സഹകരണനിയമഭേദഗതി:ചട്ടങ്ങള്‍ നിലവില്‍വന്നു

Moonamvazhi
  • പൊതുസോഫ്റ്റുവെയറിനെക്കുറിച്ചു പരാമര്‍ശം
  • 10ലക്ഷത്തിലേറെയുള്ള വായ്പയുടെ വസ്തുമൂല്യനിര്‍ണയത്തിന് അഞ്ചംഗപാനല്‍
  • വിദഗ്ധരെ കോഓപ്റ്റ് ചെയ്യണം
  • മിനിറ്റ്‌സ് സൂക്ഷിക്കേണ്ടതു ചീഫ് എക്‌സിക്യൂട്ടീവ്

സമഗ്രസഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണചട്ടത്തില്‍ വരുത്തിയ ഭേദഗതി ഡിസംബര്‍ 31നു നിലവില്‍വന്നു. സഹകരണസംഘങ്ങളുടെ ഓഡിറ്റ് കൂടുതല്‍ കര്‍ശനമാക്കുന്നതും വസ്തുഈടിന്റെ വാല്യുവേഷന്‍ നടപടികള്‍ കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണമാക്കുന്നതുമായ വ്യവസ്ഥകള്‍ ചട്ടങ്ങളിലുണ്ട്. സംഘങ്ങളുടെ ലയനം, അനുബന്ധസ്ഥാപനങ്ങള്‍ രൂപവത്കരിക്കല്‍, പങ്കാളിത്തസ്ഥാപനങ്ങള്‍ രൂപവത്കരിക്കല്‍, മിനിറ്റ്‌സ് എഴുതലും സൂക്ഷിക്കലും സംബന്ധിച്ച ഉത്തരവാദിത്വങ്ങള്‍, മില്‍മയുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് തുടങ്ങിയ കാര്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റംവരുത്തുകയോ പുതിയ വ്യവസ്ഥകള്‍ ചേര്‍ക്കുകയോ ചെയ്തിട്ടുണ്ട്. പൊതുസോഫ്റ്റ് വെയറിനെക്കുറിച്ചും പറയുന്നുണ്ട്. ആ നിലയ്ക്ക് പൊതുസോഫ്റ്റുവെയര്‍ നടപ്പാക്കപ്പെടുമെന്നു കരുതാം. ഭരണസമിതിയിലുള്ളവര്‍ക്കു തുടര്‍ച്ചയായി രണ്ടുതവണയിലേറെ മല്‍സരിക്കരുതെന്ന ഭേദഗതി ഹൈക്കോടതിവിധിയെത്തുടര്‍ന്നു ചട്ടങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്. പരിശീലനം, നിയമനം, തുടങ്ങിയ കാര്യങ്ങളിലും പുതിയ വ്യവസ്ഥകളുണ്ട്.സഹകരണസംഘങ്ങളുടെ ലയനം സംബന്ധിച്ച് സബ്‌റൂള്‍ 2എ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു സംഘവുമായി ലയിക്കാന്‍ ഉദ്ദേശിക്കുന്ന സംഘം അതിന് സ്‌കീം തയ്യാറാക്കി സമര്‍പ്പിക്കുകയും അതു പൊതുയോഗത്തില്‍ കേവലഭൂരിപക്ഷത്തോടെ പാസ്സാക്കുകയും വേണം. ആസ്തിബാധ്യതകള്‍ കൈമാറാനുള്ള വിശദമായ പദ്ധതികളുംമറ്റും സ്‌കീമില്‍ ഉണ്ടായിരിക്കണം.

13-ാം ചട്ടത്തില്‍ 13 എ ആയി അംഗങ്ങളുടെ സാമ്പത്തികക്ഷേമത്തിനായി അനുബന്ധസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. അനുബന്ധസ്ഥാപനം ഉള്ള കാലത്തോളം അതിന്റെ ഓഹരികളുടെ നോമിനല്‍മൂല്യത്തിന്റെ പകുതിയിലേറെയും മാതൃസ്ഥാപനത്തിന്റെ കൈവശമായിരിക്കണം. അനുബന്ധസ്ഥാപനം യഥാസമയം വാര്‍ഷികപൊതുയോഗം നടത്തി വാര്‍ഷികറിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോര്‍ട്ടും സഹകരണവകുപ്പ് ഓഡിറ്റര്‍മാരുടെ നിഗമനങ്ങളും ഓരോവര്‍ഷവും മാതൃസ്ഥാപനത്തിന്റെ വാര്‍ഷികപൊതുയോഗത്തില്‍ വയ്ക്കണം. മാതൃസ്ഥാപനത്തിന്റെ അറ്റലാഭത്തില്‍നിന്നുവേണം മാതൃസ്ഥാപനം അനുബന്ധസ്ഥാപനത്തിന് ഓഹരിമൂലധനസംഭാവനയും ധനസഹായവും നല്‍കാന്‍. ഇതല്ലാതെയുള്ള ധനസഹായം വായ്പയായേ നല്‍കാവൂ. അതിനു രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വേണം. പലിശനിരക്കും വായ്പാകാലാവധിയും അടക്കമുള്ള വ്യവസ്ഥകള്‍ രജിസ്ട്രാറാണു നിശ്ചയിക്കുക. മാതൃസ്ഥാപനം അതിന്റെ പ്രവര്‍ത്തനമൂലധനത്തിന്റെ 10ശതമാനത്തിലേറെ അനുബന്ധസ്ഥാപനത്തിനു വായ്പ കൊടുക്കരുത്. സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുകയോ ഭാഗികമായെങ്കിലും ധനസഹായം നല്‍കുകയോ ചെയ്ത സഹകരണസംഘമോ ബാങ്കോ അനുബന്ധസ്ഥാപനം രൂപവല്‍കരിച്ചാല്‍ അതിന്റെ ഡയറക്ടര്‍ബോര്‍ഡിലോ ഭരണസമിതിയിലോ സര്‍ക്കാരിനു നോമിനിയെ വയ്ക്കാം. രജിസ്ട്രാര്‍ അനുബന്ധസ്ഥാപനം കാലാകാലങ്ങളില്‍ പരിശോധിക്കുകയും കണക്കുകളും രേഖകളും നോക്കി നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. മാതൃസ്ഥാപനത്തിന്റെ ഓഡിറ്റര്‍ അവര്‍ നല്‍കിയ ധനസഹായത്തിന്റെ തോതനുസരിച്ച് അനുബന്ധസ്ഥാപനത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണം. സഹകരണഓഡിറ്റ് ഡയറക്ടര്‍ രജിസ്ട്രാറുമായി ആലോചിച്ച് അനുബന്ധസ്ഥാപനങ്ങളുടെ ഓഡിറ്റിന് സ്‌കീമും മാതൃകയും തയ്യാറാക്കണം. മാതൃസ്ഥാപനത്തിനു പൊതുയോഗത്തില്‍ കേവലഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കി അനുബന്ധസ്ഥാപനം പൂട്ടാം.

13 ബിയില്‍ സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച വ്യവസ്ഥകളുണ്ട്. പങ്കാളിത്തത്തിനു വിശദപദ്ധതിയും അപേക്ഷയും നല്‍കണം. ഇതിന്റെ ലാഭക്ഷമതയും പ്രായോഗികതയും രജിസ്ട്രാര്‍ പരിശോധിക്കണം. സഹകരണഓഡിറ്റ് ഡയറക്ടര്‍ നിയോഗിക്കുന്ന ഓഡിറ്റര്‍മാരാണു പങ്കാളിത്തസംഘങ്ങളുടെ വാര്‍ഷികക്കണക്കുകള്‍ പരിശോധിക്കുക. പരിശോധനാസംഘം വര്‍ഷത്തിലൊരിക്കലെങ്കിലും രേഖകള്‍ പരിശോധിക്കണം. സംഘങ്ങളുടെ സാമ്പത്തികസ്ഥിരതയെ ബാധിക്കാത്തവിധംവേണം പങ്കാളിത്തസംവിധാനം ഉണ്ടാക്കാനും നടത്താനുമുള്ള പണം സ്വരൂപിക്കേണ്ടത്. പദ്ധതിറിപ്പോര്‍ട്ടുപ്രകാരം തുക സമാഹരിക്കാന്‍ രജിസ്ട്രാര്‍ക്ക് അപേക്ഷ കൊടുക്കണം. രജിസ്ട്രാര്‍ നിര്‍ദേശങ്ങളും ശുപാര്‍ശയും സഹി്തം സര്‍ക്കാരിന് അയക്കും. റൂള്‍ 29ല്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകരിച്ച പൊതുസോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കുമെന്നു സബ്‌റൂള്‍ രണ്ടിനുശേഷം കൂട്ടിച്ചേര്‍ത്ത സബ്‌റൂള്‍ മൂന്നില്‍ പറയുന്നു. അത്തരം പൊതുസോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഓരോ പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘവും കണക്കുകള്‍ സൂക്ഷിക്കേണ്ടത്. പ്രാഥമികകാര്‍ഷികവായ്പാസഹകരണസംഘങ്ങളല്ലാത്ത സംഘങ്ങള്‍ രജിസ്ട്രാര്‍ അംഗീകരിച്ച ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുമാത്രമേ കണക്കുകള്‍ തയ്യാറാക്കാവൂ. പൊതുസോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും സൂക്ഷിക്കാനുംവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ രജിസ്ട്രാര്‍ എല്ലാ സംഘത്തിനും നല്‍കും. പഴയവിവരങ്ങളുടെ മാറ്റം, ജീവനക്കാരുടെ പരിശീലനം, നടപ്പാക്കാനുള്ള സമയക്രമം, ചെലവുപങ്കിടല്‍ തുടങ്ങിയ കാര്യങ്ങളും മാര്‍ഗനിര്‍ദേശത്തിലുണ്ടാകും. മറ്റൊരു സോഫ്റ്റുവെയര്‍ ഉപയോഗിക്കാന്‍ രജിസ്ട്രാര്‍ അനുവദിച്ച സംഘങ്ങളുടെകാര്യത്തില്‍ ഇത്തരംകാര്യങ്ങളെപ്പറ്റി രജിസ്ട്രാര്‍ വേറെ മാര്‍ഗനിര്‍ദേശം നല്‍കും.

29-ാം ചട്ടത്തിനുശേഷം 29എ ചട്ടം ചേര്‍ത്തിട്ടുണ്ട്. ഡയറക്ടര്‍ബോര്‍ഡുയോഗത്തിന്റെയും ഉപസമിതികളുടെ യോഗത്തിന്റെയും പൊതുയോഗത്തിന്റെയും മിനിറ്റ്‌സ് സൂക്ഷിക്കുന്നതു സംബന്ധിച്ചാണത്. എല്ലായോഗത്തിന്റെയും മിനിറ്റ്‌സ്ബുക്ക് സൂക്ഷിക്കേണ്ടതു ചീഫ് എക്‌സിക്യൂട്ടീവാണ്. യുക്തമായ സമയത്തൊക്കെ ഇതു പ്രസിഡന്റിനും ഡയറക്ടര്‍മാര്‍ക്കും പരിശോധിക്കാന്‍ കൊടുക്കണം. പ്രസിഡന്റിനോ ഏതെങ്കിലും കമ്മറ്റിയംഗത്തിനോ ചീഫ് എക്‌സിക്യൂട്ടീവിനോ മിനിറ്റ്‌സ് എഴുതാം. മിനിറ്റ്‌സില്‍ ഒഴിച്ചിട്ടഭാഗമുണ്ടെങ്കില്‍ അതു സ്‌കോര്‍ഡ്ഔട്ട് ചെയ്യണം. തിരുത്തുകളും മേലേയുള്ള എഴുത്തുകളും, മായിക്കലുകളുമൊക്കെ പ്രസിഡന്റും ബോര്‍ഡംഗങ്ങളും ഒപ്പിടുംമുമ്പ് അവസാനം വ്യക്തമായി നോട്ടു ചെയ്യണം. പ്രസിഡന്റും പങ്കെടുക്കുന്ന അംഗങ്ങളും മിനിറ്റ്‌സില്‍ ഒപ്പിടണം. കഴിഞ്ഞയോഗനടപടികള്‍ അടുത്തയോഗത്തില്‍ വായിച്ചു രേഖയാക്കണം. ബോര്‍ഡുയോഗങ്ങളുടെയും ഉപസമിതിയോഗങ്ങളുടെയും പൊതുയോഗത്തിന്റെയും മിനിറ്റ്‌സ് അധികൃതരുടെ പരിശോധനക്കും ഓഡിറ്റിനും നല്‍കണം. കഴിഞ്ഞസാമ്പത്തികവര്‍ഷം കമ്മറ്റിയംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സംഘംജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരില്‍ സംഘത്തിലുള്ള ബാധ്യതകളുടെ വിശദമായ പട്ടിക വേണമെന്നു വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

സംഘത്തിന്റെ ത്രൈമാസവായ്പാപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് സാക്ഷ്യപ്പെടുത്തി സമര്‍പ്പിച്ചില്ലെങ്കില്‍ ക്ലാസിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ 5000 രൂപമുതല്‍ 10000രൂപവരെ പിഴ ഈടാക്കും. 35 സി ചട്ടത്തിനുശേഷം 35സിഎ ചേര്‍ത്തിട്ടുണ്ട്. ഇതു കേരളബാങ്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പിനെയും അംഗങ്ങളുടെ ക്ലാസിഫിക്കേഷനെയും പറ്റിയാണ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് 21ല്‍ കൂടരുത്. ഇതില്‍ 15പേരെ എ ക്ലാസ് അംഗങ്ങളാണു തിരഞ്ഞെടുക്കേണ്ടത്. 14ജില്ലയിലെയും പ്രാഥമികകാര്‍ഷികവായ്പാസംഘങ്ങളുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കണം. 10പേര്‍ പൊതുവിഭാഗത്തിലും മൂന്നുപേര്‍ സ്ത്രീകളിലും ഒരാള്‍ പട്ടികജാതി-വര്‍ഗവിഭാഗത്തിലുംനിന്നായിരിക്കണം. പൊതുവിഭാഗത്തിലെ ഒരാളും വനിതാവിഭാഗത്തിലെ ഒരാളും 40വയസ്സില്‍താഴെയുള്ളയാളായിരിക്കണം. അര്‍ബന്‍സഹകരണസംഘങ്ങളില്‍നിന്നായിരിക്കണം ഒരു ഡയറക്ടര്‍. രണ്ടു സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാര്‍ വേണം. ഇവരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണവകുപ്പുസെക്രട്ടറി, സഹകരണസംഘം രജിസ്ട്രാര്‍, കേരളബാങ്ക് സിഇഒ, നബാര്‍ഡ് കേരളമേഖല ചീഫ് ജനറല്‍ മാനേജര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

ചട്ടം 54ല്‍ വരുത്തിയ മാറ്റങ്ങളില്‍ രജിസ്ട്രാറുടെ രേഖാമൂലമുള്ള മുന്‍കൂര്‍അനുമതിയോടെ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനത്തിനായി അറ്റലാഭത്തില്‍നിന്നു തുക ഭാഗികമായോ പൂര്‍ണമായോ ഭൂമി വാങ്ങല്‍, പാട്ടത്തിനെടുക്കല്‍, കെട്ടിടം നിര്‍മിക്കല്‍, നവീകരിക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി നിക്ഷേപിക്കാം എന്നു പറയുന്നുണ്ട്. പ്രവര്‍ത്തനമൂലധനത്തിന്റെ അഞ്ചുശതമാനത്തിലേറെ നിക്ഷേപിക്കരുത്. രജിസ്ട്രാര്‍ നിയോഗിക്കുന്ന സമിതിയാണു സ്ഥാവരവസ്തുവിന്റെ വാല്യുവേഷന്‍ നടത്തേണ്ടത്. സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി ജംഗമസ്വസത്തുക്കള്‍ വാങ്ങണമെങ്കില്‍ ഓരോഇനം സംഘത്തിനും എത്ര രൂപ ചെലവാക്കാമെന്നു രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശം ഇറക്കും. ഒരോമൂന്നുവര്‍ഷവും ഇത് ഇറക്കും. സംഘങ്ങളില്‍നിന്നു 10ലക്ഷംരൂപവരെ വായ്പയെടുക്കാന്‍ ഈടുനല്‍കുന്ന വസ്തുവിന്റെ മൂല്യം കണക്കാക്കേണ്ടത് രജിസ്ട്രാര്‍ നിയോഗിക്കുന്ന സമിതി ചുമതലപ്പെടുത്തുന്ന ഒന്നോ അതിലേറെയോ സൂപ്പര്‍വൈസറി കേഡറിലുള്ള ഉദ്യോഗസ്ഥരായിരിക്കും. ഇവര്‍ കമ്പോളവില നോക്കണം. കണക്കാക്കിയ വസ്തുമൂല്യത്തിന്റെ 50ശതമാനത്തിലേറെയാകരുത് വായ്പ. വായ്പ 10ലക്ഷത്തിലേറെയാണെങ്കില്‍ വസ്തുമൂല്യം നിര്‍ണയിക്കേണ്ടത് അഞ്ചംഗപാനലാണ്. ഇതില്‍ രണ്ട് ഉദ്യോഗസ്ഥര്‍ സൂപ്പര്‍വൈസറി കേഡറിലുള്ളവരായിരിക്കണം. അതിലൊരാള്‍ സംഘത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരിക്കണം. രണ്ടുപേരെ സംഘത്തിന്റെ കമ്മറ്റിക്കു നിശ്ചയിക്കാം. അഞ്ചാമത്തെതു സ്വതന്ത്രവാല്യൂവര്‍ ആയിരിക്കണം. ഇത് ഒന്നുകില്‍ റവന്യൂവകുപ്പില്‍നിന്നു ഡെപ്യൂട്ടിതഹസീല്‍ദാരുടെതില്‍ താഴെയല്ലാത്ത തസ്തികയില്‍നിന്നു വിരമിച്ചയാളാവാം. അല്ലെങ്കില്‍ സബ്‌രജിസ്ട്രാര്‍റാങ്കില്‍ താഴെയല്ലാത്ത തസ്തികയില്‍ രജിസ്‌ട്രേഷന്‍വകുപ്പില്‍നിന്നു വിരമിച്ചയാളാകാം. വസ്തുവില്‍ കെട്ടിടമുണ്ടെങ്കില്‍ പൊതുമരാമത്തുവകുപ്പിലോ തദ്ദേശസ്വയംഭരണവകുപ്പിലോനിന്ന് അസിസ്റ്റന്റ് എഞ്ചിനിയറുടെ റാങ്കില്‍ താഴെയല്ലാത്ത തസ്തികയില്‍നിന്നു വിരമിച്ച ഒരാള്‍കൂടി പാനലില്‍ വേണം. ഇവിടെയും കമ്പോളവില നോക്കണമെന്നും വായ്പ വസ്തുമൂല്യത്തിന്റെ 50ശതമാനത്തിലധികമാകരുതെന്നുമുള്ള വ്യവസ്ഥകകള്‍ക്കനുസൃതമായിവേണം പാനല്‍ മൂല്യം സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കേണ്ടത്.

സംഘങ്ങളില്‍ കോഓപ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസയോഗ്യതയുടെ പട്ടികയും ചട്ടങ്ങളിലുണ്ട്. സംഘങ്ങളുടെ നിയമാവലിയില്‍ പറയുന്നതെന്തായാലും, സമിതി രണ്ടുപേരെയോ പ്രതിനിധികളെയോ കോഓപ്റ്റ് ചെയ്യണം. ഇവര്‍ വാണിജ്യബാങ്ക്, കേരളബാങ്ക്, അര്‍ബന്‍സഹകരണബാങ്ക്, കേരളസംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്, പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്, പഴയജില്ലാസഹകരണബാങ്ക്, സര്‍വീസ് സഹകരണബാങ്ക് എന്നിവയിലൊന്നില്‍ 10വര്‍ഷം മാനേജീരിയല്‍ കേഡറില്‍ പ്രവര്‍ത്തിച്ചവരും ബിരുദധാരികളുമായിരിക്കണം. നിലവില്‍ വേതനം കൈപ്പറ്റുന്നവരുമാകാം, അല്ലാത്തവരുമാകം. രജിസ്ട്രാറുടെ അനുമതിയേടെയേ നിയമിക്കാവൂ.രജിസ്ട്രാര്‍ നോട്ടീസ് നല്‍കിയിട്ടും കോ-ഓപ്റ്റ് ചെയ്തില്ലെങ്കില്‍ രജിസ്ട്രാര്‍ക്കു നാമനിര്‍ദേശം ചെയ്യാം.കോഓപ്റ്റുചെയ്യപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരുമെല്ലാം ഒരുവര്‍ഷത്തിനകം പരിശീലനം നേടണം. പരിശീലനം സഹകരണവകുപ്പോ സംസ്ഥാനസഹകരണയൂണിയനോ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ടോ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടോ നടത്തുന്നതാവാം.ഏതെങ്കിലും സംഘത്തില്‍ ലിക്വിഡേറ്ററെ നിയമിച്ചാല്‍ അദ്ദേഹം രണ്ടുകൊല്ലത്തിനകം അടച്ചുപൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ലിക്വിഡേറ്ററുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാല്‍ ബുദ്ധിമുട്ടുകളുണ്ടായാല്‍ സര്‍ക്കാരിന്റെ അനുമതിയോടെ പരമാവധി ഒരുവര്‍ഷംകൂടി നീട്ടാം. നിലവില്‍ രണ്ടുകൊല്ലത്തിലേറെയായ ലിക്വിഡേഷന്‍ നടപടികള്‍ ഭേദഗതിനിയമം പ്രാബല്യത്തില്‍വന്ന തിയതിമുതല്‍ ഒരുകൊല്ലത്തിനകം തീര്‍ക്കണം.

മില്‍മയുടെയും മേഖലായൂണിയനുകളുടെയും വാര്‍ഷികപെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തുന്നത് അംഗീകൃതസ്ഥാപനങ്ങളായാലും വ്യക്തികളായാലും നിര്‍ദിഷ്ടയോഗ്യതകള്‍ ഉള്ളവരായിരിക്കണം. പ്രമുഖക്ഷീരവ്യവസായസ്ഥാപനത്തില്‍ സാങ്കേതിക-മാനേജ്‌മെന്റ് കേഡറില്‍ 10വര്‍ഷത്തെയെങ്കിലും പരിചയം, ഡയറിസയന്‍സ്-സാങ്കേതികവിദ്യയില്‍ ബിരുദം എന്നിവയാണു നിര്‍ദിഷ്ടയോഗ്യതകള്‍. മാനജ്‌മെന്റില്‍ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ അഭികാമ്യം. ഐഎസ്ഒ ഓഡിറ്റ് പരിചയവും അഭികാമ്യം. സാമ്പത്തികവര്‍ഷം അവസാനിച്ച് ഒരുമാസത്തിനകം ഇതിനുള്ള വിദഗ്ധരുടെയോ ഏജന്‍സികളുടെയോ പാനല്‍ അപ്പെക്‌സ് സ്ഥാപനം രജിസ്ട്രാര്‍ക്കു (ഡയറി) നല്‍കണം. കിട്ടി 60 ദിവസത്തിനകം രജിസ്ട്രാര്‍ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ വേണം. രജിസ്ട്രാര്‍ അംഗീകരിച്ചു 30ദിവസത്തിനകം മില്‍മയും മേഖലായൂണിയനും ചേര്‍ന്നു തിരഞ്ഞെടുക്കപ്പെട്ടവരെ ചുമതല ഏല്‍പിക്കണം.സര്‍ക്കിള്‍ സഹകരണയൂണിയന്‍, സംസ്ഥാനസര്‍ക്കിള്‍ സഹകരണയൂണിയന്‍, സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ്, സംസ്ഥാനസഹകരണതിരഞ്ഞെടുപ്പുകമ്മീഷന്‍ തുടങ്ങിയവയെ പരാമര്‍ശിക്കുന്ന വിവിധ വ്യവസ്ഥകളും ചട്ടങ്ങളിലുണ്ട്.

Moonamvazhi

Authorize Writer

Moonamvazhi has 107 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News