്‍ സഹകരണപെന്‍ഷന്‍ വാങ്ങുന്നവരും ഒരുതവണ മസ്റ്ററിങ്‌ നടത്തിയാല്‍ മതി. മറ്റുരാജ്യങ്ങളില്‍ താമസിക്കുന്നവര്‍ നാട്ടിലെത്തുന്ന മുറയ്‌ക്കു മസ്റ്ററിങ്‌ നടത്തണം. മസ്റ്ററിങ്ങിനു ബുദ്ധിമുട്ടുണ്ടായാല്‍ 9400068998, 9400068993എന്നീ ഫോണ്‍നമ്പരുകളിലോ [email protected] എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടണം. ബയോമെട്രിക്‌ മസ്‌റ്ററിങ്ങിനുള്ള അപേക്ഷ ഇതുവരെ കൊടുത്തിട്ടില്ലാത്തവര്‍ sahakaranapension.orgല്‍ നിന്ന്‌ അപേക്ഷാഫോം ഡൗണ്‍ലോഡ്‌ ചെയ്‌തു പൂരിപ്പിച്ച്‌ ഏറ്റവും പുതിയ ആധാര്‍കോപ്പിയമായി [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക്‌ Biometric Mustering Data Entry എന്ന സബ്‌ജക്ട്‌ ലൈനോടെ അയക്കണം.

 

ഇ-മെയിലില്‍ ബന്ധപ്പെടുമ്പോള്‍ പേരും പിപിഒ നമ്പരും ആധാര്‍ നമ്പരും ഉള്‍പ്പെടുത്തണം.
സെപ്‌റ്റംബര്‍ ഒന്നിനു മസ്റ്ററിങ്‌ ആരംഭിച്ചു. രണ്ടുമാസത്തിനകം എല്ലാ പെന്‍ഷന്‍കാരും മസ്റ്ററിങ്‌ നടത്തണം. ജീന്‍രേഖ സോഫ്‌റ്റുവെയര്‍ മുഖേന കണ്ണിന്റെ റെറ്റിന, വിരലടയാളം എന്നിവയില്‍ ഒന്നു സ്‌കാന്‍്‌ ചെയ്‌ത്‌ ഉറപ്പാക്കി പൂര്‍ത്തീകരിക്കുന്നതാണു ബയോമെട്രിക്‌ മസ്‌റ്ററിങ്‌. മസ്‌റ്ററിങ്‌ ആധികാരികവും ലളിതവുമാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെയാണ്‌ ഇതു നടപ്പാക്കിയത്‌. പെന്‍ഷന്‍ബോര്‍ഡ്‌ ഭരണസമിതി തീരുമാനമെടുത്ത്‌ ആവശ്യപ്പെട്ടപ്രകാരമാണു സെപ്‌റ്റംബര്‍ ഒന്നുമുതല്‍ രണ്ടുമാസം ആദ്യമസ്‌റ്ററിങ്ങിനായി അനുമതി നല്‍കിയിട്ടുള്ളത്‌.

Moonamvazhi

Authorize Writer

Moonamvazhi has 603 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!